04:40pm 26 April 2025
NEWS
ദ്വൈവാരഫലങ്ങൾ: 2024 മാർച്ച് 1 മുതൽ - 15 വരെ (1200 കുംഭം 17 മുതൽ മീനം 1 വരെ)
02/03/2025  03:24 PM IST
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
ദ്വൈവാരഫലങ്ങൾ: 2024 മാർച്ച് 1 മുതൽ - 15 വരെ (1200 കുംഭം 17 മുതൽ മീനം 1 വരെ)
HIGHLIGHTS

ഗ്രഹപ്പകർച്ച

മാർച്ച് 14 ന് വൈകുന്നേരം 6 മണി 53 മിനിട്ടിന് കന്നിക്കൂറിൽ

മീനരവിസംക്രമം

മാർച്ച് 4 കുംഭഭരണി, 5 ന് ഷഷ്ഠി, 10 ന് ഏകാദശി

മാർച്ച് 9 ന് രാത്രി ഒരു മണി 41 മിനിട്ട് മുതൽ 10 ന് പകൽ ഒരു മണി 55 മിനിട്ട് വരെ ഹരിവാസരം. 11 ന് പ്രദോഷം. 13 ന് പൗർണ്ണമി

ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ

മേടക്കൂറ്:

(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )

രണ്ടിൽ വ്യാഴം, മൂന്നിൽ കുജൻ, ആറിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ശനി,  പന്ത്രണ്ടിൽ ബുധൻ, ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.

തൊഴിലിൽ നിന്ന് വരുമാനം വർദ്ധിക്കുമെങ്കിലും ചെലവുകൾ കൂടുതലാകും. പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. കച്ചവടങ്ങൾ ലാഭകരമാകും. പ്രാർത്ഥനകൾക്ക് ഫലം കാണും. സ്ഥാനക്കയറ്റം, മറ്റ് സ്ഥാനമാനങ്ങൾ ഇവ  ലഭിക്കും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കാനാകും. തർക്കവിഷയങ്ങളിൽ വിജയം നേടും. രോഗാരിഷ്ടതകൾ വിഷമം ഉണ്ടാക്കും. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ത്വക്‌രോഗം ശ്രദ്ധിക്കേണ്ടതാണ്. മനഃസ്വസ്ഥത കുറയും. അച്ഛനുമായി കലഹിക്കേണ്ടതായി വരും. നേത്രരോഗങ്ങൾക്ക് ശസ്ത്രക്രിയ വേണം എന്നുള്ളവർക്ക് അത് ചെയ്യാം.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ ധന്വന്തരി മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്

'യാ ഗൗരീ ദേഹസംഭൂതാ

വിഷ്ണുമായാജഗന്മയീ

താന്നമാമി ജഗദ്ധാത്രീം

 യോഗനിദ്രാം ശിവാത്മികാം.'

ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്:

(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ലഗ്നത്തിൽ വ്യാഴം, രണ്ടിൽ കുജൻ, അഞ്ചിൽ കേതു, പത്തിൽ ആദിത്യൻ ശനി, പതിനൊന്നിൽ ബുധൻ, ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.

വായ്പ കൊടുത്ത പണം കുറെയൊക്കെ മടക്കിക്കിട്ടും. മനസ്സിന്റെ അസ്വസ്ഥതകൾക്ക് കുറവുവരും. തൊഴിൽരംഗം മെച്ചപ്പെടും. ധനാഗമങ്ങൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. കൊടുക്കവാങ്ങലുകളിൽ ലാഭം പ്രതീക്ഷിക്കാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. വ്യവഹാരങ്ങളിൽ വിജയിക്കും. അധികാരസ്ഥാനങ്ങളിൽ നിന്ന് തടസ്സങ്ങളുണ്ടാകുമെങ്കിലും അത് മാറിക്കിട്ടും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. ബന്ധുജനസഹായം ലഭിക്കും. ആരോഗ്യം പൊതുവെ നന്നായിരിക്കും.

ദോഷപരിഹാരാർത്ഥം ഭഗവതിക്ക് ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'മൂഷികോത്തമമാരു

ഹ്യദേവാസുരമഹാഹവേ

യോദ്ധുകാമം മഹാവീര്യം

 വന്ദേഹം ഗണനായകം.'

ഈ ഗണപതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:

(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ കുജൻ, നാലിൽ കേതു, ഒൻപതിൽ ആദിത്യൻ, ശനി,  പത്തിൽ ബുധൻ, ശുക്രൻ, രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.

വീട്ടിലെ അസ്വസ്ഥതകൾക്ക് കുറവുവരും. പുതിയ വീടിനായി ശ്രമം തുടങ്ങാം. കാര്യസാദ്ധ്യങ്ങളുണ്ടാകും. പ്രാർത്ഥനകൾക്ക് ഫലം കാണും. ശരീരക്ഷീണം കൂടുതലാകും. ധനലാഭങ്ങൾ ഉണ്ടാകും. വഴിയാത്രകളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. അപവാദം കേൾക്കേണ്ടതായി വരും. കലഹങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. കച്ചവടങ്ങൾ നടക്കും. സഹോദരങ്ങളുമായി കലഹസാദ്ധ്യതകൾ ഉണ്ടെങ്കിലും, ബന്ധുജനസഹകരണം ഉണ്ടാകും.

ദോഷപരിഹാരാർത്ഥം ഭദ്രകാളീക്ഷേത്രത്തിൽ കൈവട്ടക ഗുരുതി കഴിക്കുകയും

'ധ്യേയഃ സദാസവിതൃമണ്ഡലവർത്തി

നാരായണഃ സരസിജാസന സന്നിവിഷ്ടഃ

കേയൂരവാൻ മകരകുണ്ഡലവാൻ കിരീടി

ഹാരീ ഹിരണ്മയവപുർധൃതശംഖശക്രഃ'

ഈ ആദിത്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:

(പുണർതം 4-ാം പാദം, പൂയം, ആയില്യം)

മൂന്നിൽ കേതു, അഷ്ടമത്തിൽ ആദിത്യൻ, ശനി, ഒൻപതിൽ ബുധൻ, ശുക്രൻ, രാഹു, പതിനൊന്നിൽ വ്യാഴം, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.

സഹോദരങ്ങളുമായി ബന്ധങ്ങൾ മെച്ചപ്പെടും. പാഴ്‌ച്ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം പുഷ്ടിപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചില ധനനഷ്ടങ്ങളും പ്രതീക്ഷിക്കണം. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കിടയുണ്ട്. വാതബന്ധിയായ വേദനകൾ കൂടുതലാകും. അപ്രതീക്ഷിതമായ ചില കാര്യസാദ്ധ്യങ്ങളുണ്ടാകും. ധർമ്മകാര്യപ്രവർത്തനങ്ങൾ മെച്ചപ്പെടും. ഉപാസനകൾക്ക് തടസ്സം വരും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ചില സുഖാനുഭവങ്ങൾ ഉണ്ടാകും. പണമിടപാടുകൾ സൂക്ഷിച്ചുവേണം.

ദോഷപരിഹാരാർത്ഥം ശാസ്താവിന് നീരാജനം നടത്തുകയും,

'ജയശങ്കരി വാമാക്ഷി

ജയകാമാക്ഷി സുന്ദരീ

ജയാഖിലസുരരാദ്ധ്യേ

ജയകാമേശികാമദേ.'

ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:

(മകം, പൂരം, ഉത്രം 1-ാം പാദം)

രണ്ടിൽ കേതു, ഏഴിൽ ആദിത്യൻ, ശനി, അഷ്ടമത്തിൽ  ബുധൻ, ശുക്രൻ, രാഹു, പത്തിൽ വ്യാഴം, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹനില.

അപവാദങ്ങൾ കേൾക്കേണ്ടതായി വരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. ദൂരയാത്രകൾ വേണ്ടിവരും. തൊഴിൽരംഗത്ത് ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും മെച്ചപ്പെടും. മനോദുഃഖങ്ങൾ കൂടുതലാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. പുതിയ ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ ഇവ വാങ്ങാനാകും. സ്ഥാനഷ്ടങ്ങൾ ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികളിൽ നൂനതയുണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ധനാഗമങ്ങൾ ഉണ്ടാകും. യാതൊരു ലക്ഷ്യവുമില്ലാതെ വഴിനടക്കുന്ന രീതിയുണ്ടാകും. സംസാരിക്കുമ്പോൾ വാക്കുകൾക്ക് നിയന്ത്രണം വേണം.

ദോഷപരിഹാരാർത്ഥം ശിവന് ധാരയും, കൂവളമാലയും വഴിപാട് ചെയ്യുകയും,

'മഹേശം സുരേശം സുരാരാതിനാശം

വിഭും വിശ്വനാഥം വിഭുത്വംഗഭൂഷം

വിരൂപാക്ഷമിന്ദ്വർക്കവഹ്നിത്രിനേത്രം

സദാനന്ദമീഡേ പ്രഭും പഞ്ചവക്ത്രം.'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:

(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം,

ചിത്തിര 1, 2 പാദങ്ങൾ)

ലഗ്നത്തിൽ കേതു, ആറിൽ ആദിത്യൻ, ശനി,  ബുധൻ, ശുക്രൻ, രാഹു, ഒൻപതിൽ വ്യാഴം, പത്തിൽ കുജൻ ഇതാണ് ഗ്രഹനില.

സാമ്പത്തിക നില മെച്ചപ്പെടും. വിശപ്പ് കൂടുതലാകും. എല്ലാകാര്യങ്ങളിലും ഉത്സാഹത്തോടെ ഏർപ്പെടാനാകും. സാഹസപ്രവൃത്തികളിലേർപ്പെടുന്നത് സൂക്ഷിച്ചുവേണം. സജ്ജനങ്ങളുമായി ബന്ധപ്പെടാനാകും. പുതിയ അറിവുകൾ ലഭിക്കാനിടയാകും. നല്ല വേഷാലങ്കാരങ്ങൾ ലഭ്യമാകും. ഭാര്യ/ഭർത്തൃവീട്ടിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. ഭാര്യയ്ക്ക്/ ഭർത്താവിന് കലഹവാസന കൂടുതലാകും. കലാവിദ്യകളിൽ താൽപ്പര്യം കൂടുതലായുണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല രീതിയിൽ വിജയം വരിക്കാനാകും. തൊഴിൽരംഗത്ത് അഗ്നിബാധ, യന്ത്രത്തകരാർ, കലഹം ഇവയുണ്ടാകാനിടയുണ്ട്.

ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും

'സ്‌കന്ദായ കാർത്തികേയായ

പാർവ്വതീനന്ദനായ ച

മഹാദേവകുമാരായ

സുബ്രഹ്മണ്യായ തേ നമഃ'

ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ്

(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം

1,2,3 പാദങ്ങൾ)

അഞ്ചിൽ ആദിത്യൻ, ശനി,  ആറിൽ ബുധൻ, ശുക്രൻ, രാഹു, അഷ്ടമത്തിൽ വ്യാഴം, ഒൻപതിൽ കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.

ചെലവുകൾ കൂടുതലാകും. മനഃസ്വസ്ഥത കുറയും. കാര്യങ്ങൾ ബുദ്ധിപൂർവ്വം ചെയ്യാനാകും. ഉന്നതസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാനാകും. പല പ്രകാരത്തിലുള്ള രോഗാരിഷ്ടതകൾ ഉണ്ടാകും. ആചാരാനുഷ്ഠാനങ്ങൾക്ക് കുറവ് വരും. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യുന്നതിൽ കുറവുവരും. കലഹത്തിലും വ്യവഹാരങ്ങളിലും താൽപ്പര്യം കൂടുതലാകും. കോപാധിക്യം നിയന്ത്രിക്കണം. വർത്തമാനത്തിൽ മിതത്വവും മാന്യതയും പാലിക്കണം. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ വരും. പലവിധ ക്ലേശാനുഭവങ്ങൾക്കും ഇടയുണ്ട്. മക്കൾക്ക് നല്ല കാലമല്ല. അവരെക്കുറിച്ചുള്ള ആശങ്കകൾ കൂടുതലാകും.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ രാജഗോപാലമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,

'യസ്യവിഷ്ണസ്വയം മാതായ

 സ്യസാക്ഷാത് പിതാശിവഃ

തസ്‌മൈഭൂതാധിപതയെ

ശാസ്‌ത്രേ തുഭ്യം നമോ നമഃ'

ഈ സ്‌തോത്രം നിത്യവും ജപിച്ച് ശാസ്താവിനെ ഭജിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ്

(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലിൽ ആദിത്യൻ, ശനി, അഞ്ചിൽ ബുധൻ, ശുക്രൻ, രാഹു, ഏഴിൽ വ്യാഴം, അഷ്ടമത്തിൽ കുജൻ പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.

 വീട്ടിൽ അസ്വസ്ഥതകൾ കൂടുതലാകും. പ്രതാപം വർദ്ധിക്കും. തൊഴിൽരംഗം തീരെ മോശമാകില്ല. സത്കർമ്മങ്ങൾ ചെയ്യാനവസരം ലഭിക്കും. സുഖാനുഭവങ്ങൾ ഉണ്ടാകും. പൊതുസമ്മതി വർദ്ധിക്കും. കോപം നിയന്ത്രിക്കണം. ബന്ധുക്കളുമായി യോജിപ്പില്ലാതെ വരും. ചില അവസരങ്ങളിൽ ഭീരുത്വം തോന്നും. നെഞ്ചിനകത്തുണ്ടാകുന്ന വിഷമതകൾ സൂക്ഷിക്കണം. അമ്മയുമായി കലഹമുണ്ടാവാതെ ശ്രദ്ധിക്കണം. യാത്രകൾ വേണ്ടിവരും. ഉപാസനകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഭംഗം വരും. പലതരത്തിലുള്ള വിഷമതകളും ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും.

ദോഷപരിഹാരാർത്ഥം ഗണപതിഹോമം നടത്തുകയും

'തപ്ത ചാമീകരപ്രഖ്യം

 ശക്തിബാഹും ഷഡാനനം

മയൂരവാഹനാരൂഢം

സ്‌കന്ദരൂപം ശിവം സ്മരേത്.'

ഈ സ്‌തോത്രം ജപിച്ച് സുബ്രഹ്മണ്യനെ പ്രാർത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നിൽ ആദിത്യൻ, ശനി, നാലിൽ  ബുധൻ, ശുക്രൻ, രാഹു, ആറിൽ വ്യാഴം, ഏഴിൽ കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.

ദാമ്പത്യകലഹങ്ങൾ കൂടുതലാകും. ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം വലിയ പ്രതിസന്ധിയില്ലാതെ പോകും. നാൽക്കാലി സമ്പത്തുക്കൾ വർദ്ധിക്കും. ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കളെ ജയിക്കാനാകും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. അനുചിതമായ പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിൽ രോഗാരിഷ്ടതകൾ ഉണ്ടാകും. പഠിച്ച വിഷയങ്ങളിൽ കൂടുതൽ സാമർത്ഥ്യം പ്രകടിപ്പിക്കാൻ സാധിക്കും. കീർത്തിയും പ്രശസ്തിയും ലഭിക്കും. ആഭിചാരപ്രവൃത്തികളിൽ താൽപ്പര്യമുണ്ടാകും. വീട് മോടിപിടിപ്പിക്കാൻ ശ്രമിക്കാം.

ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും

'ദുർഗ്ഗമേ ദുസ്തരേ ചൈവ

 ദുഃഖത്രയവിനാശിനീ

പൂജയാമി സദാഭക്ത്യാദുർഗ്ഗാം

 ദുർഗ്ഗേനമാമ്യഹ്യം.'

ഈ ഭഗവതിസ്‌തോത്രം ജപിച്ച് നിത്യവും പ്രാർത്ഥിക്കുകയും ചെയ്യുക

മകരക്കൂറ്:

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

രണ്ടിൽ ശനി, ആദിത്യൻ, മൂന്നിൽ  ബുധൻ, ശുക്രൻ, രാഹു, അഞ്ചിൽ വ്യാഴം, ആറിൽ കുജൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹനില.

സാമ്പത്തികരംഗം മെച്ചമല്ല. മനഃസ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ ഗൃഹനിർമ്മാണം തുടങ്ങാം. പാപകർമ്മങ്ങൾ ചെയ്യേണ്ടതായി വരും. ആദ്ധ്യാത്മിക ദർശനങ്ങളിൽ കൂടുതൽ വ്യാപൃതനാകും. കാര്യനിർവ്വഹണശക്തി വർദ്ധിക്കും. യാത്രകൾ വേണ്ടിവരും. ശൗര്യം കൂടുതലാകും. നേത്രരോഗവും മുഖത്തിന് മറ്റ് അസുഖങ്ങളും ഉണ്ടാകാനിടയുണ്ട്. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. അസത്യത്തിന് കൂട്ടുനിൽക്കേണ്ടതായി വരും. സ്ത്രീകൾ/പുരുഷന്മാർക്ക് അധീനനായി പ്രവർത്തിക്കേണ്ടതായി വരും. ഒന്നിലും താൽപ്പര്യം തോന്നുകയില്ല. വാക്‌ദോഷം ശത്രുക്കളെ ഉണ്ടാക്കാം.

ദോഷപരിഹാരാർത്ഥം സുബ്രഹ്മണ്യന് പാലഭിഷേകം നടത്തി

'ശ്രീരാഘവം ദശരഥാത്മജമപ്രമേയം

സീതാപതിം രഘുകുലാന്വയരത്‌നദീപം

ആജാനുബാഹുമരവിന്ദദളായതാക്ഷം

രാമം നിശാചര വിനാശകരം നമാമി.'

ഈ ശ്രീരാമസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:

(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ആദിത്യൻ, ശനി, രണ്ടിൽ  ബുധൻ, ശുക്രൻ. രാഹു, നാലിൽ വ്യാഴം, അഞ്ചിൽ കുജൻ, അഷ്ടമത്തിൽ കേതു ഇതാണ് ഗ്രഹനില.

 പുതിയ വീടിന്റെ പണികൾ പൂർത്തിയാക്കാൻ സാധിക്കും. മനഃസ്വസ്ഥത കുറയും. അലസതയും കോപവും കുറയ്ക്കണം. ശരീരക്ഷീണം, ശരീരവേദന ഇവയുണ്ടാകും. വാഹനങ്ങൾ വാങ്ങാം. പലവിധ അനർത്ഥങ്ങൾക്കും ഇടയുണ്ട്. പ്രസിദ്ധിയുണ്ടാകും. ചഞ്ചലബുദ്ധിയായിരിക്കും. അധർമ്മങ്ങൾക്കും സാഹസപ്രവൃത്തികൾക്കും കൂട്ടുനിൽക്കേണ്ടതായി വരും. ധനാഗമങ്ങൾ ഉണ്ടാകും. സമൂഹത്തിൽ മാന്യത ലഭ്യമാകും. സൗഭാഗ്യങ്ങൾ ഉണ്ടാകും. നിർബന്ധബുദ്ധി ദോഷം ചെയ്യും. സാഹിത്യാസ്വാദനത്തിൽ താൽപ്പര്യം ഉണ്ടാകും. നേതൃഗുണം ഉണ്ടാകും. രാജതുല്യതയുണ്ടാകും. ഗവൺമെന്റിൽ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ആയുധം കൊണ്ട് മുറിവേൽക്കാൻ ഇടയുണ്ട്.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും.

'യത്രയത്ര രഘുനാഥകീർത്തനം

യത്രയത്ര കൃത മസ്തകാഞ്ജലീം

ബാഷ്പവാരിപരിപൂർണ്ണ ലോചനം

മാരുതിം നമത രാക്ഷസാന്തകം.'

ഈ ഹനുമത്‌സ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്

(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി,

 രേവതി)

ലഗ്നത്തിൽ  ബുധൻ, ശുക്രൻ, രാഹു, മൂന്നിൽ വ്യാഴം, നാലിൽ കുജൻ, ഏഴിൽ കേതു, പന്ത്രണ്ടിൽ ആദിത്യൻ, ശനി ഇതാണ് ഗ്രഹനില.

വീട്ടിൽ സ്വസ്ഥത കുറയും. തൊഴിലിടങ്ങളിൽ കലഹത്തിനിടയുണ്ട്. ധനാഗമങ്ങൾ ഉണ്ടാകും. നേത്രരോഗം ശ്രദ്ധിക്കണം. അച്ഛനുമായി കലഹിക്കേണ്ടതായി വരും. എല്ലാകാര്യങ്ങളും ബുദ്ധിസാമർത്ഥ്യത്തോടെ ചെയ്യാനാകും. കൂടുതൽ അറിവുകൾ നേടാനുള്ള ശ്രമം വിജയിക്കും. നല്ല വാക്ചാതുര്യത്തോടെ സംസാരിക്കാനാകും. ഉദരരോഗത്തിനും സാദ്ധ്യതയുണ്ട്. സഹോദര സഹായം ലഭിക്കും. ശരീരകാന്തിയിൽ കൂടുതൽ ശ്രദ്ധയുണ്ടാകും. പാഴ്‌ച്ചെലവുകൾ നിയന്ത്രിക്കണം. എല്ലാവരേയും സംശയത്തോടെ കാണാൻ ശ്രമിക്കരുത്.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ കദളിപ്പഴ നിവേദ്യം നടത്തി ആപദുദ്ധരണമന്ത്രം കൊണ്ട് പുഷ്പാഞ്ജലി കഴിക്കുകയും,

'നമോസ്തുതേ മാധവ ശാർങ്ഗപാണേ

നമോസ്തുതേ കേശവദീനബന്ധോ

നമോസ്തുതേ ലോകപതേ മുരാരേ

നമോസ്തുതേ നാഥ ദയാപയോധേ.'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img