08:24am 29 April 2026
NEWS
ദ്വൈവാരഫലങ്ങൾ; 2025 ജനുവരി 1 മുതൽ 15 വരെ (1200 ധനു 17 മുതൽ മകരം 2 വരെ)
02/01/2025  12:32 AM IST
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
ദ്വൈവാരഫലങ്ങൾ; 2025 ജനുവരി 1 മുതൽ 15 വരെ (1200 ധനു 17 മുതൽ മകരം 2 വരെ)
HIGHLIGHTS

ഗ്രഹപ്പകർച്ച

ജനുവരി 4 ന് പകൽ 12 മണി 4 മിനിട്ടിന്

ബുധൻ ധനുരാശിയിലേയ്ക്ക് പകരും

ജനുവരി 1 ന് പരശുരാമ ജയന്തി.

ജനുവരി 5 ന് ഷഷ്ഠി. ജനുവരി 10 ന് സ്വർഗ്ഗവാതിൽ ഏകാദശി.

പുലർച്ചെ 4 മണി 52 മിനിട്ട് മുതൽ

പകൽ 3 മണി 58 മിനിട്ട് വരെ ഹരിവാസരം

ജനുവരി 11 ന് പ്രദോഷം. ജനുവരി 13 ന് പൗർണ്ണമി

ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ

മേടക്കൂറ്:

(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)

രണ്ടിൽ വ്യാഴം, നാലിൽ കുജൻ, ആറിൽ കേതു, അഷ്ടമത്തിൽ ബുധൻ, ഒൻപതിൽ ആദിത്യൻ, പതിനൊന്നിൽ ശുക്രൻ, ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.

ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ദാമ്പത്യപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. കഫത്തിന്റെ ഉപദ്രവം, ത്വക്‌രോഗം ഇവ ശ്രദ്ധിക്കണം. ചില ആപത്തുകൾക്കിടയുണ്ട്. കരാർ ജോലിക്കാർക്ക് പുതിയ കരാറുകൾ ലഭിക്കും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടുന്നത് സൂക്ഷിച്ചുവേണം. കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം നൽകേണ്ടതായി വരും. ഭാഗ്യാനുഭവങ്ങളുണ്ടാകും.  പുതിയ തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ വരും.

ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ സർപ്പസൂക്തംപുഷ്പാഞ്ജലി കഴിക്കുകയും

'പ്രാതർഭജാമിമനസാവചസാമഗമ്യം

വാചോ വിഭാന്തി നിഖിലായദനുഗ്രഹേണ

യന്നേതിനേതി വചനൈർന്നിഗമാ അവോചുഃ

തം ദേവദേവ മജമച്യുത രാഹു രഗ്യം.'

ഈ സ്‌തോത്രം ജപിച്ച് നിത്യവും രാവിലെ വിഷ്ണുഭഗവാനെ പ്രാർത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്:

(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി,

മകയിരം 1, 2 പാദങ്ങൾ)

ലഗ്നത്തിൽ വ്യാഴം, മൂന്നിൽ കുജൻ, അഞ്ചിൽ കേതു, ഏഴിൽ ബുധൻ, അഷ്ടമത്തിൽ ആദിത്യൻ,  പത്തിൽ ശുക്രൻ, ശനി, പതിനൊന്നിൽ രാഹു ഇതാണ് ഗ്രഹനില.

ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചില ധനനഷ്ടങ്ങൾക്കിടയുണ്ട്. സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. കാര്യതടസ്സങ്ങളുണ്ടാകും. മനഃസ്വസ്ഥത കുറയും. മക്കളുടെ ജോലി സാദ്ധ്യതകൾ ശരിയാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. കലഹവാസന ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. അലച്ചിലുകൾ കൂടുതലാകും. ഭൂമി കൈമാറ്റങ്ങൾ നഷ്ടത്തിലാകും. വിദ്യാർത്ഥികൾക്ക് നല്ല അവസരങ്ങൾ ഉണ്ടാകും. മംഗളകർമ്മങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടാകും.

ദോഷപരിഹാരാർത്ഥം ഭഗവതീക്ഷേത്രത്തിൽ ഐക്യമത്യസൂക്ത പുഷ്പാഞ്ജലി കഴിക്കുകയും

'ഭദ്രകാളീ നമസ്തുഭ്യം

വിദ്രാമിതാസുരേ

രുദ്രനേത്രാംങ്കി സംഭൂതേ

ഭദ്രമാതുപ്രയശ്ചമേ.'

ഈ സ്‌തോത്രം നിത്യവും ജപിച്ച് ഭഗവതിയെ പ്രാർത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:

(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര,

പുണർതം 1, 2, 3 പാദങ്ങൾ)

രണ്ടിൽ കുജൻ, നാലിൽ കേതു, ആറിൽ ബുധൻ, ഏഴിൽ ആദിത്യൻ, ഒൻപതിൽ ശുക്രൻ, ശനി, പത്തിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.

സാമ്പത്തികരംഗം മെച്ചപ്പെടും. പുതിയ തൊഴിൽസംരംഭങ്ങളിൽ വിജയിക്കും. കാര്യതടസസ്സങ്ങൾ ഉണ്ടാകും. കോപം നിയന്ത്രിക്കണം. ത്വക്കിനെ സംബന്ധിച്ചുള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. യാത്രകൾ വേണ്ടിവരും. മനോവ്യാധി കൂടുതലാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. വ്യവഹാരങ്ങളിൽ വിജയം നേടും. സംസാരത്തിൽ ലാളിത്യം പാലിക്കണം. ചില കാര്യങ്ങളിൽ പരാശ്രയം വേണ്ടിവരും. മനസ്സ് ദുശ്ചിന്തകളിലേക്ക് പോകാതെ ശ്രദ്ധിക്കണം. അതിഥികൾ കൂടുതലായി വരും. മറ്റുള്ളവരെ ക്ലേശിപ്പിക്കാതെ ശ്രദ്ധിക്കണം.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ സുദർശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'നമഃ കുടസ്ഥരൂപായൈ

 ചിദ്രൂപായൈ നമോ നമഃ

നമോ വേദാന്ത വേദ്യോയ

ഭുവനേശ്വരൈ നമോ നമഃ'

ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:

(പുണർതം 4-ാം പാദം, പൂയം, ആയില്യം)

ലഗ്നത്തിൽ കുജൻ, മൂന്നിൽ കേതു, അഞ്ചിൽ ബുധൻ, ആറിൽ ആദിത്യൻ, അഷ്ടമത്തിൽ ശുക്രൻ, ശനി, ഒൻപതിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹനില.

സഹോദരങ്ങളുമായി കലഹിക്കേണ്ടതായി വരും. ശൂരത കൂടും. സഹായികളുമായി അകന്ന് കഴിയേണ്ടതായി വരും. സ്ഥാനമാനങ്ങൾ ലഭിക്കും. നേതൃഗുണം ഉണ്ടാകും. ആരോടും പ്രതികൂലമായി പറയരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ കൂടുതൽ താൽപ്പര്യമെടുക്കരുത്. പാപകർമ്മങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരാം. തൊഴിൽരംഗം മെച്ചമല്ല. അക്ഷമ കൂടുതലാകും. അർശ്ശോരോഗം, മൂത്രാശയബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. സമ്പത്തും പ്രൗഢിയും ഉണ്ടാകും. രാജതുല്യമായ അവസ്ഥയുണ്ടാകും. സ്ഥിരബുദ്ധിയോടെ പ്രവർത്തിക്കാനാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. ഈശ്വരപൂജാ കാര്യങ്ങളിൽ താൽപ്പര്യം കൂടുതലാകും.

ദോഷപരിഹാരാർത്ഥം സുബ്രഹ്മണ്യസ്വാമിക്ക് കുമാരസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'വന്ദേ കിശോരം പാർവ്വത്യാ

അങ്കസംസ്ഥം ഗജാനനം

സ്തന്യപാനരതം

കൽപ്പദ്രുമസ്യാധോ വിനായകം.'

ഈ ഗണപതിസ്തുതി സ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:

(മകം, പൂരം, ഉത്രം 1-ാം പാദം)

രണ്ടിൽ കേതു,നാലിൽ ബുധൻ, അഞ്ചിൽ ആദിത്യൻ, ഏഴിൽ ശുക്രൻ, ശനി, അഷ്ടമത്തിൽ രാഹു, പത്തിൽ വ്യാഴം, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.

മനഃസ്വസ്ഥത കുറയും. ഏകാന്തത കൂടുതലായി ഇഷ്ടപ്പെടും. സ—നോൽപ്പാദനത്തിനായുള്ള ചികിത്സകൾക്ക് ഫലം കിട്ടാൻ താമസം വരും. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. കാര്യതടസ്സങ്ങളുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ വൈകല്യം ഉണ്ടാകും. അലസത കൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. ഗൃഹനിർമ്മാണത്തിൽ തെറ്റ് പറ്റും. ബന്ധുക്കളുമായി അകന്ന് നിൽക്കേണ്ടതായി വരും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. മംഗളകർമ്മങ്ങൾക്കിടയുണ്ട്. കൃഷികാര്യങ്ങളിൽ നിന്ന് ധനാഗമം ഉണ്ടാകും. യാത്രാക്ലേശങ്ങളുണ്ടാകും. അലസത വർദ്ധിക്കും. ഉൾഭയം കൂടുതലാകും. ആരേയും നിന്ദിച്ച് സംസാരിക്കരുത്.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'നമോസ്തു സൂര്യായ സഹസ്രഭാവനേ

നമോസ്തു വൈശ്വാനരായ ജാതവേദസേ

ത്വമേവ ചാർഘ്യം പ്രതിഗൃഹ്ണ ദേവ

ദേവാധിദേവായ നമോ നമസ്‌തേ.'

ഈ ആദിത്യസ്‌തോത്രം നിത്യവും രാവിലെ ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:

(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1, 2 പാദങ്ങൾ)

ലഗ്നത്തിൽ കേതു, മൂന്നിൽ ബുധൻ, നാലിൽ ആദിത്യൻ,  ആറിൽ ശുക്രൻ, ശനി, ഏഴിൽ രാഹു,

ഒൻപതിൽ വ്യാഴം, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹനില.

സുഖാനുഭവങ്ങൾക്ക് കുറവ് വരും. കലഹവാസന കൂടുതലാകും. വീട്ടിൽനിന്ന് മാറിനിൽക്കേണ്ട സ്ഥിതിയുണ്ടാകും.കാലിനും മോണയ്ക്കും ഉള്ള അസുഖങ്ങൾ ശ്രദ്ധിക്കണം. അധികച്ചെലവുകൾ ഉണ്ടാകും. ശത്രുജയം ഉണ്ടാകും. അഭിമാനബോധം കൂടുതലാകും. പലതരത്തിലുള്ള ക്ലേശങ്ങൾ ഉണ്ടാകും. ഭയം കൂടുതലാകും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. നേതൃപാടവം പ്രകടമാക്കാൻ പറ്റും. യാത്രകൾ വേണ്ടിവരും. പിതൃസ്വത്തുക്കളോ, പൂർവ്വികമായ മറ്റ് സ്വത്തുക്കളോ നഷ്ടപ്പെടാനിടയുണ്ട്. അധമന്മാരെ ആശ്രയിക്കേണ്ടതായി വരും. പുതിയ വീടിനുള്ള യോഗം ഉണ്ട്.

ദോഷപരിഹാരാർത്ഥം ഗണപതിഹോമം നടത്തുകയും

'ശശിനേ ചന്ദ്രദേവായ

 സോമദേവായ ചേന്ദമേ

മൃഗിണേ ളസിത ബിംബായ

 ലോകദീപായ ദീപിനേ

രോഹിണീസത്ത്വ ചിത്തായ

 കന്യാദാന പ്രദായിനേ

ശീതദീതിതി ബിംബായ

താരാനാഥായതേ നമഃ'

ഈ ചന്ദ്രസ്തുതി നിത്യവും രാവിലെ ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ്

(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം

1,2,3 പാദങ്ങൾ)

രണ്ടിൽ ബുധൻ, മൂന്നിൽ ആദിത്യൻ,  അഞ്ചിൽ ശുക്രൻ, ശനി, ആറിൽ രാഹു, അഷ്ടമത്തിൽ വ്യാഴം, പത്തിൽ കുജൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.

ചെലവുകൾ കൂടുതലാകും. നാൽക്കാലി വളർത്തലിൽ ലാഭമുണ്ടാകും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. തൊഴിൽരംഗത്ത് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. സാഹസപ്രവൃത്തികൾ ചെയ്യാനിടവരും. ഉത്സാഹം വർദ്ധിക്കും. സജ്ജനങ്ങളുടെ ആദരവ് ലഭിക്കും. ബുദ്ധിസാമർത്ഥ്യം കൊണ്ട് ധനാഗമം ഉണ്ടാകും. ഇഷ്ടമുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാകും. സാഹിത്യാസ്വാദനത്തിനവസരം ലഭിക്കും. അന്യന്മാരെ ആശ്രയിക്കേണ്ടതായി വരും. പാപകർമ്മങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരും. മദ്ധ്യസ്ഥശ്രമങ്ങൾ വിജയിക്കും. പൂജ്യത ലഭിക്കും.

ദോഷപരിഹാരാർത്ഥം വിഷ്ണുവിങ്കൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'കർപ്പൂര ഗൗരം കരുണാവതാരം

സംസാരസാരം ഭുജഗേന്ദ്രഹാരം

സദാവസന്തം ഹൃദയാരവിന്ദേ

ഭവം ഭവാനീസഹിതം നമാമി.'

ഈ ശിവസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ്

(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

ലഗ്നത്തിൽ ബുധൻ, രണ്ടിൽ ആദിത്യൻ,  നാലിൽ ശുക്രൻ, ശനി, അഞ്ചിൽ രാഹു, ഏഴിൽ വ്യാഴം, ഒൻപതിൽ കുജൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.

മനസ്വസ്ഥത കുറയും. അഗ്നിയുടെ ഉപദ്രവം സൂക്ഷിക്കണം. ഒടിവ്, ചതവ്, മുറിവ്, നെഞ്ചിനകത്തുണ്ടാകുന്ന പ്രയാസങ്ങൾ ഇവ ശ്രദ്ധിക്കണം. അമ്മയുമായി കലഹിക്കാനുള്ള സാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാനാവാതെ വരും. വിശേഷ അലങ്കാരസാധനങ്ങൾ ലഭിക്കാനിടയുണ്ട്. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ശരീരകാന്തിയും ബുദ്ധിവികാസവും ഉണ്ടാകും. കലാസ്വാദനത്തിനിടവരും. പുരാണേതിഹാസങ്ങൾ പാരായണം ചെയ്യാനും, കൂടുതലറിവ് നേടാനും ഇടയാകും. മറ്റുള്ളവർക്ക് ഉപദ്രവമായിട്ടുള്ളതൊന്നും ചെയ്യരുത്. അരുചികരമായതും അപ്രിയമായതുമായവ ഭക്ഷിക്കരുത്. ഉപാസനകൾക്ക് ഭംഗം വരും.

ദോഷപരിഹാരാർത്ഥം ശാസ്താവിന് നീരാജനം നടത്തുകയും

'ഫണാഷ്ടശതശേഖരംദ്രുത

 സുവർണ്ണപുഞ്ജപ്രദം

വാതാഭരണഭൂഷണം

 തരുണജാല താമ്രാം ശുകം

സവജ്ര വരലക്ഷണം

നവസരോജരാക്തേക്ഷണം

നമാമി ശിരസാ സുരാസുര

നമസ്‌കൃതാം വാസുകീം.'

ഈ സ്‌തോത്രം നിത്യവും രാവിലെ ജപിച്ച് സർപ്പഗണങ്ങളെ പ്രാർത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

ലഗ്നത്തിൽ ആദിത്യൻ,  മൂന്നിൽ ശുക്രൻ, ശനി നാലിൽ രാഹു, ആറിൽ വ്യാഴം, അഷ്ടമത്തിൽ കുജൻ, പത്തിൽ കേതു, പന്ത്രണ്ടിൽ ബുധൻ ഇതാണ് ഗ്രഹനില.

 തലമുടി കൊഴിഞ്ഞുപോകാനിടയുണ്ട്. ശൂരത കൂടുതലാകും. ക്ഷമയും ദയയും കുറയും. കോപം നിയന്ത്രിക്കണം. അഭിമാനക്ഷയം ഉണ്ടാകാതെ ശ്രദ്ധിക്കണം. പലവിധ രോഗാരിഷ്ടതകൾ ഉണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ആചാരാനുഷ്ഠാനങ്ങളിൽ ദുഷ്‌കർമ്മങ്ങൾക്ക് താൽപ്പര്യം കൂടുതലാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാവും. സംസാരത്തിൽ കൂടുതൽ ശ്രദ്ധിക്കണം. സുഖാനുഭവങ്ങൾക്ക് കുറവ് വരും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. തന്റെ മനസ്സിലുള്ള കാര്യങ്ങൾ പുറത്തുപറയാനാകാതെ വിഷമിക്കും.

ദോഷപരിഹാരാർത്ഥം വിഷ്ണുവിങ്കൽ ഷഡാക്ഷര സുദർശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'യ പുണൈ്യർ ദേവതാനാം സമജനി ശിവയോഃ ശ്ലാഘ്യവീരൈ്യകമത്വൽ

യന്നാമ്‌നി ശ്രൂയമാണേ

ഭിതിജ ഭടഘടാ ഭീതിഭാരം ഭജതേ.'

ഈ സുബ്രഹ്മണ്യസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക

മകരക്കൂറ്:

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം,

 അവിട്ടം 1, 2 പാദങ്ങൾ)

 രണ്ടിൽ ശുക്രൻ, ശനി, മൂന്നിൽ രാഹു, അഞ്ചിൽ വ്യാഴം, ഏഴിൽ കുജൻ, ഒൻപതിൽ കേതു, പതിനൊന്നിൽ ബുധൻ, പന്ത്രണ്ടിൽ ആദിത്യൻ ഇതാണ് ഗ്രഹനില.

ധനാഗമങ്ങൾ ഉണ്ടാകും. പലവിധ ഭാഗ്യാനുഭവങ്ങൾക്കും ഇടയുണ്ട്. മനസ്സിന് സ്വസ്ഥതയും സമാധാനവും കിട്ടും. മക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. ഭാര്യാഭർത്തൃകലഹങ്ങൾ പരിഹരിക്കപ്പെടാൻ ഇടയുണ്ട്. ഉദരവ്യാധി, നേത്രരോഗം ഇവ ശ്രദ്ധിക്കണം. നല്ല വാക്കുകൾ പറഞ്ഞ് കാര്യസാദ്ധ്യങ്ങളുണ്ടാകും. ബന്ധുജന സഹായം ലഭിക്കും. വീടിന് ചെറിയ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. ആഗ്രഹിച്ച വിവാഹങ്ങൾ നടക്കും. അലങ്കാരസാധനങ്ങൾ വാങ്ങാനാകും.

ദോഷപരിഹാരാർത്ഥം വിഷ്ണുക്ഷേത്രത്തിൽ പുരുഷസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'ആദിദേവ നമസ്തുഭ്യം

പ്രസീദ മമ ഭാസ്‌ക്കര

ദിവാകര നമസ്തുഭ്യം

പ്രഭാകര നമോസ്തുതേ.'

നിത്യവും രാവിലെ ഈ ആദിത്യസ്‌തോത്രം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കുംഭക്കൂറ്:

(അവിട്ടം 3, 4 പാദങ്ങൾ, ചതയം,

പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ശുക്രൻ, ശനി, രണ്ടിൽ രാഹു, നാലിൽ വ്യാഴം, ആറിൽ കുജൻ, അഷ്ടമത്തിൽ കേതു, പത്തിൽ ബുധൻ, പതിനൊന്നിൽ ആദിത്യൻ, ഇതാണ് ഗ്രഹനില.

അഗ്നിഭീതിയും വിഷഭീതിയും ഉണ്ടാകും. ദൂരദേശങ്ങളിൽ പോകാനിടവരും. സ്വജനങ്ങളുമായി അകന്നുനിൽക്കാനിടയുണ്ട്. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. പുതിയ വീടിനായുള്ള ശ്രമം വിജയിക്കും. ധനാഗമങ്ങൾ ഉണ്ടാകും. കലഹഭയം ഉണ്ടാകും. സ്ഥാനമാനങ്ങൾ, സ്ഥാനക്കയറ്റം ഇവ ലഭിക്കും. പ്രാർത്ഥനകൾക്ക് ഫലം കാണും. മക്കളെക്കൊണ്ട് സമാധാനം ലഭിക്കും.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിച്ച്

'നമാമി ലക്ഷ്മീം കനകോജ്വലാഭം

ഹരിപ്രിയാം ദുഃഖഭയാപ ഹന്ത്രീം

ശുഭപ്രദാം ത്രാസവിനാശശീലിം

ത്രിലോചനാം ഭക്തഹിതാം സുവർണ്ണാം.'

ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

മീനക്കൂറ്

(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)

ലഗ്നത്തിൽ രാഹു, മൂന്നിൽ വ്യാഴം, അഞ്ചിൽ കുജൻ, ഏഴിൽ കേതു, ഒൻപതിൽ ബുധൻ, പത്തിൽ ആദിത്യൻ, പന്ത്രണ്ടിൽ ശുക്രൻ, ശനി ഇതാണ് ഗ്രഹനില.

മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. സത്കർമ്മങ്ങൾ കൊണ്ട് ഫലം ലഭിക്കും. തൊഴിൽരംഗം മെച്ചപ്പെടും. വായ്പകൾ, മറ്റ് സഹായങ്ങൾ ഇവ ലഭിക്കും. മക്കളുടെ ആരോഗ്യത്തിൽ ആശങ്കയുണ്ടാകും. ശത്രുഭയം ഉണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്കാപത്തുകൾ ഉണ്ടാകാനിടയുണ്ട്. ദൂരയാത്രകൾ ഒഴിവാക്കണം. ധർമ്മാചാരങ്ങൾക്ക് മുടക്കം വരും. പ്രതിസന്ധിഘട്ടങ്ങളിൽ ആത്മധൈര്യം വർദ്ധിക്കും. കൊടുക്കൽവാങ്ങലുകളിൽ വലിയ ലാഭം പ്രതീക്ഷിക്കരുത്.

ദോഷപരിഹാരാർത്ഥം ഭഗവതീക്ഷേത്രത്തിൽ വനദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'സ ശംഖ ചക്രം സ കിരീടകുണ്ഡലം

സപീതവസ്ത്രം സരസീരുഹേക്ഷണം

സഹാരവക്ഷസ്താ ളകൗസ്തുഭശ്രീയം

നമാമി വിഷ്ണും ശിരസാ ചതുർഭുജം.'

 ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img