04:39pm 26 April 2025
NEWS
ദ്വൈവാരഫലങ്ങൾ ; 2025 ഫെബ്രുവരി 16 മുതൽ 28 വരെ (1200 കുംഭം 4 മുതൽ 16 വരെ)
17/02/2025  12:23 AM IST
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
ദ്വൈവാരഫലങ്ങൾ ; 2025 ഫെബ്രുവരി 16 മുതൽ 28 വരെ (1200 കുംഭം 4 മുതൽ 16 വരെ)
HIGHLIGHTS

ഗ്രഹപ്പകർച്ച

ഫെബ്രുവരി 27 ന് പകൽ 12 മണി 55 മിനിട്ടിന്

ബുധൻ മീനംരാശിയിലേയ്ക്ക് പകരും

ഫെബ്രുവരി 24 മുതൽ മാർച്ച് 30 വരെ ശനിമൗഢ്യം

ഫെബ്രുവരി 24 ഏകാദശി. രാവിലെ 7 മണി 51 മിനിട്ട് മുതൽ

രാത്രി 7 മണി 30 മിനിട്ടുവരെ ഹരിവാസരം.

ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ

'സ്മിത'(ഒ)

ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ

മേടക്കൂറ്:

(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )

രണ്ടിൽ വ്യാഴം, മൂന്നിൽ കുജൻ, ആറിൽ കേതു, പതിനൊന്നിൽ ആദിത്യൻ, ബുധൻ, ശനി, പന്ത്രണ്ടിൽ ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.

ചെലവുകൾ നിയന്ത്രിക്കണം. സഹോദരങ്ങളുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കാനാകും. മനഃസ്വസ്ഥത കുറയും. തൊഴിൽരംഗം മെച്ചപ്പെടും. ഉദ്യോഗാർത്ഥികൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ വരും. വിദേശത്ത് ജോലിക്കായി ശ്രമിക്കാം. പലവിധ ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. പ്രാർത്ഥനകൾക്ക് ഫലം കാണും. തർക്കവിഷയങ്ങളിൽ വിജയം നേടും. വാക്മാധുര്യം കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും. മൂത്രാശയബന്ധിയായ അസുഖങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. മംഗളകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കാനാകും.

ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,

'നമഃ സവിത്രേജഗദേക ചക്ഷുഷേ

ജഗത് പ്രസൂതി സ്ഥിതിനാശ ഹേതവേ

ത്രയീമയായ ത്രിഗുണാത്മധാരിണേ

വിരിഞ്ചിനാരായണ ശങ്കരാത്മനേ.'

ഈ സ്‌തോത്രം നിത്യവും രാവിലെ ജപിച്ച് ആദിത്യനെ പ്രാർത്ഥിക്കുകയും ചെയ്യുക.

ഇടവക്കൂറ്:

(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)

ലഗ്നത്തിൽ വ്യാഴം, രണ്ടിൽ കുജൻ,  അഞ്ചിൽ കേതു, പത്തിൽ ആദിത്യൻ, ബുധൻ, ശനി, പതിനൊന്നിൽ ശുക്രൻ, രാഹു ഇതാണ് ഗ്രഹനില.

വീട്ടിൽ സ്വസ്ഥത കുറയും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. ചില ദുഃഖാനുഭവങ്ങൾ ഉണ്ടാകും. കാര്യതടസ്സങ്ങളനുഭവപ്പെടും. ഒടിവ്, ചതവ്, മുറിവ് ഇവ പറ്റാനിടയുണ്ട്. സന്ധിവേദന ശ്രദ്ധിക്കണം. വഴിയാത്രകൾക്കിടയിൽ പലതരം വൈഷമ്യങ്ങളുണ്ടാകും. കലഹവാസന കൂടുതലാകും. അപമാനം ഏൽക്കേണ്ടതായി വരും. ബന്ധുജനങ്ങൾ വിരോധത്തിലാകും. ധർമ്മകാര്യപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഉപാസനകൾക്ക് ഭംഗം വരും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. തൊഴിൽരംഗം മെച്ചപ്പെടും.

ദോഷനിവാരാണാർത്ഥം ഗണപതിഹോമം കഴിക്കുകയും

'സർവ്വവിഘ്‌നഹരം ദേവം

സർവ്വവിഘ്‌നവിവർജ്ജിതം

സർവ്വസിദ്ധിപ്രദാതാരം

വന്ദേഹം ഗണനായകം.'

ഈ ഗണപതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മിഥുനക്കൂറ്:

(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ കുജൻ, നാലിൽ കേതു,  ഒൻപതിൽ ആദിത്യൻ, ബുധൻ, ശനി, പത്തിൽ ശുക്രൻ, രാഹു,പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.

വീട്ടിൽ സ്വസ്ഥത കുറയും. പലവിധ ആപത്തുകൾക്കും ദുഃഖാനുഭവങ്ങൾക്കും ഇടയുണ്ട്. കാര്യതടസ്സങ്ങളുണ്ടാകും. ഒടിവ്, ചതവ്, മുറിവ്, വ്രണങ്ങൾ ഇവ വരാനിടയുണ്ട്. യാത്രകൾ ക്ലേശകരമാകും. കലഹങ്ങൾ ഉണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. ബന്ധുജനങ്ങളുമായി വിരോധത്തിലാകും. ശത്രുക്കൾ മൂലം ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. മനോവിചാരം കൂടുതലാകും. ഉപാസനകൾക്ക് ഭംഗം വരും. കൊടുക്കൽ വാങ്ങലുകളിൽ വലിയ ലാഭം കിട്ടുകയില്ല. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. മംഗളകർമ്മങ്ങൾക്ക് തടസ്സം ഉണ്ടാകും. അപ്രതീക്ഷിതമായി അതിഥികൾ വന്നുചേരും.

ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ ചെത്തിപ്പൂമാല ചാർത്തി കടുംപായസം കഴിക്കുകയും,

'സുഖാനന്ദ കരിം ശാന്തം

സർവ്വദേവനമസ്‌കൃത്വം

സർവ്വഭൂതാത്മികാം ദേവീം

ശങ്കരിം പൂജയാമ്യഹം'

ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കർക്കിടകക്കൂറ്:

(പുണർതം 4-ാം പാദം, പൂയം, ആയില്യം)

 മൂന്നിൽ കേതു, അഷ്ടമത്തിൽ ആദിത്യൻ, ബുധൻ, ശനി, ഒൻപതിൽ ശുക്രൻ, രാഹു, പതിനൊന്നിൽ വ്യാഴം, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.

അധികാരസ്ഥാനങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും. വായുക്ഷോഭം, വാതബന്ധിയായ അസുഖങ്ങൾ ഇവ ശ്രദ്ധിക്കണം. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. പാഴ്‌ച്ചെലവുകൾ കൂടുതലാകും. മനഃസ്വസ്ഥത കുറയും. സ്ഥാനക്കയറ്റം ലഭിക്കും. തൊഴിൽ മെച്ചപ്പെടും. ചില സുഖാനുഭവങ്ങൾക്കും സാദ്ധ്യതയുണ്ട്. ബന്ധുജനങ്ങളുമായി മാനസികമായ അകൽച്ചയുണ്ടാകും. ദുർജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. ശൂരത കൂടുതലാകും. നേതൃഗുണം ഉണ്ടാകും. അച്ഛനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. സഹോദരങ്ങളുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാൻ സാധിക്കും.

ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ വനദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'വന്ദേ ശംഭുമുമാപതിം

സുരഗുരും വന്ദേജഗത്കാരണം

വന്ദേ പന്നഗഭൂഷണം മൃഗധരം

 വന്ദേ പശൂനാം പതിം

വന്ദേ സൂര്യശശാങ്കവഹ്നിനയനം

വന്ദേ മുകുന്ദപ്രിയം

വന്ദേ ഭക്തജനാശ്രയം ച വരദം

വന്ദേ ശിവം ശങ്കരം.'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ചിങ്ങക്കൂറ്:

(മകം, പൂരം, ഉത്രം 1-ാം പാദം)

രണ്ടിൽ കേതു, ഏഴിൽ ആദിത്യൻ, ബുധൻ, ശനി, അഷ്ടമത്തിൽ ശുക്രൻ, രാഹു, പത്തിൽ വ്യാഴം, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹനില.

മറ്റുള്ളവരെ നിന്ദിച്ചും പരിഹസിച്ചും സംസാരിക്കരുത്. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് കുറവ് ലഭിക്കും. തിരികെ കിട്ടാനുള്ള പണത്തിനുവേണ്ടി കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. സുഖകാര്യങ്ങളിൽ താൽപ്പര്യം കൂടുതലാകും. ചില ക്ലേശാനുഭവങ്ങൾക്കിടയുണ്ട്. അപവാദം കേൾക്കേണ്ടതായി വരും. വാതരോഗത്തിന്റെ ഉപദ്രവം കൂടുതലാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അവിചാരിതമായ ധനാഗമം ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. കലഹസ്വഭാവം ഉണ്ടാകും. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. ഗൃഹോപകരണങ്ങൾ, അലങ്കാര സാധനങ്ങൾ ഇവ വാങ്ങാനാകും. വിവാഹമോചനക്കേസുകൾ ഒത്തുതീർപ്പാക്കാനാകും. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും.

ദോഷനിവാരണാർത്ഥം ഭഗവതിക്ക് ദ്വാദശാക്ഷരിമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'ശിവം ശിവകരം ശാന്തം

 ശിവാത്മാനം ശിവോത്തമം

ശിവമാർഗ്ഗപ്രണേതാരം

പ്രണതോസ്മിസദാശിവം'

ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

കന്നിക്കൂറ്:

(ഉത്രം 2, 3, 4 പാദങ്ങൾ, അത്തം,

ചിത്തിര 1, 2 പാദങ്ങൾ)

ലഗ്നത്തിൽ കേതു, ആറിൽ ആദിത്യൻ, ബുധൻ, ശനി, ഏഴിൽ ശുക്രൻ, രാഹു, ഒൻപതിൽ വ്യാഴം, പത്തിൽ കുജൻ ഇതാണ് ഗ്രഹസ്ഥിതി.

ധനബന്ധിയായ പ്രതിസന്ധികൾ മാറിക്കിട്ടും. ധനലാഭൈശ്വര്യങ്ങൾ ഉണ്ടാകും. പഴകിയ രോഗങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. മനഃസ്വസ്ഥത കുറയും. വ്യവഹാരങ്ങളിൽ വിജയം വരിക്കും. സ്ഥാനക്കയറ്റം ലഭിക്കും. പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. എല്ലാകാര്യങ്ങളും സാമർത്ഥ്യത്തോടെ ചെയ്യാനാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. സ്ത്രീകൾ/ പുരുഷന്മാർ മൂലം ചില ഉപദ്രവങ്ങൾ ഉണ്ടാകും. ആരോഗ്യം പൊതുവെ തൃപ്തികരമായിരിക്കും. തൊഴിൽരംഗത്ത് കലഹങ്ങൾ ഉണ്ടാകാനിടയുണ്ട്. തൊഴിൽ സ്ഥലത്ത് അഗ്നിയുടെ ഉപദ്രവത്തിനും സാദ്ധ്യതയുണ്ട്. ത്വക്‌രോഗം ശ്രദ്ധിക്കണം.

ദോഷനിവാരണാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ മഞ്ഞൾപ്പൊടി ചാർത്തി പാൽപ്പായസ നിവേദ്യം നടത്തുകയും

'നമസ്ത ശരണ്യേ ശിവേ സാനുകമ്പേ

നമസ്‌തേ ജഗദ്‌വ്യാപികേ വിശ്വരൂപ

നമസ്‌തേ ജഗദ്വന്ദ്യ പാദാരവിന്ദേ

നമസ്‌തേ സദാ പാഹിമാം ഭദ്രകാളീം'

ഈ ദേവീസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

തുലാക്കൂറ്

(ചിത്തിര 3,4 പാദങ്ങൾ, ചോതി,

വിശാഖം 1,2,3 പാദങ്ങൾ)

അഞ്ചിൽ ആദിത്യൻ, ബുധൻ, ശനി, ആറിൽ ശുക്രൻ, രാഹു, അഷ്ടമത്തിൽ വ്യാഴം, ഒൻപതിൽ കുജൻ,  പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.

മക്കൾ അടുത്തില്ലാത്തതിന്റെ വിഷമതകൾ കൂടുതലാകും. ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. മനഃസ്വസ്ഥത കുറയും. മനോവ്യാധി കൂടുതലാകും. പലവിധ ദുഃഖാനുഭവങ്ങളും ഉണ്ടാകും. കാൽനടയാത്രകൾ കൂടുതലായി വേണ്ടിവരും. മുൻകോപം നിയന്ത്രിക്കണം. പല പ്രകാരേണ ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും, പാഴ്‌ചെലവുകൾ കൂടുതലായുണ്ടാകും. രോഗാരിഷ്ടതകൾ കൂടുതലാകും. അർശ്ശോരോഗം ശ്രദ്ധിക്കണം. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പ്രായോഗികബുദ്ധി പ്രയോജനപ്പെടാതെ വരും.

ദോഷനിവാരണാർത്ഥം വിഷ്ണുക്ഷേത്രത്തിൽ കദളിപ്പഴം നിവേദിച്ച്, ആപദുദ്ധാരണമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,

'അതുലിത ബലധാമം സ്വർണ്ണശൈലാഭദേഹം

ദനുജവനകൃശാനും ജ്ഞാനിനാമഗ്രഹണ്യം

സകലഗുണനിധാനം വാനരാണാമധീശം

രഘുപതിവരദൂതം വാതജാതം നമാമി.'

ഈ ഹനുമദ്‌സ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

വൃശ്ചികക്കൂറ്

(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)

നാലിൽ ആദിത്യൻ, ബുധൻ, ശനി, അഞ്ചിൽ ശുക്രൻ, രാഹു, ഏഴിൽ വ്യാഴം, അഷ്ടമത്തിൽ കുജൻ,  പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.

സുഖാനുഭവങ്ങൾക്ക് കുറവുവരും. രണ്ടാമത് ഒരു വീടുകൂടി ഉണ്ടാകാനുള്ള യോഗമുണ്ട്. പൂർവ്വികധനത്തിന് നാശം വരും. രോഗാരിഷ്ടതകൾ ശ്രദ്ധിക്കണം. വായുക്ഷോഭം കൂടുതലാകും. ധർമ്മാചാരങ്ങൾക്ക് കുറവുവരും. ബന്ധുജനങ്ങളുമായി അകലേണ്ടതായി വരും. കണക്ക് പ്രധാന വിഷയമെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് നല്ല പ്രതീക്ഷയ്ക്ക് വകയുണ്ട്. ധനാഗമങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. ഔദാര്യാദി ഗുണങ്ങൾ കൂടുതലായിട്ടുണ്ടാകും. മക്കൾ നല്ല നിലയിലെത്തും.

ദോഷനിവാരണാർത്ഥം ഭഗവതിക്ക് ജയദുർഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും

'രാമായ രാമഭദ്രായ

രാമചന്ദ്രായ മേധസേ

രഘുനാഥായ നാഥായ

സീതായാ പതയേ നമഃ'

ഈ ശ്രീരാമസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)

മൂന്നിൽ ആദിത്യൻ, ബുധൻ, ശനി, നാലിൽ ശുക്രൻ, രാഹു, ആറിൽ വ്യാഴം, ഏഴിൽ കുജൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.

പലവിധ ഐശ്വര്യാനുഭവങ്ങളും ഉണ്ടാകും. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. നാൽക്കാലികൾ ലാഭകരമാകും. അനുചിതമായ പ്രവൃത്തികൾ ചെയ്യേണ്ടതായി വരും. കലഹസ്വഭാവം കൂടുതലാകും. ദാമ്പത്യകലഹങ്ങൾക്കും സാദ്ധ്യതയുണ്ട്. തൊഴിൽരംഗം കുറച്ച് മെച്ചപ്പെടും. കഴുത്തിന് മുകളിലുള്ള അംഗങ്ങൾക്ക് രോഗാരിഷ്ടതകളുണ്ടാകും. ശൗര്യം കൂടുതലാകും. യാത്രകൾ വേണ്ടിവരും. മാന്ത്രികകർമ്മങ്ങളിൽ കൂടുതൽ താൽപ്പര്യം ഉണ്ടാകും. മക്കളെക്കുറിച്ചുള്ള ആശങ്കകൾ കൂടുതലാകും. വാഹനങ്ങൾ വാങ്ങാൻ നല്ല സമയമാണ്.

ദോഷനിവാരണാർത്ഥം വിഷ്ണുക്ഷേത്രത്തിൽ മഹാസുദർശനമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും

'സച്ചിദാനന്ദ രൂപായ

വിശ്വോൽപ്പത്യാദി ഹേതവേ

താപത്രയ വിനാശായ

ശ്രീകൃഷ്ണായ വയം നമ.'

ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മകരക്കൂറ്:

(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

രണ്ടിൽ ആദിത്യൻ, ബുധൻ, ശനി, മൂന്നിൽ ശുക്രൻ, രാഹു, അഞ്ചിൽ വ്യാഴം, ആറിൽ കുജൻ,  ഒൻപതിൽ കേതു ഇതാണ് ഗ്രഹനില.

ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ധനനഷ്ടങ്ങൾ കരുതിയിരിക്കണം. ശത്രുക്കൾക്ക് സഹായം ചെയ്യാനവസരം വരും. കണ്ണ്, മൂക്ക്, വായ, പല്ല്, നാവ്, ചെവി ഈ അംഗങ്ങളിൽ രോഗസാദ്ധ്യതകളുണ്ട്. മറ്റുള്ളവരാൽ അപഹരിക്കപ്പെട്ട ധനമോ സാധനങ്ങളോ വന്നുചേരാനിടയുണ്ട്. അതുമൂലം കലഹങ്ങളും മറ്റും ഉണ്ടാകാനിടയുണ്ട്. കീർത്തി വർദ്ധിക്കും. വിശപ്പ് കൂടുതലാകും. മുറിവ്, വ്രണം ഇവയുണ്ടാകാനിടയുണ്ട്. നല്ല വാക്‌സാമർത്ഥ്യം ഉണ്ടാകും. കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ ചെയ്യാനാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടും. സാഹിത്യാസ്വാദനങ്ങൾക്കവസരം ലഭിക്കും.

ദോഷനിവാരണാർത്ഥം സുബ്രഹ്മണ്യസ്വാമിക്ക് പാലഭിഷേകവും പാൽപ്പായസ നിവേദ്യവും നടത്തുകയും

'ഷഡാനനം കുങ്കുമ രക്തവർണ്ണം

മഹാമതിം ദിവ്യമയൂരവാഹം

രുദ്രസ്യസൂനും സുരസൈന്യനാഥം

ഗുഹം സദാഹം ശരണം പ്രപദ്യേ.'

ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

 

കുംഭക്കൂറ്:

(അവിട്ടം 3, 4 പാദങ്ങൾ, ചഃയം,

 പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)

ലഗ്നത്തിൽ ആദിത്യൻ, ബുധൻ, ശനി, രണ്ടിൽ ശുക്രൻ, രാഹു, നാലിൽ വ്യാഴം, അഞ്ചിൽ കുജൻ,  അഷ്ടമത്തിൽ കേതു ഇതാണ് ഗ്രഹനില.

രോമങ്ങൾ കൂടുതലായി കൊഴിഞ്ഞുപോകാനിടയുണ്ട്. മുൻകോപം, ശൂരത ഇവ നിയന്ത്രിക്കണം. അക്ഷമ കൂടുതലാകും. മനഃസ്വസ്ഥത കുറയും. പല പ്രകാരത്തിലുളള്ള അനർത്ഥങ്ങൾക്കിടയുണ്ട്. ചഞ്ചല ബുദ്ധിയായിരിക്കും. അധർമ്മങ്ങൾക്ക് കൂട്ടുനിൽക്കേണ്ടതായി വരും. സാഹസപ്രവർത്തികളിലേർപ്പെടരുത്. ആരോഗ്യം പൊതുവെ നന്നായിരിക്കും. മക്കളുമായി കലഹിക്കേണ്ടതായി വരും. കലാസ്വാദനങ്ങൾക്ക് അവസരം ലഭിക്കും. വാക്ചാതുര്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. വീഴാതെ ശ്രദ്ധിക്കണം. തൊഴിൽരംഗം മെച്ചപ്പെടും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ടതായി വരും. പുതിയ വീടിന് യോഗമുണ്ട്.

ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ദുർഗ്ഗാസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും

'കലാധരാം കലാരൂപാം

 കാലചണ്ഡസ്വരൂപിണീം

കാമദാം കരുണാ ധാരാ

കാമിനീം പൂജയാമ്യഹം.'

ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

മീനക്കൂറ്

(പൂരുരുട്ടാതി 4-ാം പാദം,

ഉതൃട്ടാതി, രേവതി)

ലഗ്നത്തിൽ ശുക്രൻ, രാഹു, മൂന്നിൽ വ്യാഴം, നാലിൽ കുജൻ,  ഏഴിൽ കേതു, പന്ത്രണ്ടിൽ ആദിത്യൻ ബുധൻ ശനി ഇതാണ് ഗ്രഹനില.

പ്രാർത്ഥനകൾക്ക് ഫലം കുറയും. സൽക്കർമ്മങ്ങൾക്ക് ഭംഗം വരും. വീട്ടിൽ സ്വസ്ഥത കുറയും. മനസ്സിന് അസ്വസ്ഥതകൾ കൂടുതലാകും. കാര്യതടസ്സങ്ങൾ ഉണ്ടാകും. പനി, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. മുറിവിൽ നിന്ന് കൂടുതൽ രക്തം പോകാനിടയുണ്ട്. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. അപവാദം കേൾക്കേണ്ടതായി വരും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം മെച്ചമല്ല. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണം. ദൂരയാത്രകൾ ഒഴിവാക്കണം.

ദോഷനിവാരണാർത്ഥം ഗണപതിഹോമവും, ഭഗവതിക്ക് ദ്വാദശാക്ഷരമന്ത്ര പുഷ്പാഞ്ജലിയും കഴിച്ച്,

'ഉല്ലംഘ്യ സിന്ധോഃ സലിലം സലീലം

യഃ ശോകവഹ്നിം ജനകാത്മജായാഃ

ആദായ തേനൈവ ദദാഹലങ്കാം

നമാമി തം പ്രാതജ്ഞലിരാജ്ഞനേയം.'

ഈ ഹനുമത്‌സ്‌തോത്രം ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img