ഗ്രഹപ്പകർച്ച
സെപ്റ്റംബർ 17 പൗർണ്ണമി
സെപ്തംബർ 28 ഏകാദശിവ്രതം
രാവിലെ 8 മണി 28 മിനിട്ട് മുതൽ രാത്രി 9 മണി 22 മിനിട്ട് വരെ ഹരിവാസരം
വെട്ടിക്കോട്ടും, പാതിരാക്കുന്നത്തും, പാമ്പുംമേയ്ക്കാട്ടും ആയില്യം പ്രധാനം
സെപ്തംബർ 29 പ്രദോഷവ്രതം
സെപ്റ്റംബർ 18 ന് പകൽ ഒരു മണി 59 മിനിട്ടിന്
ശുക്രൻ തുലാം രാശിയിലേയ്ക്ക് പകരും.
സെപ്തംബർ 23 ന് പകൽ 10 മണി 13 മിനിട്ടിന്
ബുധൻ കന്നിരാശിയിലേക്ക് പകരും
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം )
രണ്ടിൽ വ്യാഴം, മൂന്നിൽ കുജൻ, അഞ്ചിൽ ബുധൻ, ആറിൽ ആദിത്യൻ, ശുക്രൻ, കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
പുതിയ വീട്ടിലേക്ക് താമസിയാതെ മാറാൻ സാധിക്കും. ചെലവുകൾ കൂടുതലാകും. സഹോദരങ്ങളുമായി കലഹത്തിനിടയുണ്ട്. തൊഴിൽരംഗത്ത് നിന്ന് വരുമാനം വർദ്ധിക്കും. വീട്ടിൽ കലഹങ്ങൾക്കിടയുണ്ട്. ത്വക്ക്‌രോഗം, തലമുടി പൊഴിയുക തുടങ്ങിയവ ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കാനിടയാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. കമ്പനികൾ മാറി ജോലിക്ക് ശ്രമിക്കാം. വിവാഹാലോചനകൾ ഫലപ്രദമാകും. ഇലക്‌ട്രോണിക് സാധനങ്ങൾക്ക് കേടുപറ്റാനിടയുണ്ട്.
ദോഷനിവാരണാർത്ഥം വിഷ്ണുവിങ്കൽ കദളിപ്പഴ നിവേദ്യം നടത്തുകയും.
'യാമ്യാം ദിശം ഭജതി കിംമ്പുരുഷാഖ്യവർഷേ
സം സേവിതോ ഹനുമതാ ദൃഢഭക്തി ഭാജാ
സീതാഭിരാമ
പരമാദ്ഭൂത രൂപശാലി
രാമാത്മകഃ പരിലസൻ
പരിപാഹി വിഷ്‌ണോ!'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്:
(കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ലഗ്നത്തിൽ വ്യാഴം, രണ്ടിൽ കുജൻ, നാലിൽ ബുധൻ, അഞ്ചിൽ ആദിത്യൻ, ശുക്രൻ, കേതു, പത്തിൽ ശനി, പതിനൊന്നിൽ രാഹു ഇതാണ് ഗ്രഹനില.
പുതിയ വീട് വയ്ക്കാനുള്ള സമയമാണ്. ചെലവുകൾ കൂടുതലാകും. പണത്തെ സംബന്ധിച്ച് കലഹങ്ങൾക്കിടയുണ്ട്. ഭൂമി കൈമാറ്റങ്ങൾ നടക്കും. യന്ത്രങ്ങളുടെ വിൽപ്പനയും നടക്കും. ഗവൺമെന്റ് ഓഫീസുകളിൽ നിന്ന് കാര്യതടസ്സങ്ങളുണ്ടാകും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ശ്രദ്ധിക്കണം. മനോവിചാരങ്ങൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വീട്ടിൽ കലഹങ്ങൾ ഉണ്ടാകും. ചഞ്ചലബുദ്ധിയായിരിക്കും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. അവിചാരിതമായ ധനാഗമങ്ങൾ ഉണ്ടാകും. മൂത്രാശയ ബന്ധിയായ രോഗങ്ങൾ ശ്രദ്ധിക്കണം.
ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ ഭാഗ്യസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'പ്രാതർന്നമാമി
ലളിതാചരണാരവിന്ദം
ഭക്തേഷ്ടദാനനിരതം
ഭവസിന്ധുപോതം
പത്മാസനാദി
സുരനായകപൂജീയം
പത്മാങ്കുശദ്ധ്വജ
സുദർശനലാഞ്ഛനാഢ്യം.'
ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മിഥുനക്കൂറ്:
(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ കുജൻ, മൂന്നിൽ ബുധൻ, നാലിൽ ആദിത്യൻ, ശുക്രൻ, കേതു, ഒൻപതിൽ ശനി, പത്തിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.
വീട്ടിൽ സ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. പലവിധ ദുഃഖാനുഭവങ്ങൾക്കും ഇടയുണ്ട്. ശരീരക്ഷീണം കൂടുതലാകും. ധനലാഭങ്ങളുണ്ടാകാം. കുടുംബജനങ്ങൾക്കും, ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. ഗൃഹനിർമ്മാണത്തിനായുള്ള തടസ്സങ്ങൾ മാറിക്കിട്ടും. പ്രാർത്ഥനകൾക്ക് ഫലം കുറയും. വഴിയാത്രകൾക്കിടയിൽ വൈഷമ്യങ്ങളുണ്ടാകും. ബന്ധുജനസഹകരണം ലഭിക്കും. ചില ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും. പിതൃജനങ്ങളുടെ രോഗാരിഷ്ടതകൾ ബുദ്ധിമുട്ടുണ്ടാക്കും. ഏകാഗ്രത കുറയും. ധർമ്മകാര്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരും.
ദോഷനിവാരണാർത്ഥം വിഷ്ണുക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം നടത്തുകയും
'ശ്രീനാരായണ സഹഭാരതഖണ്ഡ മുഖൈ്യ
സ്ത്വം സാംഖ്യയോഗനുതിഭിഃ സമുപാസ്യമാനഃ
ആ കൽപകാല മിഹസാധുജനാഭിരക്ഷീഃ
നാരായണോ നരസഖഃ പരിപാഹിഭ്രമൻ.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:
(പുണർതം 4-ാം പാദം, പൂയം, ആയില്യം)
രണ്ടിൽ ബുധൻ, മൂന്നിൽ ആദിത്യൻ, ശുക്രൻ, കേതു, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പതിനൊന്നിൽ വ്യാഴം, പന്ത്രണ്ടിൽ കുജൻ ഇതാണ് ഗ്രഹനില.
ചെലവുകൾ കൂടുതലാകുമെങ്കിലും ധനാഭിവൃദ്ധിയുണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ചില അനർത്ഥങ്ങൾക്കിടയുണ്ട്. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. അഭീഷ്ടകാര്യസാധ്യങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് അപ്രതീക്ഷിതമായ സഹായം ലഭിക്കും. നൂതന വസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ ഇവ ലഭിക്കും. ബന്ധുജനങ്ങൾ അകന്നുപോകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. സ്വർണ്ണത്തെ സംബന്ധിച്ചോ, പണത്തെ സംബന്ധിച്ചോ കലഹങ്ങൾക്കിടയുണ്ട്. പൊതുവെ ആരോഗ്യം മെച്ചപ്പെടുമെങ്കിലും ജലബന്ധിയായും വാതബന്ധിയായുമുള്ള രോഗങ്ങൾ ശ്രദ്ധിക്കണം.
ദോഷനിവാരണാർത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും
'സ്‌കന്ദായ കാർത്തികേയായ പാർവ്വതിനന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായ തേ നമഃ'
ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ചിങ്ങക്കൂറ്:
(മകം, പൂരം, ഉത്രം 1-ാം പാദം)
ലഗ്നത്തിൽ ബുധൻ, രണ്ടിൽ ആദിത്യൻ, ശുക്രൻ, കേതു, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, പത്തിൽ വ്യാഴം, പതിനൊന്നിൽ കുജൻ ഇതാണ് ഗ്രഹനില.
സഹായികളിൽ നിന്ന് അപവാദങ്ങൾ കേൾക്കാനിടയുണ്ട്. ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. സ്ഥാനചലനങ്ങൾക്കും, സ്ഥാനനഷ്ടങ്ങൾക്കും സാധ്യതകളുണ്ട്. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. വാക്‌ദോഷംമൂലം കലഹങ്ങളും ധനനഷ്ടങ്ങളുമുണ്ടാകും. ആജ്ഞാസ്വരം നിയന്ത്രിക്കണം. നേത്രരോഗം, ത്വക്‌ദോഷം ഇവ ശ്രദ്ധിക്കണം. ദാമ്പത്യകലഹങ്ങൽക്കും സാദ്ധ്യതയുണ്ട്. ഭക്ഷണത്തിൽ കൂടിയോ, വെള്ളത്തിൽ കൂടിയോ വിഷദോഷമുണ്ടാകാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. തൊഴിൽ സ്ഥാപനങ്ങൾ ലാഭകരമാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. ദൂരെ ദേശങ്ങളിൽ ജോലിക്കായി ശ്രമിക്കാം.
ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ ഐകമത്യ സൂക്ത പുഷ്പാഞ്ജലി കഴിക്കുകയും
'ശരശ്ചന്ദ്രഗാത്രം
ഗുണാനന്ദപാത്രം
ത്രിനേത്രം പവിത്രം
ധനേശസ്യമിത്ര
അപർണ്ണാകളത്രം
ചരിത്രം വിചിത്രം
ശിവം ശങ്കരം ശർവ്വമീശാനമീഡേ.'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:
(ഉത്രം 2, 3, 4 പാദങ്ങൾ അത്തം, ചിത്തിര 1, 2 പാദങ്ങൾ)
ലഗ്നത്തിൽ ആദിത്യൻ, ശുക്രൻ, കേതു, ആറിൽ ശനി, ഏഴിൽ രാഹു, ഒൻപതിൽ വ്യാഴം, പത്തിൽ കുജൻ, പന്ത്രണ്ടിൽ ബുധൻ ഇതാണ് ഗ്രഹനില.
ഭാഗ്യാനുഭവങ്ങൾക്കുള്ള തടസ്സങ്ങൾ മാറിക്കിട്ടും. വഴിയാത്രകൾ വേണ്ടിവരും. ധനനഷ്ടങ്ങൾ പ്രതീക്ഷിക്കണം. കൊടുക്കൽവാങ്ങലുകളിൽ മെച്ചം കിട്ടും. തൊഴിൽസ്ഥലത്തും ഭൂമി സംബന്ധിച്ചും കലഹങ്ങൾക്കിടയുണ്ട്. ധനലാഭങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരാം. പലവിധ രോഗാരിഷ്ടതകളും ഉണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലം വരും. വിദ്യാർത്ഥികൾക്കും നല്ല അവസരങ്ങളുണ്ടാകും. വിവാഹാലോചനകൾക്ക് തടസ്സം വരും. പുതിയ വീടിനായുള്ള ശ്രമം തുടങ്ങാം. മന്ത്രോപാസനകൾക്ക് ശരിയായ ഗുരുവിനെ ലഭിക്കും.
ദോഷനിവാരണാർത്ഥം ശിവന് ധാര കഴിക്കുകയും
'ഗജവക്ത്രം സുരശ്രേഷ്ഠം കർണ്ണചാമര ഭൂഷിതം
പാശാങ്കുശധരം ദേവം വന്ദേഹം ഗണനായകം.'
ഈ ഗണപതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ്
(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
അഞ്ചിൽ ശനി, ആറിൽ രാഹു, അഷ്ടമത്തിൽ വ്യാഴം, ഒൻപതിൽ കുജൻ, പതിനൊന്നിൽ ബുധൻ, പന്ത്രണ്ടിൽ ആദിത്യൻ, ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. മക്കൾ അടുത്തില്ലാത്തതിന്റെ പ്രയാസങ്ങൾ കൂടുതലാകും. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾ മന്ദഗതിയിലാകും. വഴിപാടുകൾക്ക് ഫലം കുറയും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബന്ധനാവസ്ഥവരെയുണ്ടാകാം. ശത്രുക്കളെക്കൊണ്ടും രോഗാരിഷ്ടതകളെക്കൊണ്ടും പ്രയാസപ്പെടും. കാര്യതടസ്സങ്ങളുണ്ടാകും. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങൾ വലുതാകാതെ ശ്രദ്ധിക്കണം. അസമയത്തെ യാത്രകൾ, ദീർഘദൂരയാത്രകൾ, വാക്ക്തർക്കങ്ങൾ ഇവ ഒഴിവാക്കണം. കടം കൊടുത്ത പണം തിരികെ കിട്ടാൻ താമസം വരും.
ദോഷനിവാരണാർത്ഥം ഗണപതിഹോമം നടത്തുകയും,
'പ്ലാക്ഷേ ള ർക്കരൂപമയീ ശാല്മന ഇന്ദുരൂപം
ദ്വീപേ ഭജന്തി കുശ നാമിനി വഹ്നിരൂപം
ക്രൗഞ്ചേ ള ംബുരൂപമഥ വായുമയം ച ശാകേ
ത്വം ബ്രഹ്മരൂപമപിപുഷ്‌ക്കര നാമ്‌നിലോകാഃ'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്
(വിശാഖം 4-ാം പാദം,
അനിഴം, തൃക്കേട്ട)
നാലിൽ ശനി, അഞ്ചിൽ രാഹു, ഏഴിൽ വ്യാഴം, അഷ്ടമത്തിൽ കുജൻ, പത്തിൽ ബുധൻ, പതിനൊന്നിൽ ആദിത്യൻ, ശുക്രൻ, കേതു ഇതാണ് ഗ്രഹനില.
മന:സ്വസ്ഥത കുറയും. വീടിന്റെ കേടുപാടുകൾ തീർക്കാം. അടുക്കള പുതുക്കി പ്പണിയാം. സ്ഥാനക്കയറ്റം ലഭിക്കും. കാര്യതടസ്സങ്ങൾ മാറും. സ്ഥാനക്കയറ്റം ലഭിക്കും. സൽക്കർമ്മങ്ങൾക്ക് ഫലപ്രാപ്തിയുണ്ടാകും. വീഴ്ച, ഒടിവ്, ചതവ്, മുറിവ്, വ്രണങ്ങൾ ഇവ സൂക്ഷിക്കണം. മാനക്ഷയത്തിനിടയുണ്ട്. പുതിയ വാഹനങ്ങൾ വാങ്ങാം. ധനലാഭങ്ങൾ ഉണ്ടാകും. വീട്ടിൽ എല്ലാവർക്കും സൗഖ്യം ഉണ്ടാകും. പ്രായോഗികബുദ്ധികൊണ്ടും വാക്ചാതുര്യം കൊണ്ടും പല കാര്യങ്ങളും നേടാനാകും. എല്ലാവരോടും വിരോധഭാവമായിരിക്കും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങും.
ദോഷനിവാരണാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും,
'നമോ ജീമൂത വർണ്ണായ നമസ്‌തേ വിശ്വതോ മുഖ!
അച്യുതായ നമസ്തുഭ്യം നമസ്തശേഷശായിനേ.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം
1-ാം പാദം)
മൂന്നിൽ ശനി, നാലിൽ രാഹു, ആറിൽ വ്യാഴം, ഏഴിൽ കുജൻ, ഒൻപതിൽ ബുധൻ, പത്തിൽ ആദിത്യൻ, ശുക്രൻ, കേതു ഇതാണ് ഗ്രഹനില.
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ചെലവുകൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ കലഹങ്ങൾക്കും, പങ്കുകാരോ ജോലിക്കാരോ വിട്ടുപോകാനും ഇടയുണ്ട്. അപമാനം ഏൽക്കേണ്ടതായി വരും. ഒന്നിലും സന്തോഷം തോന്നുകയില്ല. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. ഭാര്യ/ഭർത്തൃകലഹങ്ങൾ കൂടുതലാകും. നേത്രരോഗം, ഉദരവ്യാധി ഇവ സൂക്ഷിക്കണം. വഴിപാടുകൾക്ക് ഫലം കാണും. ഉദ്യോഗാർത്ഥികൾക്ക് നല്ല വാർത്ത കേൾക്കാം. അന്യദേശങ്ങളിൽ തൊഴിൽ തേടുന്നവർക്കും നല്ല അവസരങ്ങളുണ്ടാകും.
ദോഷനിവാരണാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ മഞ്ഞൾപ്പൊടി ചാർത്തി, സർപ്പസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'സ്വകിങ്കരാ വേദന
ശങ്കിതോ യമഃ
ത്വദം ഘ്രിഭക്തേഷു
നഗമൃതാമിതി
സ്വകീയ ശിഷ്യനശിശിക്ഷദുച്ചകൈഃ
സദേവ വാതാലയ നാഥ! പാഹിമാം'
ഈ വിഷ്ണുസ്തുതി നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:
(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ ശനി, മൂന്നിൽ രാഹു, അഞ്ചിൽ വ്യാഴം, ആറിൽ കുജൻ, അഷ്ടമത്തിൽ ബുധൻ, ഒൻപതിൽ ആദിത്യൻ, ശുക്രൻ, കേതു ഇതാണ് ഗ്രഹനില.
ചെലവുകൾ കൂടുതലാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. ധനാഭിവൃദ്ധിയുണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. സഹോദരങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. ശത്രുക്കൾ അകന്നുപോകും. മക്കൾക്ക് സൗഖ്യവും സന്തോഷവും ഉണ്ടാകും. മനസ്സന്തോഷം ഉണ്ടാകും. അലങ്കാര സാധനങ്ങൾ വാങ്ങാനാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. വാതബന്ധിയായ വേദനകൾ ശ്രദ്ധിക്കണം. നാൽക്കാലികളെക്കൊണ്ട് മെച്ചം ലഭിക്കും. സന്താനോൽപ്പാദന ചികിത്സകൾ ഫലപ്രദമാകും. ധർമ്മകാര്യങ്ങളിലേർപ്പെട്ട് പ്രവർത്തിക്കാനാകും. ശരീരത്തിന് ബലക്കുറവ് തോന്നും.
ദോഷനിവാരണാർത്ഥം വിദ്യാർത്ഥികൾ ഭഗവതിക്ഷേത്രത്തിൽ ശ്രീവിദ്യാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും, മറ്റുള്ളവർ വിഷ്ണുക്ഷേത്രത്തിൽ സുദർശനം(മാലാമന്ത്രം) പുഷ്പാഞ്ജലി കഴിക്കുകയും
'നാരദാദി പരിസേവിതം ദുനുജവൈരിണം കമലജാപതിം
ക്ഷീരസാഗരശയാനമാദിപുരുഷം സ്മരാഹ്യഹമഹർന്നിശം.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:
(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, നാലിൽ വ്യാഴം, അഞ്ചിൽ കുജൻ, ഏഴിൽ ബുധൻ, അഷ്ടമത്തിൽ ആദിത്യൻ, ശുക്രൻ, കേതു ഇതാണ് ഗ്രഹനില.
ബന്ധുജനങ്ങളുടെ ശത്രുത കൂടുതലാകും. പണത്തെ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നല്ല വണ്ണം ഉണ്ടാകും. മന:സ്വസ്ഥത കുറയുമെങ്കിലും എല്ലാം ഈശ്വരാർപ്പിതമെന്ന് കരുതി സമാധാനിക്കും. മനസ്സ് പ്രക്ഷുബ്ധമായിരിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ധർമ്മകാര്യപ്രവർത്തനങ്ങളിൽ കൂടുതലിടപെടാനാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. മക്കൾക്ക് സൗഖ്യം ഉണ്ടാകുമെങ്കിലും അവരുടെ ആരോഗ്യത്തിൽ ഉത്കണ്ഠയുണ്ടാകും. ഉപാസനകൾക്ക് ഭംഗം വരും. ചഞ്ചലമനസ്സായിരിക്കും. പുതിയ വീടിന് യോഗമുണ്ട്. കലഹിച്ച് അകന്ന് കഴിയുന്ന ഭാര്യാഭർത്താക്കന്മാർക്ക് യോജിക്കാനാകും.
ദോഷനിവാരണാർത്ഥം ഭഗവതിക്ഷേത്രത്തിൽ വനദുർഗ്ഗാമന്ത്രപുഷ്പാഞ്ജലി കഴിക്കുകയും,
'ലലാടചത്വര ജ്വലൽ ധനഞ്ജയസ്ഫുലിംഗഭാ
വിപീത പഞ്ചസായകം നമന്നലിസനായകം
സുധാമയൂഖ ലേഖയാ വിരാജമാനശേഖരം
മഹാകപാലി സമ്പദേ ശിരോ ജടാലമസ്തു ന.'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്
(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ രാഹു, മൂന്നിൽ വ്യാഴം, നാലിൽ കുജൻ, ആറിൽ ബുധൻ, ഏഴിൽ ആദിത്യൻ, ശുക്രൻ, കേതു പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.
വീട്ടിൽ സ്വസ്ഥത കുറയും. കലഹങ്ങൾ കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. തൊഴിൽരംഗത്തും കലഹങ്ങളുണ്ടാകും. യന്ത്രങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഇവ കേടുപറ്റാനിടയുണ്ട്. അഗ്നിബാധയും ശ്രദ്ധിക്കണം. പണച്ചെലവുകൾ കൂടുതലാകും. വിവാഹമോചനക്കേസുകൾ ഒത്തുതീരുന്നതിനായി ശ്രമിക്കണം. അയൽക്കാരുമായുള്ള ബന്ധങ്ങൾ പിരിയാതെ ശ്രദ്ധിക്കണം. പുനർവിവാഹാലോചനകൾ വിജയിക്കും. ഗൃഹനിർമ്മാണത്തിനിടയിലും കലഹങ്ങൾക്കും അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്.
ദോഷനിവാണാർത്ഥം ഗണപതിഹോമവും, ഭഗവതിക്ക് ത്രിപുരസുന്ദരീ മന്ത്രപുഷ്പാഞ്ജലിയും കഴിച്ച്
'ത്വൽ സേവനേന ദിതിരിദ്രവധോദ്യതാപി
താൻ പ്രത്യുതേദ്ര സുഹൃദോമരുതോ ള ഭിലേഭേ
ദുഷ്ടാശയേ ള പി ശുഭദൈവ ഭവനിഷേവാ
തത്താദൃശ സ്ത്വമേവ മാം പവനാലയേശ!'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ 'സ്മിത'(ഒ) ചേന്ദമംഗലം പി.ഒ, 683512 വ. പറവൂർ