
ഗ്രഹപ്പകർച്ച
ജൂലൈ 16 ന് പകൽ 11 മണി 21 മിനിട്ടിന് തുലാക്കൂറിൽ കർക്കിടക രവിസംക്രമം
ജൂലൈ 19 ന് രാത്രി 8 മണി 49 മിനിട്ടിന് ബുധൻ കർക്കിടകം രാശിയിലേക്കും
31 ന് പകൽ 2 മണി 35 മിനിട്ടിന് ശുക്രൻ ചിങ്ങം രാശിയിലേക്കും പകരും
ജൂലൈ 17 ന് ഏകാദശിവ്രതം.
പകൽ 2 മണി 56 മിനിട്ട് മുതൽ, രാത്രി 3 മണി ഒരു മിനിട്ടുവരെ ഹരിവാസരം
ജൂലൈ 19 ന് പ്രദോഷവ്രതം
ജൂലൈ 21 ഗുരുപൂർണ്ണിമ, ജൂലൈ 31 ന് ഏകാദശിവ്രതം,
പകൽ 10 മണി 10 മിനിട്ട് മുതൽ രാത്രി 9 മണി 53 മിനിട്ട് വരെ ഹരിവാസരം
മേടക്കൂറ്:
(അശ്വതി, ഭരണി, കാർത്തിക 1-ാം പാദം)
രണ്ടിൽ കുജൻ, വ്യാഴം, നാലിൽ ആദിത്യൻ, ബുധൻ, ശുക്രൻ, ആറിൽ കേതു, പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ഗവൺമെന്റ് ഓഫീസുകളിൽ നിന്നും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാകും. കള്ളന്മാരുടേയും അഗ്നിയുടേയും ഉപദ്രവം ഉണ്ടാകും. മനോവിചാരങ്ങൾ കൂടുതലാകും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സംസാരത്തിൽ പക്വതയും മിതത്വവും പാലിക്കണം. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. ബന്ധുജനസഹായം ലഭിക്കും. സന്താനോൽപ്പാദനത്തിനുള്ള ചികിത്സകൾക്ക് ഫലം കാണും. വീഴാനുള്ള സാധ്യതകളുണ്ട്. തൊഴിൽരംഗത്ത് നിന്നുള്ള വരുമാനം വർദ്ധിക്കും.
ദോഷനിവാരണാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ കദളിപ്പഴവും പാൽപ്പായസവും നിവേദിക്കുകയും,
'കാർത്ത്യായനി മഹാമായേ ഖഡ്ഗബാണധനുർദ്ധരി
ഖഡ്ഗധാരിണി ചണ്ഡി ശ്രീദുർഗ്ഗാദേവി നമോസ്തുതേ.'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ഇടവക്കൂറ്:
(കാർത്തിക 2, 3, 4 പാദങ്ങൾ,
രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കുജൻ, വ്യാഴം, മൂന്നിൽ ആദിത്യൻ, ബുധൻ, ശുക്രൻ, അഞ്ചിൽ കേതു, പത്തിൽ ശനി, പതിനൊന്നിൽ രാഹു ഇതാണ് ഗ്രഹനില.
തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. മനഃസ്വസ്ഥത കുറയും. ഹൃദയബന്ധിയായ അസുഖമുള്ളവർ ശ്രദ്ധിക്കണം. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. സ്ഥാനക്കയറ്റവും ആദരവും ലഭിക്കും. കലഹങ്ങളുണ്ടാവാനിടയുണ്ട്. പ്രായോഗിക ബുദ്ധി പ്രകടിപ്പിക്കാൻ പറ്റുകയില്ല. ശത്രുക്കൾ ശക്തി പ്രാപിക്കും. ശരീരക്ഷീണം കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. ഭൂമിയുടെ കച്ചവടം നടക്കും. കുത്സിത മാർഗ്ഗത്തിലൂടെ ധനനഷ്ടം ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ശാന്തിദുർഗ്ഗാമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും
'നമഃ സ്‌ത്രൈലോക്യജനനീ നമസ്‌ത്രൈലോക്യപാവനീ
ബ്രഹ്മാദയോ നമന്തേത്വം ജഗദാനന്ദദായിനീ'
ഈ ദേവിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക..
മിഥുനക്കൂറ്:
(മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
രണ്ടിൽ ആദിത്യൻ, ബുധൻ, ശുക്രൻ, നാലിൽ കേതു, ഒൻപതിൽ ശനി, പത്തിൽ രാഹു, പന്ത്രണ്ടിൽ കുജൻ, വ്യാഴം ഇതാണ് ഗ്രഹനില.
വീട്ടിൽ സ്വസ്ഥത കുറയും. ധനനഷ്ടങ്ങൾക്കിടയുണ്ട്. അന്യന്മാരിൽ നിന്ന് ചതിവ് പറ്റാൻ സാദ്ധ്യതയുണ്ട്. നേത്രരോഗം പ്രത്യേകം ശ്രദ്ധിക്കണം. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾക്കും ഇടയുണ്ട്. ശസ്ത്രക്രിയകൾ ഒഴിവാക്കണം. അനാവശ്യ ചെലവുകൾ കൂടുതലാകും. വാക്‌ദോഷം പ്രത്യേകം ശ്രദ്ധിക്കണം. സംസാരത്തിൽ മാന്യത പുലർത്തണം. ബന്ധുജനങ്ങളുമായി കലഹത്തിനിടയുണ്ട്. കഠിനമായ ദുഃഖാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചമല്ലെങ്കിലും, അവിചാരിതമായ ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. അലങ്കാരസാധനങ്ങൾ വാങ്ങാനാകും.
ദോഷപരിഹാരാർത്ഥം ഗണപതിഹോമം കഴിക്കുകയും,
'യസ്യ ദ്വിരഭവക്ത്രാദ്വാഃ പാരിഷദ്വാഃ പരശ്ശതം
വിഘ്‌നം നിഘ്‌നന്തി സതതം വിഷക്‌സേനം തമാശ്രയേ.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കർക്കിടകക്കൂറ്:
(പുണർതം 4-ാം പാദം, പൂയം, ആയില്യം)
ലഗ്നത്തിൽ ആദിത്യൻ, ബുധൻ, ശുക്രൻ, മൂന്നിൽ കേതു, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പതിനൊന്നിൽ കുജൻ, വ്യാഴം ഇതാണ് ഗ്രഹനില.
വീട്ടിൽ സ്വസ്ഥത കുറയും. ധനനഷ്ടങ്ങൾക്കിടയുണ്ട്. കലഹംമൂലം ബന്ധുജനങ്ങളുമായി അകലേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. വാതരോഗം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ധനപരമായി ചതിവ് പറ്റാനിടയുണ്ട്. ഗവൺമെന്റ് സ്ഥാപനങ്ങളിൽ നിന്നും മറ്റും ബുദ്ധിമുട്ടുകൾ ഉണ്ടാകും. വഴിയാത്രകൾ കൂടുതലായി വേണ്ടിവരും. ജന്തുക്കളുടെ ഉപദ്രവം ഏൽക്കാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാം. മരണതുല്യമായ ചില അനുഭവങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായി കലഹങ്ങൾക്കിടയുണ്ട്.
ദോഷപരിഹാരാർത്ഥം ശിവങ്കൽ മൃത്യുഞ്ജയമന്ത്ര പുഷ്പാഞ്ജലി കഴിക്കുകയും,
'പശൂനാംപതിം
പാപനാശപരേശം
ഗജേന്ദ്രസ്യകൃത്തിം
വസാനം വരേണ്യം
ജടാജ്ജൂടമദ്ധ്യേ
സ്ഫുരൽ ഗാംഗവാരിം
മഹാദേവമേകം
സ്മരാമി സ്മരാരിം.'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക..
ചിങ്ങക്കൂറ്:
(മകം, പൂരം, ഉത്രം 1-ാം പാദം)
രണ്ടിൽ കേതു, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, പത്തിൽ കുജൻ, വ്യാഴം, പന്ത്രണ്ടിൽ ആദിത്യൻ, ബുധൻ ശുക്രൻ ഇതാണ് ഗ്രഹനില.
വഴിപാടുകൾക്ക് ഫലം കുറയും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കണം. ചെലവുകൾ കൂടുതലാകും. വാക്‌ദോഷം മൂലം കലഹങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചമല്ല. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്. ചെയ്യുന്ന പ്രവൃത്തികളിൽ തെറ്റുപറ്റാനിടയുണ്ട്. ഇതിനാൽ സൂക്ഷ്മത പുലർത്തണം. വിശേഷപ്പെട്ട അന്നപാനസാധനങ്ങൾ ലഭ്യമാകും. നൂതനവസ്ത്രങ്ങൾ വാങ്ങാൻ യോഗമുണ്ട്. നാൽക്കാലി വളർത്തൽ ലാഭകരമാകും. കാല് വേദന, നടുവുവേദന തുടങ്ങിയവ ശ്രദ്ധിക്കണം. വീഴാനുള്ള സാദ്ധ്യതയുണ്ട്.
ദോഷപരിഹാരാർത്ഥം ഭഗവതിക്ഷേത്രത്തിൽ ശ്രീസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും,
'ഓം നമഃ പ്രണവാർത്ഥായ ശുദ്ധജ്ഞാനൈക മൂർത്തയെ
നിർമ്മലായ പ്രശാന്തായ ദക്ഷിണാമൂർത്തയേ നമഃ'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കന്നിക്കൂറ്:
(ഉത്രം 2, 3, 4 പാദങ്ങൾ അത്തം,
ചിത്തിര 1, 2 പാദങ്ങൾ)
ലഗ്നത്തിൽ കേതു, ആറിൽ ശനി, ഏഴിൽ രാഹു, ഒൻപതിൽ കുജൻ, വ്യാഴം, പതിനൊന്നിൽ ആദിത്യൻ, ബുധൻ ശുക്രൻ ഇതാണ് ഗ്രഹനില.
കലഹവാസനകൂടുതലാകും. എരിവുരസം കുറയ്ക്കണം. കാല്, കണ്ണ്, പല്ല്, നാവ്, വായ എന്നീ അംഗങ്ങളിലെ രോഗങ്ങൾ ശ്രദ്ധിക്കണം. സ്വതന്ത്ര മനോഭാവം ആയിരിക്കും. വിവാഹാലോചനകൾക്ക് മുടക്കം വരും. കാര്യസാദ്ധ്യങ്ങളുണ്ടാവും. പഴകിയ രോഗങ്ങൾക്ക് ശമനം കണ്ടുതുടങ്ങും. പുതിയ ബന്ധുജനങ്ങളുണ്ടാകും. മക്കളെക്കൊണ്ട് സമ്മിശ്രഫലമായിരിക്കും. വന്ധ്യതാ ചികിത്സകൾക്ക് ഫലം കാണും. മനസ്സന്തോഷം ലഭിക്കുന്ന കാര്യങ്ങളുണ്ടാകും. ചില ധനനഷ്ടങ്ങൾക്കിടയുണ്ടെങ്കിലും, നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോകാനാകും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.
ദോഷപരിഹാരാർത്ഥം ശിവങ്കൽ ധാര കഴിക്കുകയും,
'വാരണാസീ പുരപതേ മണികർണ്ണികേശ
വീരേശ ദക്ഷമഖകാലവിഭോഗഗണേശ
സർവ്വജ്ഞ സർവ്വഹൃദയൈക നിവാസനാഥ
സംസാരദുഃഖ ഗഹനാജ്ജഗദീശ രക്ഷ.'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
തുലാക്കൂറ്
(ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
അഞ്ചിൽ ശനി, ആറിൽ രാഹു, അഷ്ടമത്തിൽ കുജൻ, വ്യാഴം, പത്തിൽ ആദിത്യൻ, ബുധൻ, ശുക്രൻ, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
കർമ്മരംഗം മെച്ചപ്പെടും. തർക്കവിഷയങ്ങളിൽ വിജയം നേടും. ഗവൺമെന്റിൽ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. മനഃസ്വസ്ഥത കുറയും. മക്കളെക്കൊണ്ടുള്ള ആധി കൂടുതലാകും. ഒടിവ്, ചതവ്, മുറിവ്, വ്രണങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ധനലാഭൈശ്യങ്ങളുണ്ടാകും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ചില ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. കൂടുതൽ യാത്രകൾ വേണ്ടിവരും. വഴിയിൽ തടഞ്ഞുനിർത്തുക തുടങ്ങിയ ബന്ധനാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. കലഹങ്ങൾ ഉണ്ടാകും. മാനക്ഷയം, അപമാനം തുടങ്ങിയവയ്ക്കും സാദ്ധ്യതകളുണ്ട്.
ദോഷപരിഹാരാർത്ഥം ശാസ്താവിന് നീരാജനം കഴിക്കുകയും,
'അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈകരൂപരൂപായ വിഷ്ണവേ സർവ്വജിഷ്ണവേ.'
ഈ ശിവസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
വൃശ്ചികക്കൂറ്
(വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
നാലിൽ ശനി, അഞ്ചിൽ രാഹു, ഏഴിൽ കുജൻ, വ്യാഴം, ഒൻപതിൽ ആദിത്യൻ, ബുധൻ, ശുക്രൻ, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.
വീട്ടിലും മനസ്സിലും അസ്വസ്ഥതകൾ കൂടുതലാകും. എല്ലാവരോടും കലഹമനോഭാവമായിരിക്കും. ദമ്പതികൾ വേർപിരിഞ്ഞിരിക്കാനുള്ള സാദ്ധ്യതകളുണ്ട്. ധനലാഭങ്ങളുണ്ടാകും. കാര്യസാദ്ധ്യങ്ങളുണ്ടാകും. എല്ലാകാര്യത്തിലും സാമർത്ഥ്യത്തോടെ ഇടപെട്ട് വിജയിപ്പിക്കാനാകും. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും പ്രകടമാക്കും. വാതരോഗങ്ങൾ, ഞരമ്പുരോഗങ്ങൾ ഇവ ശ്രദ്ധിക്കണം. പല വിധത്തിലുള്ള ആപത്തുകൾക്കും ഇടയുണ്ട്. മനസ്സിലുള്ള ചില പഴയ സംഭവങ്ങളുടെ കാരണങ്ങൾ തിരുത്തേണ്ടതായി വരും. കർമ്മരംഗത്തുനിന്നും ഭാഗ്യാനുഭവങ്ങളുണ്ടാകും.
ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ നൂറും പാലും കഴിക്കുകയും,
'രണദ്ധ്വംസകേ മഞ്ജുളേത്യന്തശോണേ
മനോഹാരിലാവണ്യപിയൂഷ പൂർണ്ണേ
മനഃഷ്ടപദോ മേ ഭവക്ലേക തപ്തഃ
സദാമോദതാം സ്‌കന്ദ തേ പാദപത്മേ.'
ഈ സുബ്രഹ്മണ്യസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
മൂന്നിൽ ശനി, നാലിൽ രാഹു, ആറിൽ കുജൻ, വ്യാഴം, അഷ്ടമത്തിൽ ആദിത്യൻ, ബുധൻ, ശുക്രൻ, പത്തിൽ കേതു ഇതാണ് ഗ്രഹനില.
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. കർമ്മരംഗം സമ്മിശ്രമായിരിക്കും. കാര്യതടസ്സങ്ങളുണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. സ്ത്രീകൾ/പുരുഷന്മാരുമായി കലഹങ്ങൾക്കിടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ചെലവുകൾ കൂടുതലാകും. മനസ്സന്തോഷം ലഭിക്കും. എല്ലാത്തിലും സംശയം മുന്നിട്ടുനിൽക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ആരോഗ്യം പൊതുവെ മെച്ചമാകും. നാൽക്കാലിവളർത്തലും അവയുടെ കച്ചവടവും ലാഭത്തിലാകും. കടങ്ങൾ കുറച്ചൊക്കെ തീർക്കാനാകും. മറ്റ് കച്ചവടങ്ങൾക്കൊക്കെ മന്ദതയുണ്ടാകും. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും.
ദോഷപരിഹാരാർത്ഥം സർപ്പാരാധനാകേന്ദ്രത്തിൽ സർപ്പസൂക്തം പുഷ്പാഞ്ജലി കഴിക്കുകയും
'യസ്യസ്മരണാമാത്രേണ ജന്മസംസാരബന്ധനാൽ
വിമുച്യതേ നമസ്തസ്‌മൈ വിഷ്ണവേ പ്രദവിഷ്ണവേ.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മകരക്കൂറ്:
(ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
രണ്ടിൽ ശനി, മൂന്നിൽ രാഹു, അഞ്ചിൽ കുജൻ, വ്യാഴം, ഏഴിൽ ആദിത്യൻ, ബുധൻ, ശുക്രൻ, ഒൻപതിൽ കേതു ഇതാണ് ഗ്രഹസ്ഥിതി.
ധനാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരത്തിന് ചടവും, അലസതയും ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. പുതിയ വീടിനായി ശ്രമിക്കാം. നൂതനവസ്ത്രങ്ങൾ ലഭിക്കാനിടയുണ്ട്. കലഹങ്ങളുണ്ടാകും. സംസാരത്തിൽ മിതത്വം പാലിക്കണം. ഉപാസനകൾക്ക് തടസ്സങ്ങളുണ്ടാകും. മക്കൾക്ക് തുല്യരായവരുടെ രോഗാരിഷ്ടതകളിൽ ആശങ്കയുണ്ടാകും. തൊഴിൽരംഗം തീരെ മോശമാകില്ല. സഹോദരങ്ങളുടെ പെരുമാറ്റത്തിൽ വിഷമങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും.കലാകാരന്മാരെ മികച്ച അവസരങ്ങൾ തേടിയെത്തും.
ദോഷപരിഹാരാർത്ഥം ഭദ്രകാളിക്ക് കുരുതിപുഷ്പാഞ്ജലി കഴിക്കുകയും
'അംബാശൂലധനുഃ കുശാംകുശധരീ
അർദ്ധേന്ദുബിംബാധരീ
വാരാഹീ മധുകൈടഭപ്രശമനീ
വാണിരമാസേവിതാ
വല്ലാഭ്യാസ്മര മൂകദൈത്യദമനീ
മഹേശ്വരീ അംബികാ
ചിദ്രൂപീ പരദേവതാ ഭഗവതീ
ശ്രീരാജരാജേശ്വരീ'
ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
കുംഭക്കൂറ്:
(അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങൾ)
ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, നാലിൽ കുജൻ, വ്യാഴം, ആറിൽ ആദിത്യൻ, ബുധൻ, ശുക്രൻ, അഷ്ടമത്തിൽ കേതു ഇതാണ് ഗ്രഹനില.
പലവിധത്തിലുള്ള രോഗാരിഷ്ടതകളും ദുഃഖാനുഭവങ്ങളും ഉണ്ടാകാനിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവ തരണം ചെയ്യാനാകും. ധനലാഭങ്ങൾ ഉണ്ടാകും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. പനി, അർശ്ശോരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. കലഹഭയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ബന്ധുജനങ്ങൾക്കും ദുഃഖാനുഭവങ്ങളുണ്ടാകും. ഉപാസനകൾക്ക് മുടക്കം വരും. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് വിഷമത്തിലാഴ്ത്തും. ബന്ധുജനങ്ങളിൽ ചിലർ ശത്രുക്കളായി മാറും. ധനനഷ്ടങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം.
ദോഷപരിഹാരാർത്ഥം ശിവങ്കൽ പഞ്ചാക്ഷര മന്ത്രപുഷ്പാഞ്ജലി കഴിക്കുകയും
'വൃഷ്ണീനാം കുലസംഭൂതേ വിഷ്ണുനാഥ സഹോദരീ
വൃഷ്ണീ രൂപധരേ ധന്യേദുർഗ്ഗാദേവി നമോസ്തുതേ.'
ഈ ഭഗവതിസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
മീനക്കൂറ്
(പൂരുരുട്ടാതി 4-ാം പാദം, ഉതൃട്ടാതി, രേവതി)
ലഗ്നത്തിൽ രാഹു, മൂന്നിൽ കുജൻ, വ്യാഴം, അഞ്ചിൽ ആദിത്യൻ, ബുധൻ, ശുക്രൻ ഏഴിൽ കേതു പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.
കാര്യതടസ്സങ്ങളുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മനഃസ്വസ്ഥത കുറയും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടവും അധികച്ചെലവും വരും. ബന്ധുജനങ്ങൾക്ക് ആപത്തുകൾ ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായും മറ്റും കലഹിക്കേണ്ടതായി വരും. രോഗാരിഷ്ടതകൾ ഉണ്ടാകും. തൊഴിൽരംഗം അത്ര മെച്ചമല്ല. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. വഴിവിട്ടുള്ള പണച്ചെലവുകൾ നിയന്ത്രിക്കണം. മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.
ദോഷപരിഹാരാർത്ഥം ഗണപതിക്ക് നെയ്‌വിളക്ക് കത്തിച്ച് നാളീകേരം ഉടയ്ക്കുകയും
'നമസ്സമസ്തഭൂതാനാമാദിഭൂതാ യഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണമേപ്രഭ വിഷ്ണവേ.'
ഈ വിഷ്ണുസ്‌തോത്രം നിത്യവും ജപിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക.
ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
'സ്മിത'(ഒ)
ചേന്ദമംഗലം പി.ഒ, 683512
വ. പറവൂർ