
ദോഹ: 2026 ഫോർമുല 1® ഖത്തർ ഗ്രാൻഡ് പ്രിക്‌സിനോടനുബന്ധിച്ച് പുതിയ ട്രാവൽ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ് ഹോളിഡേയ്‌സ്. ആദ്യമായാണ് വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ താമസത്തിനുമൊപ്പം മൂന്ന് ദിവസത്തെ ഫോർമുല 1 മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ കൂടി ഉൾപ്പെടുത്തിയുള്ള സ്റ്റോപ്പ് ഓവർ പാക്കേജുകൾ അവതരിപ്പിക്കുന്നത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഖത്തറിലിറങ്ങി ഫോർമുല 1 മത്സരങ്ങളുടെ ആവേശം നേരിട്ട് അനുഭവിച്ചറിഞ്ഞ് യാത്ര തുടരാൻ ഈ പാക്കേജ് അവസരമൊരുക്കുന്നു.
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലെ പ്രധാന ട്രാക്ക് കാഴ്ചകൾ കാണാൻ സാധിക്കുന്ന T16 ഗ്രാന്റ് സ്റ്റാൻഡ് ടിക്കറ്റുകളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രീമിയം, ലക്ഷ്വറി, പ്രീമിയം ബീച്ച് എന്നിങ്ങനെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന വിഭാഗങ്ങളിലായി പാക്കേജ് ലഭ്യമാണ്.24 മണിക്കൂർ ഹോട്ടൽ ചെക്ക്-ഇൻ, ദോഹ നഗര കാഴ്ചകൾ കാണാനുള്ള അവസരം, ബീച്ച് ക്ലബ്ബ് പ്രവേശനം എന്നിവയും ലഭ്യമാകും.2026 നവംബർ 27 നും 29 നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പാക്കേജ് തിരഞ്ഞെടുക്കാൻ സാധിക്കുക.പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് അവിഓസ് (Avios), ക്യുപോയിന്റുകൾ (Qpoints) എന്നിവ നേടാനും ക്യാഷ് + അവിഓസ് ഉപയോഗിച്ച് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ലഭ്യതയ്‌ക്ക് വിധേയമായി ഈ മാസാവസാനത്തോടെ ഖത്തർ എയർവേസ് ഹോളിഡേയ്‌സ് വഴി പാക്കേജുകൾ ബുക്ക് ചെയ്തു തുടങ്ങാം. കൂടുതൽ വിവരങ്ങൾക്ക് [qatarairways.com/stopover](https://qatarairways.com/stopover), [qatarairways.com/f1](https://qatarairways.com/f1) എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.










