02:50am 01 May 2026
NEWS
മുൻഅധോലോക നായകൻ മുത്തപ്പ റായുടെ മകനുനേരെ വെടിയുയർത്ത സംഭവം: സഹായി അറസ്റ്റിൽ
25/04/2025  11:48 AM IST
വിഷ്ണുമംഗലം കുമാർ
മുൻഅധോലോക നായകൻ മുത്തപ്പ റായുടെ മകനുനേരെ വെടിയുയർത്ത സംഭവം: സഹായി അറസ്റ്റിൽ

 ബംഗളുരു: കർണാടകത്തിലെ അധോലോകം ഏറെക്കാലം നിയന്ത്രിച്ചിരുന്നത് മുത്തപ്പ റായ് ആയിരുന്നു. പിന്നീട് അദ്ദേഹം അധോലോക പ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. എന്നാൽ ആ പാർട്ടിക്ക് കാര്യമായ സ്വാധീനമൊന്നും ഉണ്ടാക്കാനായില്ല. ക്യാൻസർ ബാധിതനായ മുത്തപ്പ റായ് 2020 ൽ മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെ സാമ്രാജ്യം ശിഥിലമായി എന്നുപറയാം. അമേരിക്കയിലായിരുന്ന മകൻ റിക്കി മുത്തപ്പ ഈയ്യിടെ ബംഗളുരുവിൽ എത്തിയിരുന്നു. ഏപ്രിൽ 19 ന് രാവിലെ ബിഡദിയിലെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുറത്തുവെച്ച് റിക്കിയുടെ കാറിന് നേരെ വെടിയുണ്ടകൾ ചീറിവന്നു. തൊട്ടടുത്തുള്ള ലേ ഔട്ടിന്റെ കോമ്പൗണ്ട് വാളിന് പിന്നിൽ ഒളിഞ്ഞിരുന്നാണ് അജ്ഞാതൻ വെടിയുതിർത്തത്. കാറിൽ ഡ്രൈവറെ കൂടാതെ റിക്കിയുടെ ബോഡി ഗാർഡുമുണ്ടായിരുന്നു. ഭാഗ്യംകൊണ്ടാണ് റിക്കി രക്ഷപ്പെട്ടത്. മുത്തപ്പ റായുടെ സ്വത്തിന്റെ പേരിൽ അയാളുടെ രണ്ടാംഭാര്യ അനുരാധയും റിക്കിയും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ അനുരാധയും സഹായികളുമാണെന്നാണ് സംശയിക്കപ്പെട്ടത്. അനുരാധ, ഇപ്പോൾ അവരുടെ കൂടെ നിൽക്കുന്ന മുത്തപ്പ റായിയുടെ മുൻസഹായി രാകേഷ് മല്ലി, ബിസിനസ്സുകാരൻ നിടേഷ് ഷെട്ടി , അയാളുടെ സുഹൃത്ത് വൈദ്യനാഥൻ എന്നിവരെ പ്രതിയാക്കി റിക്കിയുടെ ഡ്രൈവർ ബസവരാജ് പോലീസിൽ പരാതി നൽകി. പോലീസ് അവരെ അറസ്റ്റുചെയ്ത് വിശദമായി ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. അവർ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു. വിശദമായ അന്വേഷണത്തിൽ വിട്ടൽ മോനപ്പ എന്നയാളാണ് വെടിവെച്ചതെന്ന് പോലീസ് കണ്ടെത്തി. മുത്തപ്പ റായ് ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്ന ആളാണ് കുടക് സ്വദേശിയായ മോനപ്പ. മുത്തപ്പ റായുടെ മരണശേഷം റിക്കിയുടെ ബിഡദി എസ്റ്റേറ്റിൽ ഗേറ്റ് കീപ്പറായി ജോലി ചെയ്തു വരികയായിരുന്നു.വീടുവെക്കാൻ പ്ലോട്ട് നൽകാത്തതിൽ  അസ്വസ്ഥനായിരുന്നെന്നും ആ ദേഷ്യത്തിൽ വെടിയുതിർത്തതാണെന്നും റിക്കിയെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് അയാൾ പോലീസിനോട് പറഞ്ഞത്. അയാളുടെ പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img