03:34pm 02 September 2026
NEWS
​മനുഷ്യവിസർജ്യങ്ങൾ കോരുന്ന ദുരവസ്ഥ തുടരുന്നത് ദേശീയ ലജ്ജ: മുൻ സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷു ധുലിയ


02/09/2026  08:48 AM IST
സുരേഷ് വണ്ടന്നൂർ
​മനുഷ്യവിസർജ്യങ്ങൾ കോരുന്ന ദുരവസ്ഥ തുടരുന്നത് ദേശീയ ലജ്ജ: മുൻ സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷു ധുലിയ

ന്യൂഡൽഹി: നിയമപരമായ നിരോധനങ്ങളും കോടതിയുടെ നിരന്തര ഇടപെടലുകളും ഉണ്ടായിട്ടും ഇന്ത്യയിൽ മാനുവൽ സ്കാവെഞ്ചിംഗ് (മനുഷ്യവിസർജ്യങ്ങൾ കൈകൊണ്ട് കോരുന്ന തൊഴിൽ) തുടരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സുധാൻഷു ധുലിയ.
​സഫായ് കർമ്മചാരി ആന്ദോളന്റെ നേതൃത്വത്തിലുള്ള 'ഇന്ത്യ@80: എൻഡ് മാനുവൽ സ്കാവെഞ്ചിംഗ്' എന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ ഉപകരണങ്ങളില്ലാതെ ആളുകൾ മനുഷ്യവിസർജ്യം കൈകാര്യം ചെയ്യുകയോ മലിനജാലങ്ങളിൽ ഇറങ്ങുകയോ ചെയ്യുന്നിടത്തോളം കാലം ഓരോ ഇന്ത്യക്കാരനും ഈ അപമാനത്തിന്റെ ഭാരം പങ്കിടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
​ആന്ധ്രാപ്രദേശിൽ നിന്നുള്ള മുൻ മാനുവൽ സ്കാവെഞ്ചറായ നാരായണമ്മയെ പരാമർശിച്ച ജസ്റ്റിസ് ധുലിയ, ഈ തൊഴിലിന്റെ അപമാനം ചുമക്കുന്നത് അവർ മാത്രമല്ലെന്നും ഈ വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം ഓരോ ഇന്ത്യക്കാരനും ഇത് തന്റെ തലയിലാണ് ചുമക്കുന്നതെന്നും പറഞ്ഞു.
​തന്റെ സുപ്രീം കോടതി സേവന കാലയളവിൽ, താനും ജസ്റ്റിസ് അരവിന്ദ് കുമാറും അടങ്ങിയ ബെഞ്ച് മാനുവൽ സ്കാവെഞ്ചിംഗ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചിരുന്നതായി അദ്ദേഹം ഓർമ്മിച്ചു. സെപ്റ്റിക് ടാങ്കുകളും മലിനജാലങ്ങളും വൃത്തിയാക്കുന്നതിനിടയിൽ മരണം സംഭവിക്കുന്ന കേസുകളിൽ നഷ്ടപരിഹാരം 30 ലക്ഷം രൂപയായി ഉയർത്തിക്കൊണ്ടും, ഈ സമ്പ്രദായം ഉന്മൂലനം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിക്കൊണ്ടും 2023 ഒക്ടോബർ 20-ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ നടപ്പിലാക്കൽ ഈ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മാനുവൽ സ്കാവെഞ്ചിംഗ് പൂർണ്ണമായും ഇല്ലാതായിട്ടുണ്ടോ എന്ന് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമല്ലെന്ന കടുത്ത വിയോജിപ്പും കോടതി പ്രകടിപ്പിച്ചിരുന്നു.
​തുടർന്ന് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ആറ് പ്രധാന മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാനുവൽ സ്കാവെഞ്ചിംഗും അപകടകരമായ രീതിയിലുള്ള മലിനജാല ശുചീകരണവും സുപ്രീം കോടതി നിരോധിക്കുകയുണ്ടായി. ജസ്റ്റിസ് സുധാൻഷു ധുലിയയുടെ വിരമിക്കലിനു ശേഷവും ജസ്റ്റിസ് അരവിന്ദ് കുമാറിന്റെ ബെഞ്ചാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.
​കൂടാതെ, സുപ്രീം കോടതിയുടെ വളപ്പിൽ പോലും മനുഷ്യനെ ഉപയോഗിച്ചുള്ള മലിനജാല ശുചീകരണം നടന്നിട്ടുണ്ടെന്നറിഞ്ഞത് തന്നെ ഞെട്ടിച്ചുവെന്ന് ജസ്റ്റിസ് ധുലിയ പറഞ്ഞു. ഇത്തരം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അധികാരികൾ അത് തങ്ങളുടെ അധികാരപരിധിയിൽ വരില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന പ്രവണതയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
​ചടങ്ങിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോക്കൂറും, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് അഞ്ജന പ്രകാശും സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img