
ന്യൂഡൽഹി: വനിത സംവരണ ബില്ലിൽ കേന്ദ്ര സർക്കാരിന് പിന്തുണയേറുന്നു. മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബിഎസ്പി അധ്യക്ഷ മായാവതിയും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തി. നാളെ പാർലമെന്റിൽ ചർച്ചയ്ക്കെടുക്കാനിരിക്കെയാണ് രാജ്യത്തെ മുതിർന്ന വനിതാ നേതാക്കൾ ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയത്. മുൻ സ്പീക്കർ മീരാകുമാർ നൽകിയ പിന്തുണയ്ക്ക് പിന്നാലെയാണ് പ്രതിഭ പാട്ടീലും വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് പരസ്യമായി രംഗത്തെത്തിയത് കോൺഗ്രസിന് തിരിച്ചടിയായി.
ചരിത്രം കുറിക്കുന്ന ബില്ലെന്നാണ് പ്രതിഭ പാട്ടീൽ പറഞ്ഞത്. ബില്ലിനെ എല്ലാവരും അനുകൂലിക്കണമെന്ന് ബിഎസ്പി നേതാവ് മായാവതിയും നിർദ്ദേശിച്ചു.അതേസമയം, സർക്കാർ മുന്നോട്ടുവച്ച സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റുകൾ ഏകീകൃതമായി വർധിപ്പിക്കാമെന്ന മുൻ വാഗ്ദാനത്തിൽ നിന്നും പ്രധാനമന്ത്രി പിന്നോട്ടുപോയി എന്നാണ് കോൺഗ്രസിന്റെ വിമർശനം. വിഷയത്തിൽ തുടർ നിലപാട് തീരുമാനിക്കാൻ പ്രതിപക്ഷ നേതാക്കൾ യോഗം ചേരുകയാണ്.
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിത സംവരണം നടപ്പാക്കാനാണ് കേന്ദ്രത്തിന്റെ പദ്ധതി. തുടക്കത്തിൽ സംസ്ഥാനങ്ങളിലെ സീറ്റുകൾ ഏകദേശം പകുതിയായി വർധിപ്പിക്കാമെന്ന സൂചന നൽകിയിരുന്നുവെങ്കിലും, ബില്ലിൽ അതിനുള്ള വ്യക്തമായ വ്യവസ്ഥകളില്ല. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്നും മണ്ഡല പുനർനിർണ്ണയ കമ്മീഷൻ അന്തിമ ഫോർമുല നിർണ്ണയിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
എന്നാൽ നിലവിലെ സംസ്ഥാന പ്രതിനിധ്യം കുറയില്ലെന്ന ഉറപ്പില്ലാതെയാണ് ബിൽ അവതരിപ്പിച്ചതെന്ന നിലപാടിലാണ് കോൺഗ്രസ്. ബിൽ പാസാക്കാൻ മൂന്നിൽ രണ്ടിന്റെ ഭൂരിപക്ഷം ആവശ്യമുള്ളതിനാൽ പ്രതിപക്ഷം ഒന്നടങ്കം എതിർത്താൽ അത് തടസപ്പെടാൻ സാധ്യതയുണ്ട്. പ്രധാനമന്ത്രിയുടെ നാളത്തെ പ്രസംഗത്തിൽ ലഭിക്കുന്ന ഉറപ്പുകൾ അനുസരിച്ച് പ്രതിപക്ഷം നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.











