
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലി അറസ്റ്റിൽ. ആറുമാസം മുമ്പ് നടന്ന ‘ജെൻ സീ’ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഒലിയുടെ സർക്കാരിന് അധികാരംവിട്ടൊഴിയേണ്ടു വന്നത്. പുതിയ സർക്കാർ അധികാരമേറ്റതിന്റെ അടുത്ത ദിവസം തന്നെ എഴുപത്തിനാലുകാരനായ കെ.പി.ശർമ ഒലിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ പിറ്റേന്നാണ് അറസ്റ്റ് നടക്കുന്നത്.
ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും അറസ്റ്റ് ചെയ്തതായി നേപ്പാൾ പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പ്രതിഷേധകാലത്തെ അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സമിതിയുടെ ശുപാർശയെ തുടർന്നാണ് അറസ്റ്റ്.
പ്രക്ഷോഭങ്ങൾ നിയന്ത്രിക്കുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ ഒലിയെ അദ്ദേഹത്തിന്റെ വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമത്തിന് മുകളിലായി ആരുമില്ലെന്നും നടപടി പ്രതികാരപരമല്ലെന്നും പുതിയ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് വ്യക്തമാക്കി.
സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനെത്തുടർന്ന് ആരംഭിച്ച അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിൽ 2025 സെപ്റ്റംബർ 8, 9 തീയതികളിലായി കുറഞ്ഞത് 77 പേർ കൊല്ലപ്പെട്ടു. പാർലമെന്റും സർക്കാർ ഓഫിസുകളും അഗ്നിക്കിരയായി. നേപ്പാളിന്റെ പുതിയമുഖവും പ്രതീക്ഷയുമായി ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായി ഇന്നലെയാണ് അധികാരമേറ്റത്. കഠ്മണ്ഡു മുൻമേയറും റാപ്പ് ഗായകനും രാഷ്ട്രീയ സ്വതന്ത്ര പാർട്ടി നേതാവുമായ ബാലേന്ദ്ര (35) നേപ്പാൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.











