കൊച്ചി: പുതിയ തീരുവ നയത്തോടെ യു എസ് ഭരണകൂടം അകത്തുനിന്നുതന്നെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന അധികാരദാഹിയായ നാര്സസിസ്റ്റ് ആണെന്ന് മുൻ എം പി പ്രൊഫ. റിച്ചാര്‍ഡ് ഹേ. പിന്നാക്കം നില്ക്കുന്നവരോടും ദരിദ്രരോടും ന്യൂനപക്ഷങ്ങളോടും വിദ്വേഷം വളര്‍ത്തുന്ന നയങ്ങളെ തുടര്‍ന്ന് ലോകത്തിന്റെ കണ്ണിലും നിരവധി അമേരിക്കക്കാര്‍ക്കിടയിലും നിലവിലെ പ്രസിഡന്റിന്റെ ജനപ്രീതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിന്തുണ വാഗ്ദാനം ചെയ്ത ജനാധിപത്യ രാഷ്ട്രങ്ങളോട് നിലവിലെ യു എസ് ഭരണകൂടം നന്ദികേടാണ് കാണികക്കുന്നതെന്നും നയതന്ത്ര മണ്ടത്തരങ്ങള്‍ തുടരുകയാണെന്നും അമേരിക്കയുടെ പല സഖ്യകക്ഷികളേയും ആശയക്കുഴപ്പത്തിലാക്കുകയാണെന്നും പ്രൊഫ. റിച്ചാര്‍ഡ് ഹേ പറഞ്ഞു.
അമേരിക്കയുടെ കനത്ത തീരുവ ഭീഷണിപ്പെടുത്തല്‍ തന്ത്രമാണ്. ഇത് നിരവധി ജനാധിപത്യ സഖ്യകക്ഷികളെ അകറ്റിയിട്ടുണ്ട്. മാത്രമല്ല ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങളെ വാഷിംഗ്ടണിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ സംശയം ഉളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.








