
കൊച്ചി: പരിസ്ഥിതി ദിനത്തില്‍ കൊച്ചിക്ക് ആവശ്യം വ്യക്തമായ പരിസ്ഥിതി സംരക്ഷണ പദ്ധതികളാണെന്ന് മുന്‍ പാര്‍ലമെന്റ് അംഗം ഡോ. ചാള്‍സ് ഡയസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബെയറോ ഡിക്കോഞ്ഞോയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
നൂറ് പൊതുസ്ഥലങ്ങള്‍ എന്ന കൊച്ചി കോര്‍പറേഷന്റെ പദ്ധതി നടപ്പിലാക്കണമെന്നും അത് പൊതുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടുന്ന വൃക്ഷത്തൈകളെ കുറിച്ച് കണക്കുകളൊന്നുമില്ലെന്നും പരിസ്ഥിതി സംരക്ഷണ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ നട്ടുവളര്‍ത്തിയ മരങ്ങളില്‍ നല്ലൊരു ഭാഗം വെട്ടിനശിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ മാത്രം ഹൈക്കോടതി ജംഗ്ഷനും പൊലീസ് ക്യാമ്പിനും ഇടയില്‍ വലിയ തണല്‍ വൃക്ഷങ്ങളില്‍ നല്ലൊരു ഭാഗം വെട്ടിമാറ്റപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.
നിയന്ത്രണങ്ങളില്ലാതെ പാതയോരങ്ങളില്‍ പെട്ടിക്കടകള്‍ പൊന്തുകയാണ്. വൃക്ഷങ്ങള്‍ക്ക് വളരാന്‍ ഇടമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. പൊതുസ്ഥലങ്ങളില്‍ കുടിലുകള്‍ കെട്ടി കയ്യേറ്റവും നടക്കുകയാണ്. ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വര്‍ഷങ്ങളായി കുടില്‍ കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. വടുതല ചിറ്റൂര്‍ ഭാഗങ്ങളില്‍ കായല്‍ കയ്യേറ്റം നിയന്ത്രിക്കാനും ആരുമില്ലെന്നും നിയന്ത്രിക്കേണ്ട അധികാരികള്‍ കണ്ണടക്കുകയാണെന്നും ഇതിന്റെയെല്ലാം ദുരന്തഫലങ്ങളാണ് കൊച്ചി നഗരം ഇപ്പോള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്തരീക്ഷ മലിനീകരണത്തിന് പുറമേ ശുദ്ധജല സ്രോതസ്സുകള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. കുട്ടികള്‍ക്ക് കളിക്കാനും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനും കൊച്ചി നഗരത്തില്‍ ഇടമില്ലാതായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ നഗരങ്ങളിലും പരിഷ്കൃത രാഷ്ട്രങ്ങളിലുമുള്ള സിറ്റി ഫോറസ്റ്റ് എന്ന നഗര ഹൃദയങ്ങളില്‍ വൃക്ഷങ്ങള്‍ തിങ്ങിയ അവസ്ഥ നഗര ആസൂത്രണ വിദഗ്ധര്‍ക്ക് അന്യമാണ്.
മറൈന്‍ ഡ്രൈവിന് സമീപം ഹൈക്കോടതിക്കടുത്തായി ഇക്കോ സിറ്റി എന്ന പേരില്‍ 2400 കോടി രൂപയുടെ വാണിജ്യ പാര്‍പ്പിട സമുച്ചയ പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. സംസ്ഥാന ഹൗസിംഗ് ബോര്‍ഡിന്റെ 17.9 ഏക്കര്‍ സ്ഥലത്ത് നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡുമായി ചേര്‍ന്നുളള പദ്ധതി ഗൗരവമായി ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര പാരിസ്ഥിതി പ്രശ്നങ്ങളും അന്തരീക്ഷ മലിനീകരണവും അനുഭവിക്കുന്ന കൊച്ചിയില്‍ ഇത്രയും വലിയ പാര്‍പ്പിട സമുച്ചയം വേണോ എന്ന ചോദ്യമുയരണം. ഹൈക്കോടതിക്കും മംഗളവനത്തിനും സമീപത്താണ് ഈ സമുച്ചയം വരുന്നതെന്നതും പ്രത്യേകം ചോദ്യം ചെയ്യപ്പെടണം. 2021ലെ നീതി ആയോഗ് മാനദണ്ഡം അനുസരിച്ച് മൊത്തം നഗരഭൂമിയുടെ അളവിന്റെ 20 മുതല്‍ 40 ശതമാനം വരെ പച്ചപ്പായിരിക്കണമെന്നാണ് നിഷ്കര്‍ഷിക്കുന്നത്. ഇവയൊന്നും പാലിക്കാതെയാണ് ജനസാന്ദ്ര പ്രദേശത്ത് വാണിജ്യ പാര്‍പ്പിട സമുച്ചയ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുനിയുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 2400 കോടി രൂപയാണ് ഇക്കോ സിറ്റിക്കായി വകയിരുത്തിയിരിക്കുന്നത്. നഗരത്തിലെ ഇപ്പോഴത്തെ സ്ഫോടനാത്മകമായ അവസ്ഥ പരിഗണിച്ചും പ്രദേശത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ ഉല്‍കണ്ഠാകുലരായ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞും ജനങ്ങളുമായി ബന്ധമുള്ള ഏജന്‍സികളുടെ അംഗീകാരത്തോടെ മാത്രമേ പദ്ധതിക്ക് ഗവണ്മെന്റ് തുനിയാന്‍ പാടുള്ളുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










