
സിപിഎം നേതാവ് ബാബു എം പാലിശ്ശേരി എക്സ് എംഎൽഎ അന്തരിച്ചു. വർഷങ്ങളായി പർക്കിൻസൺ രോഗം മൂലം കിടപ്പിലായിരുന്നു. അറുപത്തേഴാമത്തെ വയസ്സിലാണ് അന്ത്യം. കുന്നംകുളം മണ്ഡലത്തെ പ്രതിനിധികരിച്ച് രണ്ടുതവണ നിയമസഭാംഗമായിരുന്നു. 2006, 2011 വർഷങ്ങളിലാണ് ബാബു എം പാലിശ്ശേരി എംഎൽഎയായത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് രണ്ടുദിവസം മുൻപ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.
റിട്ട. ഇൻകംടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമൻനായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്തമകനായി ജനിച്ച ബാബു എം. പാലിശ്ശേരി 1980-ൽ ഡിവൈഎഫഐ രൂപവത്കരിച്ചപ്പോൾ കൊരട്ടിക്കരയിൽ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവർത്തനരംഗത്തേയ്ക്കെത്തി.
1986 മുതൽ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി. 84-ൽ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: അശ്വതി പാലിശ്ശേരി, അഖിൽ പാലിശ്ശേരി.











