08:10am 29 April 2026
NEWS
ജനസമ്പർക്ക പരിപാടിയിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പരസ്യമായി ഏറ്റുമുട്ടി മുൻമന്ത്രി മുനിരത്ന
13/10/2025  11:05 AM IST
വിഷ്ണുമംഗലം കുമാർ
ജനസമ്പർക്ക പരിപാടിയിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി പരസ്യമായി ഏറ്റുമുട്ടി മുൻമന്ത്രി മുനിരത്ന

കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ബംഗളുരു ആർ ആർ നഗറിൽ നിന്നുള്ള ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ മുനിരത്നയും തമ്മിൽ കടുത്ത ശത്രുത നിലനിൽക്കുന്നുണ്ട്.  അത് പരസ്യഏറ്റുമുട്ടലിൽ ചെന്നെത്തിയ കാഴ്ചയാണ് നഗരം കണ്ടത്. ശിവകുമാറിന്റെ 'വോക്ക് വിത്ത് ബംഗളുരു' പരിപാടി ഇന്നലെ വടക്കൻ ബംഗളുരുവിലെ മത്തിക്കെരെ ജെ പി പാർക്കിലായിരുന്നു. മുനിരത്നത്തിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണിത്. പൊതുജനങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന പരിപാടിയിലേക്ക് മുനിരത്നയെ ക്ഷണിച്ചിരുന്നില്ലത്രെ. വേദിയിൽ സംസാരിക്കുമ്പോഴാണ് സദസ്സിന്റെ ഒരു മൂലയിൽ  മുനിരത്ന ഇരിക്കുന്നത് ശിവകുമാറിന്റെ ശ്രദ്ധയിൽ പെട്ടത്. മുനിരത്ന ആർ ആർ എസ്സ് വേഷത്തിലായിരുന്നു. കറുത്ത തൊപ്പിക്കാരാ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ശിവകുമാർ മുനിരത്നയെ വേദിയിലേക്ക് ക്ഷണിച്ചു. വേദിയിലെത്തി മൈക്ക് കൈക്കലാക്കിയ മുനിരത്ന ശിവകുമാർ തന്നെ മനഃപൂർവ്വം അപമാനിക്കുകയാണെന്ന് കുറ്റപ്പെടുത്തി. വേദിയിൽ ഇരിക്കാനുള്ള ശിവകുമാറിന്റെ നിർദ്ദേശം മുനിരത്ന ചെവിക്കൊണ്ടില്ല. ആകെ ബഹളമായതോടെ അനുയായികളും പോലീസും ചേർന്ന് മുനിരത്നയെ അനുനയിപ്പിച്ച് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുനിരത്ന രാഷ്ട്രീയം കളിക്കുകയാണെന്ന് ശിവകുമാർ ആരോപിച്ചു.  "ഇതുപോലെ മോശമായി പെരുമാറുന്ന ഒരാളെ എം എൽ എയായി തെരഞ്ഞെടുക്കേണ്ടിവന്നതിൽ നിങ്ങൾക്ക് വിഷമമുണ്ടെന്നറിയാം. അദ്ദേഹത്തിന് ഒട്ടും ക്ഷമയില്ല. ഞങ്ങൾ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. പ്രശ്നമുണ്ടാക്കാനല്ല, പരിഹരിക്കാനാണ് ഞാനിവിടേക്ക് വന്നത് " ശിവകുമാർ വ്യക്തമാക്കി. പാർക്കിന് പുറത്ത് പത്രസമ്മേളനം വിളിച്ച് മുനിരത്ന, ശിവകുമാർ തന്നെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി ആരോപിച്ചു. കഴിഞ്ഞ വർഷം ഒരു ലൈംഗിക പീഡനക്കേസിൽ മുനിരത്നയെ അറസ്റ്റുചെയ്ത് ജയിലിലടച്ചിരുന്നു. അതിന്റെ പിന്നിൽ ശിവകുമാർ ആണെന്നാണ് മുനിരത്ന ആരോപിച്ചിരുന്നത്. കോൺഗ്രസ്സിൽ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് സിനിമാനിർമ്മാതാവ് കൂടിയായ മുനിരത്ന നായിഡു. മണ്ഡലത്തിലെ ചേരികളിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള രാഷ്ട്രീയ ശത്രുത പരസ്യമായ ഏറ്റുമുട്ടലിൽ ചെന്നെത്തിയിരിക്കയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img