
"കുറച്ചുനേരം ഞങ്ങൾ പറയുന്നത് കേട്ട അദ്ദേഹം മകളെ അകത്തേ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു"
ഇക്കൊല്ലം മാർച്ച് പതിനാലിനാണ് പതിനേഴുകാരിയുടെ 54 വയസ്സുള്ള അമ്മ ഒരു പരാതിയുമായി ബംഗളുരു സദാശിവനഗർ പോലീസ് സ്റ്റേഷനിലെത്തിയത്. തന്റെ പ്രായപൂർത്തിയാകാത്ത മകളെ ബിജെപിനേതാവും മുൻ മുഖ്യമന്ത്രിയുമായ യെദിയൂരപ്പ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. "ഒരു സഹായത്തിനാണ് ഞാൻ മകളെയും കൂട്ടി യെദിയൂരപ്പയുടെ വീട്ടിൽ ചെന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയാണ് എന്റെ മകൾ. അതുമായി ബന്ധപ്പെട്ട കേസ്സിന്റെ കാര്യം സംസാരിക്കാനാണ് ഞങ്ങൾ പോയത്. കുറച്ചുനേരം ഞങ്ങൾ പറയുന്നത് കേട്ട അദ്ദേഹം മകളെ അകത്തേ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു" പരാതിയിൽ പറയുന്നു.
ഇര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശംപ്രകാരം കേസ് സി ഐ ഡിയ്ക്ക് (ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) കൈമാറി. സി ഐ ഡി പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവം നടന്നത് ഫെബ്രവരി രണ്ടിനാണെന്നാണ് മാർച്ച് 14 ന് നൽകിയ പരാതിയിൽ പറയുന്നത്. സി ഐ ഡി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി. യെദിയൂരപ്പയും സി ഐ ഡി ആസ്ഥാനത്ത് എത്തി മൊഴിനൽകി. പരാതിക്കാരിയായ സ്ത്രീ പതിവായി ഇത്തരം പരാതികൾ സമൂഹത്തിലെ ഉന്നതന്മാർക്ക് എതിരെ നൽകാറുണ്ടെന്ന വിവരം അതിനിടയിൽ പുറത്തുവന്നു. അതോടെ കേസ് അന്വേഷണം മന്ദഗതിയിലായി.
അർബുദരോഗിയായ പരാതിക്കാരി മെയ് 26ന് ചികിത്സയ്ക്കിടെ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. കേസ് അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ സഹോദരൻ കോടതിയെ സമീപിച്ചതോടെയാണ് സി ഐ ഡി വീണ്ടും ഉണർന്നത്. ഈ മാസം 10ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി ഐ ഡി യെദിയൂരപ്പയ്ക്ക് നോട്ടീസയച്ചെങ്കിലും അദ്ദേഹം ഹാജരായില്ല. സി ഐ ഡി പരാതിയുമായി ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. കോടതി ഇന്നലെ യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ചതോടെയാണ് കേസ് വീണ്ടും വിവാദമായത്.
ഈ മാസം പതിനേഴിന് ഹാജരാകാമെന്ന് അതിന് മുമ്പുതന്നെ യെദിയൂരപ്പയുടെ അഭിഭാഷകൻ സി ഐ ഡി യെ അറിയിച്ചിരുന്നു.ഈ കേസ്സിന്റെ എഫ്ഐആർ റദ്ദാക്കാനായി യെദിയൂരപ്പ സമർപ്പിച്ച ഹരജി അന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മകനും ശിവമോഗ എം പിയുമായ രാഘവേന്ദ്രയോടൊപ്പം ഡൽഹിയിലെ വസതിയിലാ യുന്ന യെദിയൂരപ്പ മറ്റൊരു കേന്ദ്രത്തിലാണ് ഇപ്പോഴുള്ളത്. അദ്ദേഹത്തെ അറസ്റ്റുചെയ്യാനാണ് കർണാടക ഗവണ്മെന്റിന്റെ നീക്കം.