11:11am 14 October 2026
NEWS
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: മുൻ ഐടി ഉദ്യോഗസ്ഥനിൽനിന്ന് 1.25 കോടി തട്ടി; കംബോഡിയൻ സംഘത്തിലെ 11 പേർ പിടിയിൽ
14/10/2026  06:41 AM IST
nila
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: മുൻ ഐടി ഉദ്യോഗസ്ഥനിൽനിന്ന് 1.25 കോടി തട്ടി; കംബോഡിയൻ സംഘത്തിലെ 11 പേർ പിടിയിൽ

ന്യൂഡൽഹി: കേന്ദ്ര ഐടി മന്ത്രാലയത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥനെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കുടുക്കി 1.25 കോടി രൂപ തട്ടിയെടുത്ത കേസിൽ കംബോഡിയൻ സംഘവുമായി ബന്ധമുള്ള 11 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിൽ മുൻപ് സയന്റിസ്റ്റ് ആൻഡ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന പ്രദീപ്കുമാർ ദാസ് (69) ആണ് തട്ടിപ്പിനിരയായത്.

ഓഗസ്റ്റ് 14നാണ് എടിഎസ്, എൻഐഎ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുസംഘം പ്രദീപ്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം പരിശോധനയ്ക്കായി കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു.

തട്ടിപ്പുകാർ നൽകിയ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രദീപ്കുമാർ ആകെ 1,25,09,000 രൂപ കൈമാറി. ദിവസങ്ങളോളം വിഡിയോ കോളിലൂടെ അദ്ദേഹത്തെ നിരീക്ഷിക്കുകയും നിർദേശങ്ങൾ നൽകി നിയന്ത്രിക്കുകയും ചെയ്തായിരുന്നു തട്ടിപ്പ്. പണം കൈക്കലാക്കിയതോടെ സംഘം ബന്ധം വിച്ഛേദിച്ചു. ഇതോടെയാണ് അദ്ദേഹം പൊലീസിനെ സമീപിച്ചത്.

കംബോഡിയൻ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന പ്രതികളെ ഡൽഹിയിലെ ദ്വാരകയിൽനിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിയെടുക്കുന്ന പണത്തിന്റെ 5.5 ശതമാനം കമ്മിഷനായാണ് ഇവർക്ക് ലഭിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കംബോഡിയൻ സംഘം 73 കോടി രൂപ തട്ടിയെടുത്തതായാണ് പൊലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img