07:53am 13 November 2026
NEWS
ആറരവർഷം കഴിഞ്ഞിട്ടും രാജി സ്വീകരിക്കുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൻ ഗോപിനാഥൻ
25/03/2026  06:59 PM IST
nila
ആറരവർഷം കഴിഞ്ഞിട്ടും രാജി സ്വീകരിക്കുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കണ്ണൻ ഗോപിനാഥൻ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും കോൺഗ്രസ് നേതാവുമായ കണ്ണൻ ​ഗോപിനാഥൻ. സിവിൽ സർവീസിൽ നിന്ന് രാജിവച്ചിട്ട് ആറര വർഷം കഴിഞ്ഞിട്ടും തന്റെ രാജി ഔദ്യോഗികമായി അംഗീകരിക്കാത്തത് തനിക്ക് വ്യക്തിപരമായും പ്രഫഷണൽ തലത്തിലും വലിയ തിരിച്ചടിയായതായി അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച നരേന്ദ്രമോദിക്കുള്ള തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ആറര വർഷമായി തന്റെ രാജിക്കത്ത് കേന്ദ്ര സർക്കാർ പരിഗണിക്കാൻ പോലും തയാറായിട്ടില്ലെന്ന് കണ്ണൻ ​ഗോപിനാഥൻ ചൂണ്ടിക്കാട്ടുന്നു. 

കണ്ണൻ ​ഗോപിനാഥൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: 

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, കഴിഞ്ഞ ആറര വർഷമായി എന്റെ രാജിക്കത്ത് താങ്കളുടെ സർക്കാർ പരിഗണിക്കാൻ പോലും തയാറായിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുന്നു. ശമ്പളവുമില്ല, വിടുതലുമില്ല. എന്റെ പ്രഫഷനൽ ജീവിതത്തിൽ മുന്നോട്ട് പോകുന്നതിന് ഇത് തടസ്സമായി.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമായില്ല. ഇത് പീഡനമല്ലാതെ മറ്റൊന്നുമല്ല. നിങ്ങളുടെ ഭരണത്തിനു കീഴിൽ ലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എനിക്ക് നന്നായി അറിയാമെന്നതിനാൽ എന്റെ വ്യക്തിപരമായ പ്രശ്നം ഉയർത്തിക്കാട്ടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു.

എന്റെ രാഷ്ട്രീയം എന്തു തന്നെയായാലും, രാജി വയ്ക്കാനുള്ള എന്റെ അവകാശവും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശവും തടയുന്നത് വളരെ പരിതാപകരവും അൽപ്പത്തരവുമാണ്. ഈ സമീപനം അവസാനിപ്പിച്ച്, സർക്കാരിനോട് എന്റെ രാജി ഉടൻ പരിഗണിക്കാൻ നിർദേശം നൽകുമല്ലോ.’

രാജിവെച്ചത് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ

 2019ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെയാണ് അഭിപ്രായസ്വാതന്ത്ര്യ വിലക്ക് ചൂണ്ടിക്കാട്ടി കണ്ണൻ രാജിക്കത്ത് നൽകിയത്. രാജി നൽകുമ്പോൾ ദാദ്ര–നഗർ ഹവേലിയിൽ ഊർജ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

രാജി കേന്ദ്രം അംഗീകരിക്കാത്തതിനാൽ പ്രഫഷനലി തനിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നും ഇതു പീഡനമാണെന്നും കണ്ണൻ പറഞ്ഞു. സിവിൽ സർവീസിൽ നിന്ന് രാജിവച്ച ശേഷം പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലടക്കം കണ്ണൻ സജീവ സാന്നിധ്യമായിരുന്നു. ഇതിന്റെ പേരിൽ പലയിടത്തും പൊലീസ് നടപടിയും നേരിട്ടു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഉത്തരവ് നിരസിച്ചതിനും കേസുണ്ട്.

സർവീസിലിരിക്കെ കേരളത്തിൽ പ്രളയകാലത്തു നടത്തിയ സേവനം മുൻനിർത്തിയും കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിട്ടുണ്ട്.  അന്നത്തെ ദാദ്ര – നഗർ ഹവേലി അഡ്മിനിസ്ട്രേറ്ററും ഗുജറാത്തിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന പ്രഫുൽ ഘോഡാഭായ് പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസവും രാജിയിലേക്ക് നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img