06:34pm 27 April 2026
NEWS
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് ബിജു പ്രഭാകർ
27/04/2026  04:34 PM IST
nila
കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന് ബിജു പ്രഭാകർ

കൊച്ചി: കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കണമെന്ന നിർദ്ദേശവുമായി റിട്ടയേർഡ് ഐഎഎസ് ഉദ്യോ​ഗസ്ഥൻ ബിജു പ്രഭാകർ. വിദേശരാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാണെന്നും ബിജു പ്രഭാകർ ചൂണ്ടിക്കാട്ടുന്നു.  കള്ളും വൈനും ബിയറും വ്യാപകമാക്കി ലഹരിമരുന്ന് ഉപയോഗം തടയണമെന്നാണ് ബിജു പ്രഭാകറിന്റെ നിലപാട്.  മനോരമ ന്യൂസിന്റെ ‘നേരേചൊവ്വേ’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജു പ്രഭാകർ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്. 

പല വിദേശരാജ്യങ്ങളിലും കഞ്ചാവ് ഉപയോ​ഗം ഒരു കുറ്റകൃത്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആംസ്റ്റർഡാമിൽ ഇതിനായി കഫേയുണ്ട്. ഇംഗ്ലണ്ടിലും ഇതൊന്നും വലിയ കുറ്റമല്ലെന്നും ബിജു പ്രഭാകർ പറയുന്നു. വിദേശ രാജ്യങ്ങളിലുള്ളവർ മദ്യപിക്കും. റഷ്യക്കാരാണെങ്കിൽ രാവിലെ മുതൽ വോഡ്ക കുടിക്കും. പക്ഷേ നമ്മുടെ നാട്ടിൽ കാണുന്നത് മദ്യപിച്ചു കഴിഞ്ഞാൽ തറയിൽ വീഴണം എന്നാണ്. റെസ്പോൺസിബിൾ ഡ്രിങ്കിങ്പോലെ റെസ്പോൺസിബിൾ കഞ്ചാവടിയും പഠിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. 

എംഡിഎംഎ പോലുള്ള രാസലഹരി ഉപയോഗിച്ചാൽ പിന്നെ തിരിച്ചുവരാൻ കഴിയില്ല. മദ്യപിച്ച് ആളുകളുടെ കരൾ നശിക്കുന്നുണ്ട്. അത്രയും ശല്യമേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് ഇത് നിയമവിധേയമാക്കാൻ മുൻപ് സർക്കാരിന് നോട്ട് കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ ഞെട്ടിക്കുന്ന അഴിമതികളാണ് നടക്കുന്നതെന്നു ബിജു പ്രഭാകർ പറഞ്ഞു. 230 കോടി രൂപയുടെ റോഡ് നിർമാണക്കരാർ ലഭിച്ച കമ്പനിക്ക് 65 കോടി രൂപയുടെ ലാഭം ഉണ്ടാകുന്ന തരത്തിൽ പാറമട വ്യവസ്ഥകൾ മാറ്റിമറിച്ചെന്ന് ബിജു പ്രഭാകർ വെളിപ്പെടുത്തി. ഇതിൻറെ ഫയൽ നോക്കിയതിന്റെ തൊണ്ണൂറ്റൊന്നാം ദിവസം അവിടെനിന്ന് തന്നെ മാറ്റി. സെക്രട്ടറിമാർ ആറുമാസം ചായ കുടിക്കാൻ ആറു ലക്ഷം രൂപ ചെലവഴിച്ചത് വലിയ വാർത്തയായപ്പോൾ 65 കോടി രൂപ അടിച്ചുമാറ്റിയത് ആരും അറിയുന്നില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img