
ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ മുൻ ഡയറക്ടർ ജനറൽ ഫായിസ് ഹമീദിന് സൈനിക കോടതി 14 വർഷത്തെ തടവുശിക്ഷക്ക് വിധിച്ചതോടെ രാജ്യത്തിനകത്തും പുറത്തും വലിയ വിവാദങ്ങളാണ് തലയുയർത്തുന്നത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ ഐഎസ്ഐ മേധാവി ശിക്ഷിക്കപ്പെടുന്നത്. നിലവിലെ സൈനിക മേധാവി അസിം മുനീറിന്റെ പ്രതികാരത്തിന് ഫായിസ് ഹമീദ് പാത്രമാകുകയായിരുന്നോ എന്ന വിമർശനവും ഉയരുന്നുണ്ട്.
ഔദ്യോഗിക രഹസ്യ നിയമം ലംഘിക്കൽ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ അനധികൃതമായി ഇടപെടൽ, അധികാരദുർവിനിയോഗം എന്നിവ ഉൾപ്പെടെയുള്ള കുറ്റളാണ് ഫാസിസ് ഹമീദിനെതിരെ ചുമത്തിയിരുന്നത്. ഇയാൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ അന്വേഷണത്തിലും വിചാരണയിലും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
2024 ഓഗസ്റ്റ് 12-നാണ് ഫായിസ് ഹമീദിനെതിരെ സൈന്യത്തിന്റെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചത്. രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ രഹസ്യവിവരങ്ങൾ കൈകാര്യം ചെയ്തതും, സർക്കാർ വിഭവങ്ങൾ ദുരുപയോഗം ചെയ്തതും, ചിലർക്കു അന്യായമായി നഷ്ടമുണ്ടാക്കിയതുമായ നാല് ഗുരുതര കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയർത്തപ്പെട്ടത്. ദീർഘകാലം നീണ്ട വിചാരണയ്ക്കുശേഷം എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി സൈനിക വക്താക്കളാണ് അറിയിച്ചത്.
ഹമീദ് 2019 മുതൽ 2021 വരെ ഐഎസ്ഐയുടെ മേധാവിയായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തെ നിയമിച്ചപ്പോൾ സൈന്യത്തിനകത്തും രാഷ്ട്രീയ മേഖലകളിലും വലിയ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അന്നത്തെ ഐഎസ്ഐ മേധാവിയും ഇപ്പോഴത്തെ സംയുക്ത പ്രതിരോധ സേനാമേധാവിയുമായ അസിം മുനീറിനെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പദവിയിൽ നിന്ന് മാറ്റിയാണ് ഹമീദിനെ പാക് ചാരസംഘടനയുടെ തലപ്പത്ത് അവരോധിച്ചത്. ഇതിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് അസിം മുനീറിനോടുള്ള അവഗണനയാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. പിന്നീട് സൈന്യം നേരിട്ട് ഇടപെട്ട് ഹമീദിനെ ഐഎസ്ഐ സ്ഥാനത്തുനിന്ന് മാറ്റിയതോടെ സൈന്യവും ഇമ്രാൻ ഖാനും തമ്മിലുള്ള സംഘർഷം തുറന്നടിയുകയും, പിന്നീട് ഇമ്രാൻ അധികാരം നഷ്ടപ്പെടുത്തുന്ന ഘട്ടങ്ങളിലേക്ക് സംഭവവികാസങ്ങൾ നീങ്ങുകയും ചെയ്‌തു.











