
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ പ്രമുഖരെ മത്സരിപ്പിക്കാൻ ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ ശക്തരായ നേതാക്കളെ ഉൾപ്പെടുത്തി സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടു. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ മത്സരിക്കും. കൂടാതെ, വി.വി. രാജേഷ് കൊടുങ്ങാനൂരിലും, ഒളിമ്പ്യൻ പത്മിനി തോമസ് പാളയത്തും, കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന തമ്പാനൂർ സതീഷ് തമ്പാനൂരിലും മത്സരിക്കും.
ആകെ 67 സ്ഥാനാർഥികളെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത്. “ഭരിക്കാൻ ഒരു അവസരമാണ് ബിജെപി ചോദിക്കുന്നത്. തിരുവനന്തപുരം ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കും. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്ന ഭരണമാണ് ബിജെപിയുടെ ലക്ഷ്യം.”- സ്ഥാനാർഥി പ്രഖ്യാപന ചടങ്ങിൽ സംസാരിച്ച രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിതമായ തലസ്ഥാനമായ ‘അനന്തപുരി’ യെ യാഥാർത്ഥ്യമാക്കാനാണ് പാർട്ടിയുടെ ഉറച്ച ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേഷൻ സ്ഥാനാർഥികൾ (ചിലർ):
നേമം – എം.ആർ. ഗോപൻ
വഴുതക്കാട് – ലത ബാലചന്ദ്രൻ
പേട്ട – പി. അശോക് കുമാർ
പട്ടം – അഞ്ജന
കുടപ്പനക്കുന്ന് – ഷീജ ജെ
കഴക്കൂട്ടം – കഴക്കൂട്ടം അനിൽ
കാര്യവട്ടം – സന്ധ്യറാണി എസ്.എസ്
തലസ്ഥാന നഗരത്തിന്റെ ഭരണം പിടിക്കാനാകുമെന്ന ആത്മവിശ്വാസത്തോടെയാണ് ബിജെപി പ്രചാരണം ആരംഭിച്ചിരിക്കുന്നത്.










