
ശബരിമല സ്വർണക്കൊള്ള കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ്. ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ പ്രതിയാണ് എസ് ശ്രീകുമാർ. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിനു പിന്നാലെ ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് എസ്ഐടി.
ശബരിമലയിൽനിന്ന് സ്വർണം പുറത്തേക്കു കൊണ്ടുപോയതും പിന്നീട് തിരികെ എത്തിച്ചതുമായ കാലയളവിൽ ശ്രീകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നുവെന്നാണ് അന്വേഷണത്തിലെ നിർണായക കണ്ടെത്തൽ. കവർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അദ്ദേഹത്തിനും നേരിട്ട പങ്കുണ്ടെന്ന നിഗമനത്തിലാണ് എസ്ഐടി. മുൻപ് നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് എസ്ഐടി ഓഫീസിൽ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതോടെ കേസിൽ അറസ്റ്റു ചെയ്യാനുള്ളത് ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ മാത്രമാണ്. മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണ നടപടികൾ മന്ദഗതിയിലായിരുന്നുവെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വർണക്കവർച്ച വിഷയം ചർച്ചയാകാതിരിക്കാൻ സർക്കാർ സമ്മർദം ഉണ്ടായിരുന്നുവെന്ന ആരോപണങ്ങൾക്കും ഇതോടെ വീണ്ടും ശക്തിയേറുകയാണ്.











