02:04am 03 April 2026
NEWS
ബാഗൽക്കോട്ടും ദാവൺഗെരെ സൗത്തും പിടിച്ചെടുക്കുമെന്ന് മുൻമുഖ്യമന്ത്രി യഡിയൂരപ്പ
01/04/2026  04:11 PM IST
വിഷ്ണുമംഗലം കുമാർ
ബാഗൽക്കോട്ടും ദാവൺഗെരെ സൗത്തും പിടിച്ചെടുക്കുമെന്ന് മുൻമുഖ്യമന്ത്രി യഡിയൂരപ്പ

ർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബാഗൽകോട്, ദാവൺഗെരെ സൗത്ത് എന്നീ രണ്ടു നിയമസഭാ മണ്ഡലങ്ങളും സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളാണ്. ബിജെപിയാണ് രണ്ടു സീറ്റുകളിലും പ്രധാന പ്രതിയോഗി. 2023ൽ എച്ച് വൈ മെറ്റിയോട് 5878 വോട്ടുകൾക്ക് പരാജയപ്പെട്ട വീരണ്ണ ചരന്ദിനാഥാണ് ഇത്തവണയും ബാഗൽകോട്ടിൽ ബിജെപി സ്ഥാനാർത്ഥി. ഇതേ മണ്ഡലത്തിൽ നിന്ന് 2018,2008,2004 വർഷങ്ങളിൽ മൂന്നുതവണ എംഎൽഎ ആയിട്ടുള്ള പ്രമുഖ നേതാവാണ് ചരന്ദിനാഥ്. എച്ച് വൈ മെറ്റിയുടെ മകൻ ഉമേഷ്‌ മെറ്റിയെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ്സ് ഗോദയിൽ ഇറക്കിയിട്ടുള്ളത്. മുൻമുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യഡിയൂരപ്പയാണ് ബിജെപിയുടെ താരപ്രചാരകൻ.ബാഗൽകോട്ടിൽ അദ്ദേഹം ഒരു റൗണ്ട് പ്രചാരണം നടത്തിക്കഴിഞ്ഞു. ഇത്തവണ രണ്ടു മണ്ഡലങ്ങളും ബിജെപി പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കോൺഗ്രസ്സ് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചരണം നടത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ മന്ത്രിസഭ മുഴുവൻ വന്നാലും രണ്ടു മണ്ഡലങ്ങളും ബിജെപി പിടിച്ചെടുക്കുക തന്നെ ചെയ്യുമെന്നായിരുന്നു മറുപടി. "തുഗ്ലക് ഡർബാറാണ് സംസ്ഥാനത്ത് നടക്കുന്നത്. അഴിമതി സകല പരിധികളും ലംഘിച്ചിരിക്കുന്നു. ജനങ്ങൾ രോഷാകുലരാണ്. അത് ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും" യഡിയൂരപ്പ അഭിപ്രായപ്പെട്ടു. ഇന്ന് അദ്ദേഹം ബാഗൽകോട്ടിൽ വീണ്ടും പ്രചാരണം നടത്തുന്നുണ്ട്. ഈ മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് ബിജെപി കാഴ്ചവെക്കുന്നത്. 5,6 തിയ്യതികളിൽ അദ്ദേഹം ദാവൺഗെരെ സൗത്തിൽ പ്രചാരണത്തിനെത്തും. മുസ്ലിം വോട്ടുകൾ ഭിന്നിക്കുന്നതാണ് ഈ മണ്ഡലത്തിൽ കോൺഗ്രസ്സ് അഭിമുഖീകരിക്കുന്ന പ്രശ്നം. 2023 ൽ ശാമന്നൂർ ശിവശങ്കരപ്പ ഇവിടെനിന്ന് ജയിച്ചത് 27888 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. അദ്ദേഹത്തിന്റെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെയാണ് മണ്ഡലം നിലനിർത്താൻ കോൺഗ്രസ്സ് നിയോഗിച്ചിട്ടുള്ളത്. ബിജെപിയുടെ ശ്രീനിവാസ് ടി ദശകരിയപ്പ അദ്ദേഹത്തെ നേരിടുന്നു. ദാവൺഗെരെ സൗത്തിലെ 70 ശതമാനം വോട്ടർമാരും കോൺഗ്രസിനോടൊപ്പമാണെന്നാണ് ഡി കെ ശിവകുമാർ അവകാശപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img