
ബെയ്ജിങ്: ചൈനയിൽ മുൻ നിയമമന്ത്രി താങ് യിജുന് അഴിമതിക്കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. താങ് യിജുൻ 2006 മുതൽ 2022 വരെയുള്ള കാലയളവിൽ 175 കോടി രൂപയോളം അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി ശിക്ഷ വിധിച്ചത്. താങ് യിജുൻ തന്റെ പദവി ദുരുപയോഗം ചെയ്തതായും കോടതി ചൂണ്ടിക്കാട്ടി. താങ് യിജുന്റെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്.
ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് യിജുൻ 2020ലാണ് നിയമമന്ത്രിയായത്. 2024ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പ്രസിഡന്റ് ഷി ജിൻപിങ് തുടരുന്ന അഴിമതി വിരുദ്ധ നടപടികളിൽ കുടുങ്ങുന്ന ഉന്നതരിലൊരാളാണ് താങ് യിജുൻ.
അതേസമയം, യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയെന്ന കേസിൽ സൈനിക ജനറൽ ഷാങ് യോഷിയയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. സംയുക്ത സേനാ മേധാവി ലിയു ഷെൻലിയെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഴിമതി വിരുദ്ധ നടപടി മന്ത്രിസഭയിലേക്കും വ്യാപിച്ചതിന്റെ സൂചനയായി, എനർജി മാനേജ്മെന്റ് മന്ത്രി വാങ് ഷിയാങ്ഷിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്കേസെടുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. കഴിഞ്ഞ വർഷം മാത്രം 65 ഉന്നത ഉദ്യോഗസ്ഥരാണ് അഴിമതി കേസുകളിൽ കുടുങ്ങിയത്.











