
കർണാടകം: ഈ മാസം മൂന്നിന് നടന്ന മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസംതൃപ്തിയും പ്രശ്നങ്ങളും കരുത്താർജ്ജിക്കുകയാണ്. മുതിർന്ന നേതാക്കളായ ദിനേഷ് ഗുണ്ടുറാവുവും എച്ച് കെ പാട്ടീലും തമ്മിൽ മന്ത്രിസഭാ വികസന ദിവസം ഷെയർ ചെയ്തതെന്ന് കരുതപ്പെടുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എച്ച് കെ പാട്ടീലിന് മന്ത്രിസഭയിൽ ഇടം കിട്ടിയെങ്കിലും ഇഷ്ടവകുപ്പ് ലഭിച്ചിട്ടില്ല. സിദ്ധരാമയ്യ മന്ത്രിസഭയിൽ നിയമ- പാർലമെന്ററി വകുപ്പ് മന്ത്രിയായിരുന്നു. ദിനേഷ് ഗുണ്ടുറാവുവിന് മന്ത്രിസ്ഥാനം കിട്ടിയില്ല. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന ദിനേഷ് ഗുണ്ടുറാവു കഴിവുറ്റ മന്ത്രി എന്ന് പേരെടുത്ത പ്രമുഖ നേതാവാണ്. മുൻമുഖ്യമന്ത്രി യശശ്ശരീരനായ ഗുണ്ടുറാവുവിന്റെ മകനായ ഇദ്ദേഹം പി സി സി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ്സിലെ ഏക ബ്രാഹ്മണ എം എൽ എയായ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ അനുയായികൾ പ്രതിഷേധിച്ചിരുന്നു. ദളിത് വിഭാഗത്തിന്റെ മുതിർന്ന നേതാവും മൈസൂരു സ്വദേശിയുമായ എച്ച് കെ മഹാദേവപ്പയ്‌ക്ക് മന്ത്രിസ്ഥാനം നല്കാത്തതിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ക്ഷോഭിച്ചിരിക്കുകയാണെന്നു പരാതിപ്പെടുന്നത് അദ്ദേഹത്തിന്റെ മകനും നഗരവികസന മന്ത്രിയുമായ യതീന്ദ്രയാണ്. സിദ്ധരാമയ്യയുടെ കീഴിൽ സാമൂഹ്യക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മഹാദേവപ്പയും സിദ്ധരാമയ്യയും അടുത്ത സുഹൃത്തുക്കളുമാണ്. സിദ്ധരാമയ്യ ആദ്യം നൽകിയ പട്ടികയിലും അന്തിമപട്ടികയിലും മഹാദേവപ്പയുടെ പേര് പ്രാധാന്യത്തോടെ പരാമർശിച്ചിട്ടും പരിഗണിക്കാതിരുന്നതാണ് സിദ്ധരാമയ്യയെ ചൊടിപ്പിച്ചതെന്ന് യതീന്ദ്ര കുറ്റപ്പെടുത്തുന്നു. മഹാദേവപ്പയെ വെട്ടി പകരം ആ സമുദായത്തെ തന്നെ പ്രതിനിധീകരിക്കുന്ന പി എം നരേന്ദ്ര സ്വാമിയെയാണ് ഡി കെ മന്ത്രിസഭയിലെടുത്തത്. ദാവൺഗെരെ സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർഥിയ്ക്ക് എതിരെ പ്രവർത്തിച്ചു എന്ന ഗുരുതരമായ ആരോപണം നേരിട്ട പ്രമുഖ മുസ്ലിംനേതാവ് സമീർ അഹമ്മദ് ഖാന് മന്ത്രിസ്ഥാനം നൽകരുതെന്ന് സിദ്ധരാമയ്യ നിർദ്ദേശിച്ചിരുന്നത്രെ. എന്നാൽ സമീർ അഹമ്മദ് ഖാൻ മന്ത്രിസഭയിൽ കടന്നുകൂടിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. മൈസൂരുവിൽ നിന്നുള്ള മുതിർന്ന നേതാവായ തൻവീർ സേട്ടിനെ പരിഗണിക്കാതിരുന്നത് സിദ്ധരാമയ്യയുടെ എതിർപ്പുകൊണ്ടാണെന്ന ആരോപണവും യതീന്ദ്ര തള്ളി. സമീർ അഹമ്മദ് ഖാനോടൊപ്പം മുസ്ലിം വിഭാഗത്തിൽ നിന്ന് മന്ത്രിസ്ഥാനം ലഭിച്ചത് യുവനേതാവ് റിസ്വാൻ അർഷാദിനാണ്. മുതിർന്നവരും പുതുമുഖങ്ങളും ഉൾപ്പെടെ പതിനാറോളം എംഎൽഎമാർ അസംതൃപ്തരും നിരാശിതരുമാണ്. ചിലർ എം എൽ എ സ്ഥാനം രാജിവെക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പലവിധ കാരണങ്ങളാൽ സിദ്ധരാമയ്യ അസ്വസ്ഥനും അസംതൃപ്തനുമാണെന്നാണ് കേൾക്കുന്നത്.
Photo Courtesy - Google










