02:18am 28 June 2026
NEWS
കെ.സുരേഷ്‌കുമാറിന്റെ 'വി.എസ്സിനൊപ്പം എന്റെ ദിനങ്ങൾ' എന്ന പുസ്തകത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അഡീഷണൽ തഹസീൽദാർ എം.ഐ. രവീന്ദ്രൻ; നിരോധിക്കേണ്ട പുസ്തകം; നിയമപരമായി തന്നെ നേരിടുമെന്നും നിലപാട്
27/06/2026  11:23 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കെ.സുരേഷ്‌കുമാറിന്റെ വി.എസ്സിനൊപ്പം എന്റെ ദിനങ്ങൾ എന്ന പുസ്തകത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അഡീഷണൽ തഹസീൽദാർ എം.ഐ. രവീന്ദ്രൻ; നിരോധിക്കേണ്ട പുസ്തകം; നിയമപരമായി തന്നെ നേരിടുമെന്നും നിലപാട്

ഇക്കാലത്ത് ഏറ്റവും വാണിജ്യമൂല്യമുള്ളത് വിവാദങ്ങൾക്കാണ്. സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ അതു പ്രചരിപ്പിക്കാനുള്ള സാധ്യതയും വർദ്ധിച്ചു. ഇപ്പോൾ പുസ്തകരചനയിലൂടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് പല ഐഎഎസ് ഓഫീസർമാരും. അതിൽ ഏറ്റവും പുതിയതാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ കെ.സുരേഷ്‌കുമാറിന്റെ പുസ്തകം. 'വി.എസ്സിനൊപ്പം എന്റെ ദിനങ്ങൾ' എന്നാണു പുസ്തകത്തിന്റെ പേര്. പേരു സൂചിപ്പിക്കുന്നതുപോലെ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി തനിക്കുണ്ടായിരുന്ന ബന്ധത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്താനാണ് ഇങ്ങനെയൊരു പുസ്തകം രചിച്ചിരിക്കുന്നതെന്നു തോന്നുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സർവീസ്‌സ്റ്റോറി  മലയാറ്റൂർ രാമകൃഷ്ണൻ ഐഎഎസ്സിന്റെ 'എന്റെ ഐഎഎസ് ദിനങ്ങൾ' ആണെന്നു പറയാം. വ്യക്തിഗത അനുഭവങ്ങളാണു പറയുന്നതെങ്കിലും അതിൽ ഭരണസംവിധാനത്തിന്റെ നേർസാക്ഷ്യം ദർശിക്കാൻ കഴിയും. ജന്മനാ സാഹിത്യകാരനായതുകൊണ്ടാണ് പാരായണക്ഷമതയിലും ആ കൃതി മുമ്പിൽ നിൽക്കുന്നത്.

കെ. സുരേഷ്‌കുമാറിന്റെ സർവീസ് സ്റ്റോറി ഇതുപോലെ സമഗ്രമായ ഒരു രചനയല്ല. ഒരു പ്രത്യേകമായ കാലഘട്ടം-തന്റെ ബന്ധങ്ങൾ-നിലപാടുകൾ എന്നിവയൊക്കെ വെളിപ്പെടുത്തുന്നു  എന്നേയുള്ളൂ. പക്ഷേ അറിഞ്ഞോ അറിയാതെയോ ഈ പുസ്തകം സംബന്ധിച്ച് ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. മുൻ അഡീഷണൽ തഹസീൽദാർ എം.ഐ. രവീന്ദ്രനെക്കുറിച്ചുള്ള പരാമർശമാണ് വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. കൈക്കൂലി വാങ്ങി അനധികൃതമായി പട്ടയം നൽകി എന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് എം.ഐ. രവീന്ദ്രനെതിരെ ഉന്നയിച്ചിരിക്കുന്നത്. പക്ഷെ ഈ പരാമർശങ്ങൾ വെറും ആരോപണങ്ങളായോ വിവാദങ്ങളായോ കെട്ടടങ്ങുന്നില്ല. തന്നെ അപമാനിക്കാനുള്ള ബോധപൂർവ്വമുള്ള ശ്രമമായാണ് മുൻ അഡീഷണൽ തഹസീൽദാർ എം.ഐ. രവീന്ദ്രൻ ഈ പ്രസ്താവനയെ കാണുന്നത്. അത് ഏറെ പ്രതിഷേധാർഹമാണെന്നുമാത്രമല്ല, താൻ നിയമനടപടിക്കൊരുങ്ങുകയാണെന്നും എം.ഐ. രവീന്ദ്രൻ പറയുന്നു. ഉടൻ തന്നെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 'രവീന്ദ്രൻ പട്ടയം' എന്ന പേരിൽ താൻ നൽകിയ പട്ടയങ്ങളെ വിശേഷിപ്പിക്കുന്നതുപോലും തനിക്ക് അപമാനകരമാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഏറെ കോളിളക്കം സൃഷ്ടിച്ച പട്ടയം നൽകലിന്റെ യഥാർത്ഥ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടും, തനിക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടും മുൻ ദേവികുളം അഡീഷണൽ തഹസീൽദാർ എം.ഐ. രവീന്ദ്രൻ 'കേരളശബ്ദം' എറണാകുളം ബ്യൂറോ ചീഫ് മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു:

? ഒരു കാലത്ത് ഒരുപാടു വിവാദങ്ങൾ സൃഷ്ടിച്ചു കെട്ടടങ്ങിയ വിഷയമാണല്ലോ മൂന്നാറിലെ പട്ടയങ്ങൾ. അതു വീണ്ടും ഇപ്പോൾ കെ.സുരേഷ്‌കുമാർ ഐഎഎസ് ആരോപണവിധേയമാക്കിയിരിക്കുന്നു. ഈ പ്രസ്താവന എങ്ങനെ നോക്കിക്കാണുന്നു.

 തികച്ചും നിരുത്തരവാദപരവും പ്രതിഷേധാർഹവുമായ പരാമർശങ്ങളാണ് കെ.സുരേഷ്‌കുമാർ എന്നെക്കുറിച്ചു നടത്തിയിരിക്കുന്നത്. 'കുപ്രസിദ്ധമായ രവീന്ദ്രൻ പട്ടയം' എന്നൊക്കെയുള്ള പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. രവീന്ദ്രൻ പട്ടയം എന്നൊരു പട്ടയമില്ല. സർക്കാർ നൽകുന്ന പട്ടയങ്ങളെയുള്ളൂ. അതു നൽകാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ മാത്രമാണ് ഞാനും മറ്റുള്ളവരുമൊക്കെ. അതൊന്നും വ്യക്തികളുടെ പേരിൽ പറയുന്നതുതന്നെ ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥനു ചേർന്നതല്ല.

? മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ പറയുന്നതിനിടയ്ക്ക് താങ്കളുടെ പേർ ഉൾപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കാം? 2007-ൽ നടത്തിയ മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി താങ്കൾ നൽകിയ പട്ടയത്തിനു നേരിട്ടു ബന്ധമൊന്നുമില്ലല്ലോ.
 എന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചതാണ്. ഒരുപക്ഷേ എന്നോടുള്ള വ്യക്തിവൈരാഗ്യം തീർത്തതായിരിക്കാം.

? നിങ്ങൾ രണ്ടുപേരും സർക്കാർ സർവീസിൽ ഉണ്ടായിരുന്നവരാണ്. എന്നെങ്കിലും അതു ചെയ്തിട്ടുണ്ടെങ്കിൽ അതു സർക്കാരിനുവേണ്ടി ചെയ്തതാണ്. അതിൽ വ്യക്തിവൈരാഗ്യമുണ്ടാകേണ്ട കാര്യമെന്താണ്.

 അതിനൊരു പശ്ചാത്തലമുണ്ട്. 2007 ലെ മൂന്നാർ കുടിയൊഴിപ്പിക്കൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണല്ലോ. പക്ഷേ യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാതെയുള്ള വാഴ്ത്തുപാട്ടുകളായിരുന്നു മിക്കതും. കാര്യങ്ങൾ ശരിയായി പഠിക്കാത്ത മാധ്യമങ്ങളും അതിനു കൂട്ടുനിന്നു. പക്ഷെ അതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയുണ്ടായിരുന്നതായി സംശയിക്കുന്നവർ ധാരാളമാണ്. ലോകടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച മൂന്നാറിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനും ഇവിടുത്തെ ടൂറിസം സാധ്യതകൾ തന്നെ നശിപ്പിക്കാനുമുള്ള ചിലരുടെ തന്ത്രപരമായ നീക്കമായിരുന്നു അതിനു പിന്നിൽ. ഇതെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഞാൻ പരാതി നൽകിയിരുന്നു. 2010-ൽ ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തരവകുപ്പു സഹമന്ത്രിയുമായിരുന്ന ഘട്ടത്തിൽ, അതായതു 2010 ൽത്തന്നെ ഞാൻ ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹത്തിനു പരാതി നൽകിയിരുന്നു. ഇതേ അവസരത്തിൽത്തന്നെ അന്നു കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയിരുന്നു. എന്റെ വാദഗതികൾ ശരിയാണ് എന്നു പറഞ്ഞുകൊണ്ടുതന്നെ രമേശ് ചെന്നിത്തല മറുപടിയും അയച്ചിരുന്നു. മൂന്നാർ ദൗത്യത്തിന്റെ പേരിൽ അഹങ്കരിച്ചു നടന്നിരുന്ന സുരേഷ്‌കുമാറിന് ഇതു ബുദ്ധിമുട്ടാക്കിയിട്ടുണ്ടാകാം. അല്ലെങ്കിൽ കേന്ദ്ര ഏജൻസിയുടെ വസ്തുനിഷ്ഠമായ ഒരു അന്വേഷണത്തെ അദ്ദേഹം ഭയപ്പെടുന്നുണ്ടാകാം. അതുകൊണ്ടായിരിക്കാം വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്നതിലേക്കു കടന്നത്.

?  കൊട്ടിഘോഷിക്കപ്പെട്ട മൂന്നാർ ദൗത്യം പരാജയമായിരുന്നു എന്നാണോ പറയുന്നത്.

 എന്താ സംശയം? മൂന്നാർ ദൗത്യം തികഞ്ഞ പരാജയമായിരുന്നു. ഒടുവിൽ നാട്ടുകാർ കല്ലെറിഞ്ഞ് അവരെ ഓടിക്കുകയായിരുന്നല്ലോ? വളരെ കഷ്ടപ്പെട്ടു ടൂറിസം മേഖലയിൽ മുതൽ മുടക്കിയ കുറച്ചു സംരംഭകരുടെ പ്രതീക്ഷയും സമ്പത്തും ജീവിതവും തകർത്തു എന്നതല്ലാതെ എന്താണ് മൂന്നാർ ദൗത്യം കൊണ്ട് ഉണ്ടായ നേട്ടം?

? ആ കുടിയൊഴിപ്പിക്കലിൽ രാഷ്ട്രീയമായ മാനം കാണുന്നവരുണ്ട്. ഭരണകർത്താക്കൾ ആവശ്യപ്പെട്ടാൽ ഉദ്യോഗസ്ഥർ അതു നടപ്പിലാക്കണമല്ലോ.
 
തീർച്ചയായും വേണം. സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കുക എന്നതാണ് എക്‌സിക്യൂട്ടിവിന്റെ ചുമതല. പക്ഷേ അത് ഇന്നാട്ടിലെ ന്യായവും ചട്ടവും അനുശാസിക്കുന്ന രീതിയിലായിരിക്കണം. ഇതൊരു ജനാധിപത്യരാജ്യമാണ്. അതുകൊണ്ടുതന്നെ ജനാധിപത്യമര്യാദകൾ പാലിക്കേണ്ടതും ആവശ്യമാണ്.

? ദൗത്യസംഘം ഇതൊന്നും ചെയ്തില്ല എന്നാണോ.

 അതെ. ഒരാൾ ഒരു തെറ്റു ചെയ്തതായി ആരോപണമുണ്ടായാൽ അതേക്കുറിച്ച് അന്വേഷിക്കുക അഥവാ കുറ്റാരോപിതന് പറയാനുള്ളതു കേൾക്കുക ഇതൊക്കെ ജനാധിപത്യമര്യാദയുടെ ഭാഗമാണ്. അനധികൃതമായിട്ടാണു കെട്ടിടം പണിതതെങ്കിൽ ആദ്യം അവർക്കു നോട്ടീസ് നൽകണം. അവരുടെ കൈയിൽ മതിയായ രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെടണം. അതായത് നടപടിക്ക് മുമ്പ് അവരെ കേൾക്കാൻ തയ്യാറാകണമെന്നു സാരം. ഇവിടെ സംഭവിച്ചതെന്താണ്? തലേ ദിവസം വൈകുന്നേരം നോട്ടീസ് കൊടുക്കുക പിറ്റേന്നു രാവിലെ പൊളിക്കുക എല്ലാവർക്കും നോട്ടീസ് കൊടുത്തിട്ടുണ്ടോ എന്നുപോലും സംശയമുണ്ട്. ഇങ്ങനെയാണല്ലോ അവിടെ നടന്നത്. നിയമവും ചട്ടവും പാലിച്ചു ജോലി ചെയ്തു ശീലിച്ച എന്നെപ്പോലെയുള്ളവർക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല.

മാത്രമല്ല സർക്കാർ ഭൂമിയിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിൽ അതു പിടിച്ചെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്. ശതകോടികളുടെ കെട്ടിടങ്ങളാണ് യാതൊരു തത്വദീക്ഷയുമില്ലാതെ തകർത്തുകളഞ്ഞത്. എന്നിട്ട് എന്തുനേടി? മൂന്നാറിലെ കൈയേറ്റങ്ങൾ ഇല്ലാതായോ? അതേസമയം സർക്കാർ പിടിച്ച കെട്ടിടങ്ങൾ നിലനിർത്തിക്കൊണ്ട് മൂന്നാറിലെ ടൂറിസം രംഗത്തു വികസനങ്ങൾ വരുത്തിയിരുന്നെങ്കിലോ? നമ്മുടെ നാടിനും ടൂറിസം മേഖലയ്ക്കും വലിയ മുതൽക്കൂട്ടാകുമായിരുന്നു അത്.

? താങ്കൾക്കെതിരെ വിജിലൻസ് കേസ് ഉണ്ടായിരുന്നതായും അതു സംബന്ധിച്ച ഉപദേശം സ്വീകരിക്കാൻ ഡി.വൈ.എസ്.പി അലക്‌സ് എന്നയാൾ  ചെന്നതായും പുസ്തകത്തിൽ പരാമർശമുണ്ടല്ലോ.

 വസ്തുതയുടെ കണികപോലുമില്ലാത്ത പ്രസ്താവനയാണത്. എന്റെ പേരിൽ ഒരിക്കലും വിജിലൻസ് കേസ് ഉണ്ടായിട്ടില്ല. കുറ്റപത്രം നൽകിയിട്ടില്ല. എന്തിനധികം ഇന്നേ നിമിഷം വരെ ഇതു സംബന്ധിച്ച് ഒരു നോട്ടീസ് പോലും എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിനെതിരെ കൊടുക്കുന്ന കേസിൽ ഇതും ഉൾപ്പെടുത്തുന്നുണ്ട്.

മാത്രമല്ല വിജിലൻസ് കേസ് സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാൻ ഇവിടെ ഡി.വൈ.എസ്.പി ഇദ്ദേഹത്തിന്റെ അടുത്തെത്തേണ്ട കാര്യം എന്താണ്? വിജിലൻസിന് അവരുടേതായ അന്വേഷണസംവിധാനങ്ങൾ ഉണ്ട്. ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ധാരാളം ഉണ്ടാകാറുണ്ട്. അതൊക്കെ ഞാൻ അവഗണിച്ചു വിടുകയായിരുന്നു പതിവ്. ഇനി അതില്ല. അനാവശ്യ ആരോപണങ്ങളും പ്രസ്താവനകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും.

? അഞ്ഞൂറിലേറെ പട്ടയങ്ങൾ നൽകിയെന്നും അതിൽ 250 പട്ടയങ്ങൾ വിറ്റുകാശാക്കി എന്നുമാണല്ലോ മറ്റൊരു ആരോപണം. ഒരു തെളിവുമില്ലാതെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിക്കുമോ.

 തെളിവു ഹാജരാക്കട്ടെ എങ്കിൽ ഞാൻ സമ്മതിക്കാം. തെളിവില്ല എന്നുമാത്രമല്ല എന്നെ ബോധപൂർവ്വം അപമാനിക്കാനുള്ള ലക്ഷ്യമാണ് ആ ആരോപണത്തിനു പിന്നിൽ. ഞാനിതു കൈയും കെട്ടി നോക്കിനിൽക്കില്ല. ശക്തമായ നിയമനടപടി സ്വീകരിക്കും. അതിനുള്ള നിയമോപദേശങ്ങൾ ഞാൻ നേടിക്കഴിഞ്ഞു. മാനനഷ്ടക്കേസ് ഉടൻ തന്നെ ഫയൽ ചെയ്യുന്നതാണ്.

? ഇടതുപക്ഷത്തിനു താൽപ്പര്യമുള്ള 250 അപേക്ഷകർക്ക് പട്ടയം നൽകാനാണ് താങ്കളെ ഏൽപ്പിച്ചതെന്നും, ഈ ഇടതുപക്ഷപട്ടയങ്ങൾക്ക് പുറമെ വേറൊരു 250 പട്ടയങ്ങളും കൂടി നൽകി കാശാക്കി എന്നാണു പുസ്തകത്തിൽ പറയുന്നത്. ഇതൊരു ഗുരുതരമായ ആരോപണമല്ലേ.

 ഗുരുതരം എന്നു കേട്ടാൽ തോന്നും. പക്ഷേ ശുദ്ധ വിവരക്കേടല്ലേ അത്? സർക്കാർ അധികാരം നൽകിയാലും ഒരു ഉദ്യോഗസ്ഥന് സ്വന്തം നിലയിൽ കാശുവാങ്ങി 250 പട്ടയങ്ങളും മറ്റും നൽകാൻ കഴിയുമോ? ഒരു സർക്കാർ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന് അങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ? ഭരണരംഗത്തെ ഉന്നതശ്രേണിയിൽ പ്രവർത്തിച്ചിരുന്ന സുരേഷ്‌കുമാറിനെപ്പോലുള്ള ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെ നിരുത്തരവാദപരമായ ആരോപണം ഉന്നയിക്കുന്നത് ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. എന്തായാലും ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണ് ഞാൻ നേരത്തെ സൂചിപ്പിച്ച മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നത്. അഡ്വക്കേറ്റ് രാംകുമാർ സാറുമായി ഞാൻ സംസാരിച്ചുകഴിഞ്ഞു.

? അഞ്ഞൂറു പട്ടയങ്ങളുടെ കഥ പിന്നെ എങ്ങനെ കിട്ടിയതാകും. 

 അതിനൊരു പശ്ചാത്തലമുണ്ട്. അഞ്ഞൂറല്ല അഞ്ഞൂറ്റി മുപ്പതു പട്ടയങ്ങളാണ് മൊത്തം എനിക്കു നൽകേണ്ടിവന്നത്. ഇടുക്കി ജില്ലാ കളക്ടർ ഗവൺമെന്റ് ഓർഡറിലൂടെ എന്നെ ചുമതലപ്പെടുത്തിയതാണ്.
അക്കാലത്ത് സർക്കാർ തൊടുപുഴയിൽ ഒരു പട്ടയമേള സംഘടിപ്പിച്ചു. ഭൂരഹിതരായ അഞ്ഞൂറ്റി മുപ്പതുപേർക്ക് ആ മേളയിൽ വച്ചു പട്ടയം നൽകുക എന്നതായിരുന്നു സർക്കാർ പദ്ധതി. ഇതു നടപ്പാക്കാനായിട്ടാണ് അഡീഷണൽ തഹസീൽദാർ ആയിരുന്ന എനിക്ക് സർക്കാർ ഉത്തരവിലൂടെ ഇതിന്റെ ചുമതലകൂടി തന്നത്. അതു ചട്ടപ്രകാരം തന്നെ ഇടുക്കി ജില്ലാ കളക്ടർ ചെയ്തതാണ്.

സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്നു ഈ പട്ടയമേള. അതു സമയബന്ധിതമായി നടപ്പിലാക്കാനാണ് ഞങ്ങളെ ചുമതലപ്പെടുത്തിയത്. അത് കൃത്യമായിത്തന്നെ ഞങ്ങൾ ചെയ്യുകയും ചെയ്തു. അന്നത്തെ റവന്യൂമന്ത്രി നേരിട്ടാണ് പട്ടയ വിതരണം നടത്തിയതും. ഇതിനൊക്കെ രേഖകളും തെളിവുകളുമുണ്ട്. അതുകൊണ്ടാണു ഞാൻ കോടതിയിൽ പോകുമെന്ന് ഉറപ്പു പറയുന്നത്.

? സുരേഷ്‌കുമാർ ഐഎഎസ്സിന്റെ പുസ്തകം നിരോധിക്കണം എന്നൊരു ആവശ്യം ഉന്നയിച്ചുകണ്ടല്ലോ? താങ്കളെക്കുറിച്ചുള്ള പരാമർശം ഉള്ളതുകൊണ്ടാണോ.

 അല്ല. അതു ഞാൻ കോടതിയിൽ ചോദ്യം ചെയ്യുമെന്നു പറഞ്ഞല്ലോ. നിരോധിക്കണമെന്നു പറയാൻ കാരണങ്ങൾ മറ്റു പലതുമാണ്. സർക്കാർ ഉദ്യോഗസ്ഥരെ ഒന്നടങ്കം അധിക്ഷേപിച്ചിരിക്കുകയാണ് അതിൽ. അദ്ദേഹമൊഴികെ എല്ലാവരും അഴിമതിക്കാരാണ് എന്ന മട്ടിലാണ് എഴുത്ത്. റവന്യൂ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്തിരുന്ന നിവേദിത പി ഹരനെ ഒക്കെ എത്ര നീചമായിട്ടാണു ചിത്രീകരിക്കുന്നത്. ഇങ്ങനെ കുറെപ്പേരെ അധിക്ഷേപിച്ചതുകൊണ്ട് അദ്ദേഹത്തിനെന്താണു നേട്ടം എന്നു മനസ്സിലാകുന്നില്ല. എന്തായാലും സമൂഹത്തിന് അതു തെറ്റായ സന്ദേശം നൽകും. അതുകൊണ്ടാണു നിരോധിക്കണം എന്നാവശ്യപ്പെട്ടത്.

? സിബിഐ അന്വേഷണം വേണമെന്ന് 2010-ൽ ആവശ്യപ്പെട്ടതാണല്ലോ. ഇപ്പോഴും ആ ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോ.

 തീർച്ചയായും. കാരണം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിച്ചെങ്കിൽ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തിൽ വസ്തുതകൾ പുറത്തു വരുകയുള്ളൂ.
അന്ന് മൂന്നാറിൽ നടന്നതൊക്കെ ചട്ടവിരുദ്ധമായ നടപടികളാണ്. ശരിക്കുപറഞ്ഞാൽ സർക്കാരിന്റെ പ്രഖ്യാപിത നയത്തിനും എതിരായിരുന്നു.  സ്വകാര്യപങ്കാളിത്തത്തോടുകൂടി സംസ്ഥാനത്ത് ടൂറിസം വികസിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയം. എന്നാൽ ദൗത്യസംഘം ഇതിനെതിരായി നീങ്ങി. നടപടിക്രമങ്ങൾ പാലിക്കാതെ കോടിക്കണക്കിനു രൂപ മുതൽമുടക്കുള്ള നൂറിലേറെ റിസോർട്ടുകൾ ഇടിച്ചുനിരത്തി.  റിസോർട്ടുകൾ ഇടിച്ചു നിരത്തി വർഷങ്ങൾ കഴിഞ്ഞിട്ടും റിസോർട്ട് ഇരുന്ന സ്ഥലം സർക്കാർ ഭൂമി കൈയേറിയതാണെന്ന് നിയമപരമായി തിട്ടപ്പെടുത്താൻ സാധിച്ചിട്ടില്ല. പിന്നെന്തിനായിരുന്നു ഈ പ്രഹസനം?

സർവീസിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്ക് സർക്കാർ സർവീസ് ചട്ടങ്ങൾ ബാധകമാണ്. റിട്ടയർ ചെയ്തു കഴിയുമ്പോൾ തങ്ങൾക്ക് ആരെക്കുറിച്ചും എന്തും പറയാമെന്ന് ചിലർ കരുതുന്നു. ഇതു ശരിയായ പ്രവണതയല്ല. അതുകൊണ്ടാണ് വസ്തുതാവിരുദ്ധമായ പ്രസ്താവനകൾ അടങ്ങിയ ഈ പുസ്തകം നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം എന്റെ പേരിലുള്ള വൃഥാ ആരോപണങ്ങളെ നിയമനടപടിയിലൂടെ നേരിടുകയും ചെയ്യും. ഇതിനെല്ലാം ഉപരിയാണ് സിബിഐ അന്വേഷണത്തിന്റെ അനിവാര്യത. അത് സർക്കാരിനെ ബോധ്യപ്പെടുത്തി അനുകൂലമായ ഉത്തരവു ലഭിക്കാൻ വേണ്ടി എത്ര ത്യാഗം സഹിച്ചും ഞാൻ മുന്നോട്ടുപോകും. സർവീസ് സ്റ്റോറിയുടെയും ഓർമ്മക്കുറിപ്പിന്റെയും പേരിൽ മറ്റൊരാളെ അവഹേളിക്കാൻ ആർക്കും അവകാശമില്ല. മറ്റുള്ളവർക്ക്  ഇതൊരു പാഠമാകണം. അതിനുവേണ്ടി കൂടിയാണു ഞാൻ പോരാട്ടം തുടങ്ങുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img