06:04pm 26 June 2026
NEWS
​ഗുജറാത്തിൽ ആം ആദ്മി നേതാവായ യുവതി മരിച്ചനിലയിൽ; കൊലപാതകമെന്ന് ആരോപണം
26/06/2026  06:31 AM IST
nila
​ഗുജറാത്തിൽ ആം ആദ്മി നേതാവായ യുവതി മരിച്ചനിലയിൽ; കൊലപാതകമെന്ന് ആരോപണം

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടിൽ 23-കാരിയായ യുവതിയെ വാടക ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജെറ്റ്പൂർ സ്വദേശിനിയായ നന്ദിനി ബോസമിയയെയാണ് ജൂൺ 22-ന് ഗൊണ്ടൽ ക്രോസ്‌റോഡ്‌സിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയല്ല, ലിവ്-ഇൻ പങ്കാളിയായ യുവാവാണ് കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

വിവാഹിതനായ അസ്‌ലം ഹുസൈൻ സമയുമായി നന്ദിനി ലിവിങ് റിലേഷനിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജുനാഗഡിലുള്ള ഭാര്യയെ അസ്‌ലം ഇടയ്ക്കിടെ സന്ദർശിച്ചിരുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നും, മരണത്തിന് മുൻപുള്ള ദിവസങ്ങളിലും വഴക്കുകൾ പതിവായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

മരണത്തിന് തൊട്ടുമുമ്പ് സഹോദരിക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ ജീവിതം അവസാനിപ്പിക്കുകയാണെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നുമാണ് നന്ദിനി പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും കോൾ റെക്കോർഡുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും, ആവശ്യമെങ്കിൽ അസ്‌ലം ഹുസൈനിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.

അതേസമയം, ആത്മഹത്യയെന്ന നിഗമനം കുടുംബം തള്ളിക്കളഞ്ഞു. "അവൾ ജീവനൊടുക്കിയതല്ല. ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നു. കൈകളിൽ മർദനത്തിന്റെ പാടുകളും കഴുത്തിൽ നഖം കൊണ്ട പോറലുകളും ഉണ്ടായിരുന്നു. സംഭവശേഷം അസ്‌ലം ഒളിവിലാണ്. ഫോൺ സ്വിച്ച് ഓഫാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് എന്റെ സഹോദരിക്ക് നീതി ലഭ്യമാക്കണം," എന്ന് നന്ദിനിയുടെ സഹോദരി രൂപാൽ ബോസമിയ ആവശ്യപ്പെട്ടു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഫൊറൻസിക് റിപ്പോർട്ടും മറ്റ് തെളിവുകളും ലഭിച്ച ശേഷമായിരിക്കും തുടർനടപടികളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

2025-ലെ ജെറ്റ്പൂർ നവാഗത് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥിയായിരുന്നു നന്ദിനി. എന്നാൽ, നന്ദിനി പിന്നീട് ഒരു സംഘടനാ ചുമതലയും വഹിച്ചിരുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img