04:13am 27 June 2026
NEWS
ദേശീയ കാവ്യോത്സവം സംഘാടകസമിതി രൂപീകരണവും പ്രഥമപ്രഭാഷണവും ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മദിനത്തില്‍
26/06/2026  07:56 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ കാവ്യോത്സവം സംഘാടകസമിതി രൂപീകരണവും പ്രഥമപ്രഭാഷണവും ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മദിനത്തില്‍

കൊച്ചി : 1936ല്‍ രചിച്ച ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മണിനാദം, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്‍, വൈലോപ്പിള്ളി ശ്രീധരന്‍ മേനോന്റെ മാമ്പഴം എന്നീ കവിതകളുടെ 90-ാം വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ കാവ്യോത്സവം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 18, 19, 20 തിയതി
കളില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് കാവ്യോത്സവം. എഴുത്തുകാരും വായനക്കാരും സാഹിത്യകാരന്മാരും പങ്കെടുക്കുന്ന സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, കവിയരങ്ങുകള്‍, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും. മൂന്ന് കവിതകളും അവയുടെ പഠനങ്ങളും സമാഹരിച്ച് പ്രൊഫ. എം.തോമസ് മാത്യു എഡിറ്റ് ചെയ്ത 'കതിര്‍മ്മ' പുസ്തകവും പ്രസിദ്ധീകരിക്കും. മലയാള ഭാഷയെയും സാഹിത്യത്തെയും കലാതീതമായി പ്രോജ്വലിപ്പിക്കുന്ന മണിനാദം, രമണന്‍, മാമ്പഴം കവിതകളുടെ പഠനവും പുനര്‍വായനയും പുതുതലമുറയ്ക്ക് കൈമാറലുമാണ് കാവ്യോത്സവത്തിന്റെ ലക്ഷ്യം.ദേശീയ കാവ്യോത്സവത്തിനു മുന്നോടിയായി സ്‌കൂള്‍ - കോളെജ് വിദ്യാര്‍ത്ഥികള്‍, പൊതുവിഭാഗം എന്നിങ്ങനെ മൂന്ന് തലങ്ങളില്‍ ചിത്രരചന, കാവ്യലാപനം, പ്രസംഗം, പ്രബന്ധ രചന എന്നീ മല്‍സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മവാര്‍ഷിക ദിനമായ ജൂണ്‍ 30ന് കാവ്യോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അന്നേദിവസം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയില്‍ വൈകീട്ട് അഞ്ചിന് കാവ്യോത്സവ പ്രവേശന പ്രഭാഷണം നടക്കും. മഹാത്മാഗാന്ധി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴയാണ് പ്രഭാഷണം നടത്തുന്നത്. സംഘാടകസമിതിയും അന്ന് രൂപീകരിക്കും. ഹൈബി ഈഡന്‍ എം.പി യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ജി. സജീവ്, ഭാരവാഹികളായ ഡോ. രാജി കെ.പോള്‍, രതീഷ് കുമാര്‍ മാണിക്യമംഗലം എന്നിവര്‍ പ്രസംഗിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img