
ജീവിതത്തിലെ പ്രധാന ആഗ്രഹങ്ങൾ സഫലമാകാനും കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി ക്ഷേത്രങ്ങളിൽ നേർച്ചകൾ നേർന്ന് വഴിപാടുകൾ സമർപ്പിക്കുന്നത് നിരവധി ഭക്തരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ജോലി ലഭിക്കുക, വിവാഹം നടക്കുക, രോഗമുക്തി, സന്താനലാഭം തുടങ്ങിയ പല ആവശ്യങ്ങൾക്കായി ആളുകൾ വിവിധ നേർച്ചകൾ നേരാറുണ്ട്.
എന്നാൽ ചിലപ്പോൾ നേർന്ന വഴിപാട് കൃത്യസമയത്ത് നടത്താൻ കഴിയാതിരിക്കുകയോ, തിരക്കുകൾക്കിടയിൽ അത് മറന്നുപോകുകയോ ചെയ്യാം. പിന്നീട് നേർച്ചയെക്കുറിച്ച് ഓർമ വരുമ്പോൾ എന്ത് ചെയ്യണമെന്ന ആശങ്കയും പലരെയും അലട്ടാറുണ്ട്. വിശ്വാസാചാരങ്ങളിൽ ഇതിനും ഒരു പരിഹാരം നിർദേശിക്കുന്നുണ്ട്.
അത് 'തെറ്റുപണം' സമർപ്പിക്കൽ എന്ന ആചാരമാണ്. ഇതിനായി കുറച്ച് നാണയങ്ങൾ കൈയിൽ എടുത്ത് 'തെറ്റുപണം' എന്ന സങ്കൽപ്പത്തോടെ മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞശേഷം ആദ്യം നേർച്ച നേർന്ന ക്ഷേത്രത്തിൽ സമർപ്പിക്കണമെന്നാണ് വിശ്വാസം.
നേർച്ച ഏത് ക്ഷേത്രത്തിലാണെന്ന് ഓർമയില്ലെങ്കിൽ, അല്ലെങ്കിൽ എന്ത് വഴിപാടാണ് നേർന്നതെന്ന് മറന്നുപോയാൽ, സമീപത്തെ ശിവക്ഷേത്രത്തിലോ വിഷ്ണുക്ഷേത്രത്തിലോ ഭഗവാനോട് ക്ഷമാപണം നടത്തി നാണയങ്ങൾ സമർപ്പിച്ചാലും മതിയെന്നാണ് വിശ്വാസം.
വിശ്വാസപ്രകാരം, ശിവക്ഷേത്രത്തിൽ 'തെറ്റുപണം' സമർപ്പിക്കുമ്പോൾ ക്ഷമാപണമന്ത്രവും, വിഷ്ണുക്ഷേത്രത്തിൽ സമർപ്പിക്കുമ്പോൾ സമർപ്പണമന്ത്രവും ജപിക്കുന്നത് ഉചിതമായി കണക്കാക്കപ്പെടുന്നു.










