
ന്യൂഡൽഹി: ഹർജികൾ സമർപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധിയിലുണ്ടാകുന്ന കാലതാമസം (Condonation of Delay) മാപ്പാക്കി കിട്ടുക എന്നത് ഒരു കക്ഷിയുടെയും അവകാശമല്ലെന്നും, അത് പൂർണ്ണമായും കോടതിയുടെ വിവേചനാധികാരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഡീഷ സർക്കാർ സമർപ്പിച്ച ഒരു ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകുന്നതിൽ ഒഡീഷ സർക്കാർ കാണിച്ച അങ്ങേയറ്റത്തെ അനാസ്ഥയെ കോടതി രൂക്ഷമായി വിമർശിച്ചു. സർക്കാർ സംവിധാനങ്ങളിലെ ഫയൽ നീക്കത്തിലുണ്ടാകുന്ന കാലതാമസം വെറുമൊരു " തൊട്ന്യായം" (Lame excuse) മാത്രമാണെന്ന് കോടതി പറഞ്ഞു.
ഹൈക്കോടതി വിധി വന്ന് നിശ്ചിത സമയപരിധി കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന് കൃത്യമായ വിശദീകരണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
പണ്ട് കാലത്ത് സർക്കാരുകൾക്ക് ഇത്തരം കാര്യങ്ങളിൽ കോടതികൾ ഇളവ് നൽകിയിരുന്നു. എന്നാൽ 2012-ലെ പോസ്റ്റ്മാസ്റ്റർ ജനറൽ vs ലിവിംഗ് മീഡിയ ഇന്ത്യ ലിമിറ്റഡ് കേസ് മുതൽ കോടതികളുടെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ടെന്നും, നിയമപരമായ സമയപരിധി കർശനമായി പാലിക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
"സർക്കാരിനെ ഒരു സാധാരണ കക്ഷിയായി മാത്രമേ കാണാൻ കഴിയൂ. ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് കോടതി കൂട്ടുനിൽക്കില്ല." - സുപ്രീം കോടതി
സ്കൂൾ ജീവനക്കാർക്ക് ഗ്രാന്റ്-ഇൻ-എയ്ഡ് അനുവദിക്കണമെന്ന ട്രൈബ്യൂണൽ ഉത്തരവ് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് ഒഡീഷ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ അപ്പീൽ നൽകാൻ 123 ദിവസവും, പിഴവുകൾ തിരുത്തി വീണ്ടും സമർപ്പിക്കാൻ 96 ദിവസവും വൈകിയത് കോടതി അംഗീകരിച്ചില്ല.
ലിമിറ്റേഷൻ ആക്ട് (Limitation Act, 1963): സാധാരണഗതിയിൽ ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനുള്ളിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകണം. സെക്ഷൻ 5 പ്രകാരം മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഈ കാലതാമസം കോടതി അനുവദിച്ചു നൽകുകയുള്ളൂ.











