
ന്യൂഡൽഹി: അനധികൃതമായി സ്വത്ത് കൈമാറ്റം ചെയ്യുന്നതിനായി വ്യാജരേഖകൾ ചമയ്ക്കുകയും ഭൂമിരേഖകളിൽ കൃത്രിമം നടത്തുകയും ചെയ്തെന്ന ആരോപണം നേരിടുന്ന പൊതുഉദ്യോഗസ്ഥന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 197-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രവൃത്തികളെ ഔദ്യോഗിക ചുമതലയുടെ നിർവഹണമായോ അതിന്റെ ഭാഗമെന്ന നിലയിൽ ചെയ്ത പ്രവൃത്തിയായോ കണക്കാക്കാനാവില്ലെന്നും അതിനാൽ പ്രോസിക്യൂഷന് മുൻകൂർ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ സിറ്റി സർവേ ഓഫീസർക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥനും അലോക് അരാധെയും അടങ്ങിയ ബെഞ്ച് റദ്ദാക്കി.
പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും ശ്രീ സ്വാമി സമർത്ഥ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ മറ്റുള്ളവരുടെ പേരിലേക്കു മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ മറ്റു പ്രതികളുമായി ചേർന്ന് ഭൂമിരേഖകളിൽ കൃത്രിമം നടത്തിയെന്നാണ് ആരോപണം.
പേരുമാറ്റത്തിനുള്ള അപേക്ഷയിൽ മായ്ച്ചുതിരുത്തലുകളും വെട്ടിത്തിരുത്തലുകളും നടത്തിയെന്നും പിന്നീട് ഫോട്ടോയും ഒപ്പും കൈയെഴുത്തിലുള്ള കുറിപ്പും കൂട്ടിച്ചേർത്തെന്നും പരാതിയിൽ ആരോപിച്ചിരുന്നു. അനുബന്ധ രേഖകൾ പരിശോധിക്കാതെയാണ് ഉദ്യോഗസ്ഥൻ പേരുമാറ്റത്തിന് അംഗീകാരം നൽകിയതെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഈ പേരുമാറ്റ എൻട്രി പിന്നീട് ജില്ലാ ഭൂരേഖാ സൂപ്രണ്ട് റദ്ദാക്കിയിരുന്നു.
ക്രിമിനൽ നടപടിച്ചട്ടത്തിലെ 156(3)-ാം വകുപ്പ് പ്രകാരമുള്ള മജിസ്ട്രേറ്റിന്റെ നിർദേശത്തെത്തുടർന്ന് രണ്ടു എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റപത്രങ്ങൾ സമർപ്പിക്കുകയും ചെയ്തു.
എന്നാൽ, ഔദ്യോഗിക ചുമതലയുടെ നിർവഹണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് പൊതുഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുന്നതിന് മുൻകൂർ അനുമതി വേണമെന്ന മഹാരാഷ്ട്രയിലെ നിയമഭേദഗതി ചൂണ്ടിക്കാട്ടി ഹൈക്കോടതി നടപടികൾ റദ്ദാക്കി. അനുമതിക്കായി പരാതിക്കാരൻ സമീപിച്ചത് അധികാരമില്ലാത്ത ഉദ്യോഗസ്ഥനെയാണെന്നും അതിനാൽ 90 ദിവസം കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കുന്ന വ്യവസ്ഥ ബാധകമാകില്ലെന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
ഈ നിലപാട് സുപ്രീം കോടതി അംഗീകരിച്ചില്ല. ആരോപിക്കപ്പെടുന്ന പ്രവൃത്തിക്ക് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ചുമതലയുമായി ന്യായമായ ബന്ധമുണ്ടെങ്കിൽ മാത്രമേ 197-ാം വകുപ്പിന്റെ സംരക്ഷണം ലഭിക്കൂവെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഓം പ്രകാശ് യാദവ് വേഴ്സസ് നിരഞ്ജൻ കുമാർ ഉപാധ്യായ കേസിലെ വിധിയും ബെഞ്ച് ആശ്രയിച്ചു.
വ്യാജരേഖകൾ തയ്യാറാക്കാൻ ഗൂഢാലോചന നടത്തുക, അവ യഥാർഥ രേഖകളായി അവതരിപ്പിക്കുക, അനധികൃത സ്വത്ത് കൈമാറ്റത്തിനായി രേഖകളിൽ കൃത്രിമം നടത്തുക എന്നിവ ഔദ്യോഗിക ചുമതലയുടെ ഭാഗമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
197-ാം വകുപ്പ് ബാധകമല്ലാത്തതിനാൽ അനുമതി നൽകാൻ അധികാരമുള്ള ഉദ്യോഗസ്ഥനെയാണോ പരാതിക്കാരൻ സമീപിച്ചതെന്നോ 90 ദിവസത്തിനുശേഷം അനുമതി ലഭിച്ചതായി കണക്കാക്കാമോയെന്നോ പരിശോധിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
അപ്പീൽ അനുവദിച്ച സുപ്രീം കോടതി രണ്ടു ക്രിമിനൽ കേസുകളും വിചാരണക്കോടതിയിൽ പുനഃസ്ഥാപിച്ചു. കേസുകളുടെ ഗുണദോഷങ്ങൾ വിചാരണക്കോടതി സ്വതന്ത്രമായി പരിശോധിച്ച് തീരുമാനിക്കണമെന്നും നിർദേശിച്ചു.











