ആനക്കൊമ്പ് കേസിൽ മോഹൻലാലിന് അനുകൂലമായി പ്രവർത്തിക്കാൻ വനം ഉദ്യോഗസ്ഥരെ നിർബന്ധിച്ചുവെന്ന് മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിന് അനുകൂലമായി പ്രവർത്തിക്കാനും അദ്ദേഹത്തിനെതിരായ കുറ്റപത്രം പിൻവലിക്കാനും ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കേരള വനം ഉദ്യോഗസ്ഥരെ നിർബന്ധിച്ചതായി റിപ്പോർട്ട്. കേരളത്തിലെ മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇംഗ്ലീഷ് പത്രമായ ദി ഹിന്ദു വാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
"അന്നത്തെ കേരള ചീഫ് സെക്രട്ടറി ടോം ജോസ്, കേസിൽ മോഹൻലാലിനെ സഹായിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ സമ്മതിക്കാൻ വിസമ്മതിച്ചപ്പോൾ ഉദ്യോഗസ്ഥൻ എന്നെ ശകാരിക്കുകയും കേസിൽ നിയമപരമായി അനുവദനീയമായ നടപടികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന് പറയുകയും ചെയ്തു," - സുരേന്ദ്രകുമാർ പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സുരേന്ദ്രകുമാറിന്റെ ആരോപണം ടോം ജോസ് നിഷേധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അത്തരമൊരു സംഭവം തനിക്ക് ഓർമ്മയില്ലെന്ന് ജോസ് പറഞ്ഞു. "ഫോറസ്റ്റ് ഓഫീസറുടെ കൈവശം തന്റെ ആരോപണം തെളിയിക്കാൻ എന്തെങ്കിലും തെളിവുണ്ടെങ്കിൽ, അദ്ദേഹം അത് കൊണ്ടുവരട്ടെ," എന്നായിരുന്നു ടോം ജോസിന്റെ പ്രതികരണം.











