08:51pm 08 October 2026
NEWS
‘സ്വന്തം വീട്ടുപറമ്പിൽ ഒരു മരം പോലുമില്ലേ?’; ഉന്നത വനപാലകനെതിരെ വാട്സാപ്പിൽ ശബ്ദസന്ദേശം, ഡ്രൈവർക്കു സസ്പെൻഷൻ
08/10/2026  06:43 AM IST
nila
‘സ്വന്തം വീട്ടുപറമ്പിൽ ഒരു മരം പോലുമില്ലേ?’; ഉന്നത വനപാലകനെതിരെ വാട്സാപ്പിൽ ശബ്ദസന്ദേശം, ഡ്രൈവർക്കു സസ്പെൻഷൻ

കുമളി: മേലുദ്യോഗസ്ഥൻ പൊരിവെയിലത്ത് ഒന്നര മണിക്കൂറോളം നിർത്തിയതിലുള്ള പ്രതിഷേധം വാട്സാപ്പിലൂടെ രേഖപ്പെടുത്തിയ വനംവകുപ്പ് ഡ്രൈവർക്കു സസ്പെൻഷൻ. ഉന്നത വനപാലകനെതിരെ കടുത്ത പരാമർശങ്ങളടങ്ങിയ ശബ്ദസന്ദേശം അയച്ചതിനാണ് ഡ്രൈവർക്കെതിരെ നടപടി.

കോട്ടയത്ത് സേവനമനുഷ്ഠിക്കുന്ന ഉന്നത വനപാലകന്റെ ആവശ്യപ്രകാരം പെരിയാർ കടുവസങ്കേതത്തിലെ ഔദ്യോഗിക വാഹനം തിരുവനന്തപുരത്തെ സ്വകാര്യ വസതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഡ്രൈവർ. യാത്രയ്ക്കിടെ ഗതാഗതക്കുരുക്ക് നേരിട്ടതോടെ ഉദ്യോഗസ്ഥന്റെ വീട്ടിലെത്താൻ വൈകി.

ഇതിനു പിന്നാലെയാണ് ഡ്രൈവറെ ഉദ്യോഗസ്ഥൻ പൊരിവെയിലത്ത് ഏറെനേരം നിർത്തിയതെന്നാണ് ആരോപണം. ഏകദേശം ഒന്നര മണിക്കൂറോളം വെയിലത്ത് നിർത്തിയെന്നായിരുന്നു ഡ്രൈവർ പിന്നീട് അയച്ച ശബ്ദസന്ദേശത്തിൽ പറഞ്ഞത്. വനപാലകനെ കോട്ടയത്ത് എത്തിച്ചശേഷം ഡ്രൈവർ തേക്കടിയിലേക്ക് മടങ്ങി.

തേക്കടിയിൽ തിരിച്ചെത്തിയശേഷം മദ്യലഹരിയിൽ ഡ്രൈവർ വാട്സാപ്പിലൂടെ ശബ്ദസന്ദേശം അയച്ചെന്നാണ് വനംവകുപ്പിന്റെ ആരോപണം. ‘സ്വന്തം വീട്ടുപറമ്പിൽ തണലിന് ഒരു മരം പോലും വളർത്താത്ത ആളാണോ ഉന്നത വനപാലകൻ’ എന്നതടക്കമുള്ള പരാമർശങ്ങളാണ് സന്ദേശത്തിലുണ്ടായിരുന്നത്.

ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. ഡ്രൈവർക്കെതിരായ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img