04:46pm 30 June 2026
NEWS
​39 വർഷത്തെ കാത്തിരിപ്പ്; കൊളുക്കുമലയിലെ ഹാരിസൺ കമ്പനിയുടെ 100 ഏക്കർ ഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചു
30/06/2026  08:53 AM IST
സുരേഷ് വണ്ടന്നൂർ
​39 വർഷത്തെ കാത്തിരിപ്പ്; കൊളുക്കുമലയിലെ ഹാരിസൺ കമ്പനിയുടെ 100 ഏക്കർ ഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചു

മൂന്നാർ/ തിരുവനന്തപുരം: വനംവകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റിക്കവറികളിൽ (ഭൂമി തിരിച്ചുപിടിക്കൽ) ഒന്നായി കൊളുക്കുമലയിലെ ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനി കൈവശപ്പെടുത്തിയിരുന്ന 100 ഏക്കറോളം (42.72 ഹെക്ടർ) ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ചോലവനങ്ങളും പുൽമേടുകളും നിറഞ്ഞ, കോടികൾ വിലമതിക്കുന്ന ഭൂമിയാണിത്. തിരിച്ചുപിടിച്ച ഭൂമിയുടെ അതിർത്തികളിൽ വനംവകുപ്പ് ഉടൻ തന്നെ ബോർഡുകൾ സ്ഥാപിച്ച് ജണ്ടകെട്ടി തിരിക്കും.
​ഹൈക്കോടതി വിധി വന്ന് നീണ്ട 39 വർഷങ്ങൾക്ക് ശേഷമാണ് വനംവകുപ്പിന് ഈ ഭൂമി പൂർണ്ണമായി ഏറ്റെടുക്കാൻ സാധിച്ചത്. റവന്യൂ വകുപ്പ് ഡിജിറ്റൽ സർവേയറുടെ സഹായത്തോടെ രണ്ടു മാസത്തോളമായി നടത്തിയ സർവേ നടപടികൾ പൂർത്തിയാക്കിയാണ് ഭൂമി വനംവകുപ്പിന്റെ അധീനതയിലാക്കിയത്. ഹാരിസൺ കമ്പനി പ്രതിനിധിയുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.
​സംസ്ഥാനത്തെ ഏറ്റവും ഉയരത്തിലുള്ള പ്രശസ്തമായ ടെന്റ് ക്യാമ്പിംഗ് നടന്നിരുന്നതും ഈ ഭൂമിയിലായിരുന്നു. ഇതും വനംവകുപ്പ് ഒഴിപ്പിച്ചിട്ടുണ്ട്.
​കൈയേറ്റ മാഫിയയുടെ ഇടപെടലുകൾ; നീണ്ടത് 4 പതിറ്റാണ്ട്
​1971-ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആന്റ് അസൈൻമെന്റ് ആക്ട് പ്രകാരം ഹാരിസൺ മലയാളം കമ്പനിയുടെ അപ്പർ സൂര്യനെല്ലി എസ്റ്റേറ്റിൽ നിന്ന് 210.89 ഏക്കർ ഭൂമി വനംവകുപ്പ് ഏറ്റെടുത്തിരുന്നു. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം ആരംഭിക്കുന്നത്.
​ഭൂമി തിരിച്ചുപിടിക്കലിന്റെ നാൾവഴി:
​1987: വിറകിനായി യൂക്കാലി പ്ലാന്റ് ചെയ്തിരിക്കുന്ന ഭൂമി തിരികെ നൽകാനും, ബാക്കി വരുന്ന 42.72 ഹെക്ടർ (ഏകദേശം 100 ഏക്കർ) വനഭൂമി ഏറ്റെടുക്കാനും ഹൈക്കോടതി സർക്കാരിന് അനുമതി നൽകി.
​1991: വിധി നടപ്പാക്കാൻ പലതവണ ശ്രമിച്ചെങ്കിലും കൈയേറ്റ മാഫിയയുടെ ഇടപെടലുകളും രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണം ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു.
​2001: ഈ ഭൂമി റിസർവ് വനമായി വിജ്ഞാപനം ചെയ്തിട്ടും ഉദ്യോഗസ്ഥതലത്തിലെ അനാസ്ഥമൂലം കമ്പനി ഭൂമി വിട്ടുനൽകിയില്ല.
​2025-26: ഭൂമി ഏറ്റെടുക്കാൻ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കുകയും റവന്യൂ ഡിജിറ്റൽ സർവേ പൂർത്തിയാക്കുകയും ചെയ്തു. ഇതോടെ ഭൂമി വിട്ടുകൊടുക്കാൻ കമ്പനി നിർബന്ധിതരാവുകയായിരുന്നു.
​നടപടിക്ക് നേതൃത്വം നൽകിയവർ: ഹൈറേഞ്ച് സർക്കിൾ കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.കെ. വിനോദ് കുമാറിന്റെ നിർദേശപ്രകാരം ദേവികുളം റേഞ്ച് ഓഫീസർ ഇ.ഡി. അരുൺകുമാർ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഹാരിസൺ ശശി, ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. സജീവ് കുമാർ, സാജു ടി.ആർ, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് എസ്. അൻപുമണി എന്നിവരടങ്ങിയ സംഘമാണ് ദൗത്യം പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img