04:37pm 27 June 2026
NEWS
ഇന്ത്യ വിനിയോഗിച്ചത് സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന് വിദേശകാര്യ സെക്രട്ടറി
07/05/2025  11:38 AM IST
nila
ഇന്ത്യ വിനിയോഗിച്ചത് സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന് വിദേശകാര്യ സെക്രട്ടറി

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടി സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിങ് കമാൻഡർ വ്യോമിക സിങ്ങും കേണൽ സോഫിയ ഖുറേഷിയും അദ്ദേഹത്തിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തിന് കൃത്യമായ കണക്കുകൂട്ടലോടെ, ഉത്തരവാദിത്തത്തോടെ, ആനുപാതികമായ മറുപടി നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 

 പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം തുടങ്ങി രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ വീഡിയോ പങ്കുവച്ചാണ് സൈന്യത്തിന്റെ വാർത്താ സമ്മേളനം തുടങ്ങിയത്. ഏറ്റവും ക്രൂരമായ ആക്രമണത്തിന് മറുപടി നൽകിയെന്ന് വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് പുലർച്ചെ തിരിച്ചടിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തിന് പിന്നിൽ ടിആർഎഫ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബയും ജയ്‌ഷെ മുഹമ്മദുമാണ് ടിആർഎഫ് പോലുള്ള സംഘടനകൾക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ തീവ്രവാദത്തിന് പ്രോത്സാഹനം നൽകിയിരുന്നു. ജമ്മു കശ്മീറിനെ തകർക്കാനുള്ള ശ്രമം ആയിരുന്നു. രാജ്യത്ത് വർഗീയത പടർത്താനും ശ്രമിച്ചു. ആ ശ്രമമങ്ങളെ രാജ്യം ചെറുത് തോൽപിച്ചു. ടിആർഎഫുമായി ബന്ധം ഇല്ലെന്ന് വരുത്താൻ പാകിസ്താൻ പരമാവധി ശ്രമിച്ചു. പഹൽഗാം ആക്രമണത്തിൽ രാജ്യം ശക്തമായ നിലപാട് എടുത്തു. ഇന്ത്യ നയതന്ത്ര തലത്തിൽ നടപടികൾ സ്വീകരിച്ചു. ഇന്നത്തെ തിരിച്ചടി അനിവാര്യം – വിക്രം മിസ്രി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img