05:21am 13 November 2026
NEWS
വിദേശ നാവികർ കൊച്ചിയിൽ ; ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ പരിശീലനം പൂർത്തിയായി, ഇനി പര്യടനം
28/03/2026  12:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വിദേശ നാവികർ കൊച്ചിയിൽ;ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ പരിശീലനം പൂർത്തിയായി, ഇനി പര്യടനം

 


കൊച്ചി:  വിദേശ നാവികസേനകളുമായി ചേർന്ന് ഇന്ത്യൻ നാവികസേന നടത്തുന്ന ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ (ഐ.ഒ.എസ് സാഗർ) സംയുക്ത പരിശീലന, സഹകരണ പദ്ധതിയുടെ ആദ്യഘട്ടം കൊച്ചി നേവൽ കമാൻഡിൽ പൂർത്തിയായി. 

ഐ.ഒ.എസ് സാഗറിൻ്റെ ഭാഗമായുള്ള തുറമുഖ പരിശീലന ഘട്ടമാണ് ( ഹാർബർ ട്രെയ്നിങ് ഫെയ്സ്) കൊച്ചിയിലെ നാവിക പരിശീലന കേന്ദ്രങ്ങളിൽ പൂർത്തിയായത്. 

എന്താണ് ഐ.ഒ.എസ് സാഗർ?

ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട (ഐ.ഒ.ആർ) സൗഹൃദ രാജ്യങ്ങളിലെ നാവിക സേനകളുമായി ചേർന്ന് ഐ.ഒ.ആർ സമുദ്ര മേഖലയിൽ പരസ്പര സഹകരണം വളർത്താം ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഐ.ഒ.എസ് സാഗർ അഥവാ ഇന്ത്യൻ ഓഷ്യൻഷിപ്പ് സാഗർ. സമുദ്ര സുരക്ഷ, കടൽക്കൊള്ളക്കാർ, സമുദ്രമാർഗമുള്ള ലഹരി കടത്തുകാർ, ആയുധ കടത്തുകാർ എന്നീ ഭീഷണികൾ നേരിടുന്നതിനൊപ്പം സമുദ്ര മേഖലയിൽ ഉണ്ടാകുന്ന അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ നേരിടുന്നതിനുള്ള പരസ്പര സഹകരണം ഐ.ഒ.എസ് സാഗറിൻ്റെ ലക്ഷ്യമാണ്.

രണ്ടാം എഡിഷൻ

ഐ.ഒ.എസ് സാഗറിൻ്റെ രണ്ടാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഇന്ത്യൻ നാവിക സേനയുടെ എതെങ്കിലും ഒരു പടക്കപ്പൽ ഈ കാലയളവിൽ ഐ.ഒ.എസ് സാഗർ എന്ന പേരിലറിയപ്പെടും. 
 കടൽക്കൊള്ള‌ക്കാരെ നേരിടാൻ കെൽപ്പുള്ള നാവികസേനയുടെ ഐ.എൻ.എസ് സുനേനയാണ് ഇത്തവണ സാഗറായി അറിയപ്പെടുന്നത്. ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ആദ്യ ഘട്ട പരിശീലനം പൂർത്തിയായാൽ ഇന്ത്യയുടെയും വിദേശത്തെയും  നാവിക സേനാംഗങ്ങളുമായി ഐ.ഒ.എസ് സാഗർ പര്യടനം ആരംഭിക്കും. 

16 രാജ്യങ്ങൾ
 16 രാജ്യങ്ങളിലെ നാവിക സേനാംഗങ്ങളാണ്  ഐ.ഒ.എസ് സാഗറിൽ പങ്കാളികളാകുന്നത്.
കെനിയ, യു.എ.ഇ, തായ്ലൻഡ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ്, മൊസാംബിക്ക്, മ്യാൻമാർ, മലേഷ്യ, തിമോർ, താൻസാനിയ, സീഷെയ്ൽസ്, ശ്രീലങ്ക  തുടങ്ങിയ രാജ്യങ്ങൾ ഇതിലുൾപ്പെടുന്നു.    

ദക്ഷിണ നാവിക സേനയുടെ കൊച്ചിയിലെ നാവിക പരിശീലന സ്കൂളുകളിൽ രണ്ടാഴ്ചയോളം നീണ്ട പ്രൊഫഷണൽ പരിശീലനത്തിൽ വിദേശ നാവികർ പങ്കെടുത്തു. സീമാൻഷിപ്പ്, നാവിഗേഷൻ, സമുദ്ര വാർത്താവിനിമയം, സമുദ്ര സുരക്ഷ, അഗ്നി രക്ഷാ സംവിധാനങ്ങൾ എന്നിവയിൽ പരിശീലനം നൽകി. കൂടാതെ, സമുദ്രത്തിൽ അപകടത്തിൽപ്പെടുന്ന കപ്പലുകൾ, കടൽക്കൊള്ളക്കാരുടെയും കള്ളക്കടത്തുകാരുടെയും  കപ്പലുകളിൽ  പ്രവേശിച്ച് പരിശോധന നടത്തുന്നതിനുള്ള വിസിറ്റ്, ബോർഡ് ,സെർച്ച്, സീസർ (വി ബി എസ് എസ് ) ഓപ്പറേഷൻസും അഡ്വാൻസ്ഡ് ബ്രിഡ്ജ് മാൻഷിപ്പും നടന്നു. വിദേശ നാവികർക്ക് ഇന്ത്യൻ നാവിക സേനയുടെ പ്രവർത്തനങ്ങൾ മനസിലാക്കാനും പരസ്പര സഹകരണം ശക്തമാക്കാനും ഇത് സഹായിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img