
ദോഹ: വിദേശ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്ന് നേടുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം (Attestation/Accreditation) നൽകുന്നതിലെ മാനദണ്ഡങ്ങളും നിരസിക്കപ്പെടാൻ സാധ്യതയുള്ള കാരണങ്ങളും വ്യക്തമാക്കി ഖത്തർ വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. മന്ത്രാലയത്തിലെ സീനിയർ ടെക്നിക്കൽ അഫയേഴ്സ് സ്പെഷ്യലിസ്റ്റ് അബ്ദുള്ള അലി അൽ-മുഖ്ബാലിയാണ് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിദ്യാർത്ഥികളെ ശിക്ഷിക്കുകയല്ല മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും, ഓരോ അപേക്ഷയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി പഠിച്ച വിദേശ സർവകലാശാലയ്ക്ക് ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരമുണ്ടോ എന്നും, അവരുടെ പഠനരീതി ഖത്തർ അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങൾക്ക് അനുസൃതമാണോ എന്നും പ്രാഥമികമായി പരിശോധിക്കും.സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥിയുടെ പഠന രീതിയും ക്രമവും പരിശോധിക്കും. ഈ ഘട്ടങ്ങളിലെ തുടർച്ച ഖത്തറിന്റെ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടുന്നതായിരിക്കണം.പ്രധാന സർവകലാശാലയുടെ പേരിലുള്ള ശാഖകളിലാണ് പഠിച്ചതെങ്കിൽ, ആ ബ്രാഞ്ചിന് ഔദ്യോഗിക അംഗീകാരമുണ്ടോ എന്ന് ഉറപ്പുവരുത്തും. മാതൃ സർവകലാശാലയിൽ നിന്ന് മാറി മറ്റ് ഏജൻസികൾ സ്വതന്ത്രമായി നടത്തുന്ന ശാഖകളിലെ പഠനം അംഗീകരിക്കില്ല.
വിദ്യാർത്ഥിയുടെ പഠനകാലയളവിലെ ഒരു ഭാഗം അംഗീകരിക്കപ്പെട്ടതും മറ്റൊരു ഭാഗം അംഗീകാരമില്ലാത്തതുമാണെങ്കിൽ, അംഗീകൃത ഭാഗം പരിഗണിക്കും. ബാക്കി ഭാഗം നിശ്ചിത നിബന്ധനകളോടെ പൂർത്തിയാക്കാൻ വിദ്യാർത്ഥിക്ക് അവസരം നൽകും. എന്നാൽ സർട്ടിഫിക്കറ്റ് പൂർണ്ണമായും മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അംഗീകാരം ലഭിക്കില്ല.
വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഖത്തറിലെ വിദ്യാർത്ഥികൾ കോഴ്സുകളും സർവകലാശാലകളും തിരഞ്ഞെടുക്കുന്നതിന് മുൻപ് മന്ത്രാലയത്തിന്റെ അംഗീകൃത പട്ടികയിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.










