
ദോഹ: ഫോർഡ്, പ്യൂഷോ, ഡ്യുക്കാറ്റി ബ്രാൻഡുകളിലെ ചില മോഡൽ വാഹനങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ മൂലംതിരിച്ചുവിളിക്കുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
ഫോർഡ് ഡീലർഷിപ്പായ അൽമാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് ഫോർഡ് ടെറിറ്ററി 2023, 2024 മോഡലുകളാണ് തിരിച്ചുവിളിച്ചത്. ചില വാഹനങ്ങളിലെ ഡ്രൈവ്ഷാഫ്റ്റ് ഭാഗത്തുള്ള റബ്ബറിന് കാലക്രമേണ തേയ്മാനം സംഭവിക്കാമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.
പ്യൂഷോ ഡീലർഷിപ്പായ ടെയ്സീർ മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് പ്യൂഷോ 2008, പാർട്ണർ 2024, 2025 മോഡലുകളും തിരിച്ചുവിളിച്ചതായി മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ (ESC) സംവിധാനത്തിലെ കാലിബ്രേഷൻ പിശകാണ് കാരണം.
അൽഫാർദൻ മോട്ടോർസൈക്കിള്സ് കമ്പനിയുമായി ചേർന്ന് ഡ്യുക്കാട്ടി പാനിഗേൽ V4 R 2018–2024 മോഡലുകളും തിരിച്ചുവിളിച്ചു. പിന്നിലെ ചക്രവുമായി ബന്ധപ്പെട്ട തകരാറാണ് ഇതിന് കാരണം. വാഹനങ്ങളുടെ സേഫ്റ്റി സ്റ്റാറ്റസ് പരിശോധിക്കാനും, ആവശ്യമായാൽ അധികൃത ഡീലർഷിപ്പുകളുമായി ബന്ധപ്പെടാനുംമന്ത്രാലയം ഉപഭോക്താക്കളോട് നിർദേശിച്ചു.











