07:53am 06 November 2026
NEWS
ഫോർ മൈ ലവ്: ഇത്തവണ ഖത്തറിലേക്കെത്തുന്നത് 14 ഇണകൾ
25/01/2025  11:12 PM IST
ഫോർ മൈ ലവ്: ഇത്തവണ ഖത്തറിലേക്കെത്തുന്നത് 14 ഇണകൾ

ദോഹ: ഖത്തറിലെ പ്രവാസ സമൂഹത്തിൻ്റെ മുഴുവൻ പ്രശംസ നേടിയ ഫോർ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ അഞ്ചാമത് എഡിഷൻ ഫെബ്രുവരിയിൽ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെ സഹകരണത്തോടുകൂടി വർഷംതോറും സംഘടിപ്പിക്കുന്ന ഈ സാമൂഹ്യ സേവന പരിപാടിയുടെ ഭാഗമായി ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തുക. പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത 14 പ്രവാസികളുടെ ഭാര്യമാരാണ് തികച്ചും സൗജന്യമായി ഒരാഴ്ച ഖത്തർ സന്ദർശിക്കുക. ഫെബ്രുവരി 18 ന് ദോഹയിലെത്തുന്ന ഇവർ തുടർന്നുള്ള ദിവസങ്ങളിൽ, തങ്ങളുടെ ഭർത്താക്കന്മാർ ജീവിതത്തിൻ്റെ ഏറിയ പങ്കും ചിലവഴിച്ച പ്രവാസ ഭൂമിക നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. ഫെബ്രുവരി 19 ന് ഹോളിഡേ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ചിരിക്കുന്ന കമ്യൂണിറ്റി റിസപ്ഷനിൽ പൗര പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്ന 14 ദമ്പതികൾക്ക് പുറമെ ഖത്തറിൽ തന്നെയുള്ള അർഹരായ 5 മുതിർന്ന പ്രവാസികളെ കൂടി ചടങ്ങിൽ ആദരിക്കും. 2018ൽ 10 ഇണകൾക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭർത്താക്കന്മാരെ സന്ദർശിക്കാൻ അവസരം ഒരുക്കി ആരംഭിച്ച ഫോർ മൈ ലവ് ഓരോ വർഷവും ഓരോ ദമ്പതിമാരെ വീതം വർദ്ധിപ്പിച്ച് 2024 ൽ പതിനാലു പേർക്ക് അവസരം നൽകുകയാണെന്ന് സംഘാടകരായ റേഡിയോ മലയാളം അറിയിച്ചു. കുടുംബം ഉണ്ടായിരിക്കെ തന്നെ നിരവധി പതിറ്റാണ്ടുകൾ പ്രവാസത്തിൽ ഒറ്റക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികൾക്കുള്ള ആദരവും കൂടിയാണ് ഫോർ മൈ ലവ്. മാതൃരാജ്യത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ആദ്യകാല പ്രവാസത്തെ പുതിയ തലമുറ അംഗീകരിക്കുകയും അവരുടെ ത്യാഗത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രചോദനമാകുന്നതെന്നും ഈ പരിപാടിയുടെ വിജയത്തിൽ ഖത്തറിലെ മുഴുവൻ പ്രവാസ സമൂഹവും വഹിക്കുന്ന പങ്ക് കൃതജ്ഞതാപൂർവ്വം ഓർമ്മിക്കുകയാണെന്നും സംഘാടകർ പറഞ്ഞു. ചുരുങ്ങിയത് ഇരുപത്തിയഞ്ച് വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദ്ദേശം ചെയ്യുന്ന 14 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്. റേഡിയോ മലയാളം & ക്യുഎഫ് എം സി ഇ ഒ അൻവർ ഹുസൈൻ, ഡപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ലോഞ്ചിംഗ് പരിപാടിയിൽ ഫോർ മൈ ലവ് മായി സഹകരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു. വിവരങ്ങൾക്ക്: രതീഷ്: 50416868 / നൗഫൽ: 66406856 / അൻവർ: 66260218

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img