
ദോഹ: റേഡിയോ മലയാളം 98.6 എഫ്എം വർഷം തോറും നടത്തി വരുന്ന സാമൂഹ്യ ഉത്തരവാദിത്വ പരിപാടിയുടെ ഭാഗമായി ഇത്തവണ ഖത്തറിലേക്കെത്തുക പത്ത് ഭാര്യമാരും ഒപ്പം അഞ്ച് അമ്മമാരും. ഖത്തറിലെ പ്രവാസ സമൂഹത്തിൻ്റെ മുഴുവൻ പ്രശംസ നേടിയ ഫോർ മൈ ലവ് സാമൂഹ്യ സേവന പരിപാടിയുടെ ആറാമത് എഡിഷൻ ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുമെന്ന് മുഖ്യ സംഘാടകരായ റേഡിയോ മലയാളം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖത്തർ ഇന്ത്യൻ സമൂഹത്തിന്റെസഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി, ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അർഹരായ 10 പേരുടെ ഭാര്യമാരും, ഒപ്പം, നാട്ടിൽ ഒറ്റക്ക് കഴിയുന്ന ഖത്തർ പ്രവാസികളുടെ അമ്മമാരിൽ നിന്നും തെരഞ്ഞെടുത്ത അഞ്ചു പേരുമാണ് ഇത്തവണ ഒരാഴ്ചത്തെ സന്ദർശനത്തിന് ഖത്തറിൽ എത്തുക. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ ഏറെക്കുറെ ഒറ്റക്ക് കഴിയുന്ന അമ്മമാരെ കൂടി ഈ പ്രാവശ്യം ഫോർ മൈ ലവ് പരിപാടിയുടെ ഭാഗമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കൽ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങൾ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത പ്രവാസികളുടെ ഭാര്യമാരാണ് തികച്ചും സൗജന്യമായി ഒരാഴ്ച ഖത്തർ സന്ദർശിക്കുക. ഫെബ്രുവരി 9 ന് ദോഹയിലെത്തുന്ന ഇവർ തുടർന്നുള്ള ദിവസങ്ങളിൽ, തങ്ങളുടെ ഭർത്താക്കന്മാരും മക്കളും ജീവിതത്തിൻ്റെ ഏറിയ പങ്കും ചിലവഴിച്ച പ്രവാസ ഭൂമിക നേരിട്ട് കാണുകയും വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. ഫെബ്രുവരി 10 ന് നടക്കുന്ന പൗര സ്വീകരണത്തിൽ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരുമടക്കം നിരവധി പേർ പങ്കെടുക്കും. ചടങ്ങിൽ 10 ദമ്പതികളെയും അഞ്ച് അമ്മമാരെയും ആദരിക്കും.
2018ൽ 10 ഇണകൾക്ക് ഖത്തറിലേക്ക് തങ്ങളുടെ ഭർത്താക്കന്മാരെ സന്ദർശിക്കാൻ അവസരം ഒരുക്കി ആരംഭിച്ച ഫോർ മൈ ലവ് ഓരോ വർഷവും ഓരോ ദമ്പതിമാരെ വീതം വർദ്ധിപ്പിച്ച് 2025 ൽ പതിനാലു പേർക്ക് അവസരം നൽകുകയുണ്ടായി. ഖത്തർ പ്രവാസി സമൂഹത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തവണ അർഹരായ 5 അമ്മമാരെ കൂടി പരിപാടിയുടെ ഭാഗമാക്കിയത് എന്ന് സംഘാടകരായ റേഡിയോ മലയാളം അറിയിച്ചു. കുടുംബം ഉണ്ടായിരിക്കെ തന്നെ നിരവധി പതിറ്റാണ്ടുകൾ പ്രവാസത്തിൽ ഒറ്റക്ക് ജീവിക്കേണ്ടിവരുന്ന പ്രവാസികൾക്കുള്ള ആദരവും കൂടിയാണ് ഫോർ മൈ ലവ്. മാതൃരാജ്യത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ച ആദ്യകാല പ്രവാസത്തെ പുതിയ തലമുറ അംഗീകരിക്കുകയും അവരുടെ ത്യാഗത്തെ ആദരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുവാൻ പ്രചോദനമാകുന്നതെന്നും ഈ പരിപാടിയുടെ വിജയത്തിൽ ഖത്തറിലെ മുഴുവൻ പ്രവാസ സമൂഹവും വഹിക്കുന്ന പങ്ക് കൃതജ്ഞതാപൂർവ്വം ഓർമ്മിക്കുകയാണെന്നും സംഘാടകർ പറഞ്ഞു.
ചുരുങ്ങിയത് ഇരുപത്തിയഞ്ച് വർഷമെങ്കിലുമായി ഖത്തറിൽ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളിൽ നിന്നും റേഡിയോ ശ്രോതാക്കൾ നാമനിർദ്ദേശം ചെയ്യുന്നവരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തുന്നത്.
റേഡിയോ മലയാളം & ക്യുഎഫ് എം സി ഇ ഒ അൻവർ ഹുസൈൻ, ഡപ്യൂട്ടി ജനറൽ മാനേജർ നൗഫൽ അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ലോഞ്ചിംഗ് പരിപാടിയിൽ ഫോർ മൈ ലവ് മായി സഹകരിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു.
--------------------------------
വിവരങ്ങൾക്ക്:
രതീഷ്: 50416868 / നൗഫൽ: 66406856 / അൻവർ: 66260218











