
സൗത്ത് യോർക്ഷറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവാവ് ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. ഡിസംബർ 14-ന് വൈകുന്നേരം ഷെഫീൽഡിൽ നിന്ന് വർക്ക്സോപ്പിലേക്ക് പോകുകയായിരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവിനെ ഒരു യുവതി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
സംഭവവുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന യുവതിയുടെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് പൊലീസ് അറിയിച്ചു.
പുറത്തുവിട്ട ചിത്രത്തിൽ, നീണ്ട മുടിയുള്ള യുവതി പച്ച നിറത്തിലുള്ള കാർഡിഗനും കറുത്ത മിനി ഷോർട്ട്സും ധരിച്ച നിലയിലാണ് കാണപ്പെടുന്നത്. ചിത്രത്തിലെ യുവതിയെ തിരിച്ചറിയുന്നവരോ സംഭവത്തെക്കുറിച്ച് വിവരമുള്ളവരോ പൊലീസ് അധികൃതരെ ഉടൻ ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.











