
ഒരു യുവതിയോട് യൂണിഫോമിലുള്ള പൊലീസുകാരൻ മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള ദൃശ്യങ്ങളെന്നാണ് നെറ്റിസൺസ് വ്യക്തമാക്കുന്നത്. ഒരു തായ് സ്പാ സെന്ററിന് സമീപത്തുനിന്ന് ചിത്രീകരിച്ച വീഡിയോയാണ് പ്രചരിക്കുന്നത്. ഒരു യുവതിയും രണ്ട് യൂണിഫോം ധരിച്ച വ്യക്തികളുമാണ് ദൃശ്യങ്ങളുള്ളത്. ഇവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണെന്നും മറ്റെയാൾ സുരക്ഷാ ജീവനക്കാരനാണെന്നും സാമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ അവകാശപ്പെടുന്നു.
ദൃശ്യങ്ങളിൽ യുവതിയുമായി സംസാരിക്കുന്നതിനിടെ പോലീസ് യൂണിഫോമിലുള്ള വ്യക്തി അവരെ അനുചിതമായി സ്പർശിക്കുന്നതായി തോന്നിക്കുന്ന രംഗങ്ങളുണ്ട്. യുവതിയുടെ മുടി മാറ്റുകയും കഴുത്തിൽ സ്പർശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രധാനമായും വിമർശനങ്ങൾക്ക് ഇടയാക്കിയത്. സംഭവം ആരോ ശ്രദ്ധിക്കുന്നതായി തോന്നിയതോടെ ഇയാൾ പെട്ടെന്ന് പിന്നിലേക്ക് മാറുന്നതും വീഡിയോയിൽ കാണാം.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. യൂണിഫോമിലുള്ള ഒരാളിൽ നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ വൈറലായ ദൃശ്യങ്ങളുടെ സത്യാവസ്ഥ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വീഡിയോ എപ്പോൾ, എവിടെ ചിത്രീകരിച്ചതാണെന്ന കാര്യത്തിലും വ്യക്തതയില്ല. കൂടാതെ, ദൃശ്യങ്ങളിൽ കാണുന്ന വ്യക്തി യഥാർത്ഥത്തിൽ ഹരിയാന പോലീസിലെ ഉദ്യോഗസ്ഥനാണോ എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതിനാൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും വസ്തുതകൾ പുറത്തുകൊണ്ടുവരികയും വേണമെന്നാണ് പൊതുജനങ്ങളുടെയും സമൂഹമാധ്യമ ഉപയോക്താക്കളുടെയും ആവശ്യം. വിഷയത്തിൽ ഹരിയാന പോലീസിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.










