
തണുപ്പുകാലത്തിന്റെ വരവ് നമ്മുടെ ആരോഗ്യസ്ഥിതിയിലും മാറ്റങ്ങള്‍ വരുത്തുന്നു. ചുമ, പനി, ജലദോഷം ശ്വാസംമുട്ടല്‍ എന്നീ രോഗങ്ങള്‍ തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്നു. അതിനാല്‍ തണുപ്പുകാല ഭക്ഷണത്തില്‍ ശരീരത്തിന് ചൂട് പ്രദാനം ചെയ്യുന്നതും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും ആയിരിക്കാന്‍ ചില പോഷകങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ മുതലായ പോഷകങ്ങളും, പ്രോട്ടീനും, നല്ല കൊഴുപ്പും അടങ്ങിയ ഭക്ഷണം ആരോഗ്യം നിലനിര്‍ത്താനും ചര്‍മ്മ സംരക്ഷണത്തിനും അനിവാര്യമാണ്. കൂടാതെ സീസണല്‍ അണുബാധകള്‍ തടയുകയും, ദഹന വ്യവസ്ഥ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുകയും വേണം.
ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു. ഉദാ: പഴങ്ങള്‍, പച്ചക്കറികള്‍, ഉണങ്ങിയ പഴങ്ങള്‍, നട്‌സ്, മുഴുധാന്യങ്ങള്‍, ചില സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവ.
കടുംനിറത്തിലുള്ള (പര്‍പ്പിള്‍, ചുവപ്പ്, ഓറഞ്ച്) പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് (ഉദാ: തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്).
കടല്‍ വിഭവങ്ങള്‍, ചീര, പയര്‍, നട്‌സ് എന്നീ സിങ്ക് അടങ്ങിയ ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള ശാരീരിക കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അയണ്‍, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ഇലക്കറികള്‍, പാല്‍, മുട്ട, ചീസ്, കടല എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ശരീരതാപം ഉയര്‍ത്താം
തണുപ്പുകാലത്ത് ശാരീരിക താപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗണ്‍ റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
ദാഹം കൂടുതല്‍ തോന്നിയില്ലെങ്കിലും ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീന്‍ ടീ, ഇഞ്ചിയും പുതിനയും തേനും ചേര്‍ന്ന ചായ, കുരുമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത പാല്‍ എന്നിവയും കുടിയ്ക്കാം. അത്താഴത്തിന് മുമ്പ് വെജിറ്റബിള്‍ സൂപ്പ്, ചിക്കന്‍ സൂപ്പ് എന്നിവ കഴിക്കുന്നതും ഉന്മേഷം നല്‍കും.
വ്യായാമവും ഉറക്കവും പ്രധാനം
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വിറ്റാമിന്‍ ഡി ഉറപ്പു വരുത്തും. യോഗ, പ്രാണയാമം, സൂര്യനമസ്‌ക്കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കും. അര മണിക്കൂര്‍ ലഘു വ്യായാമവും ഏഴ് മണിക്കൂര്‍ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തില്‍തന്നെ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശരിയായ ചികിത്സ ഉറപ്പുവരുത്തുക.
ഇതോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് വൃത്തിയുള്ള ജീവിത സാഹചര്യവും ആഹാരവും. പുറത്തുനിന്നും ആഹാരം കഴിക്കുന്നവര്‍ ആണെങ്കില്‍ ഭക്ഷണത്തിന്റെ പോഷകഗുണത്തോടൊപ്പം തന്നെ ശുചിത്വവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. വൃത്തിയുള്ള സാഹചര്യത്തില്‍ കൃത്യമായ രീതിയില്‍ പാചകം ചെയ്ത ഭക്ഷണം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനേക്കാള്‍ ഉപരി വ്യക്തി ശുചിത്വം പാലിക്കേണ്ടത് വളരെ പ്രാധാന്യമാണ്. ഈ കാര്യങ്ങളൊക്കെ പാലിക്കുന്നതിലൂടെ ഒരു പരിധി വരെ രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യകരമായ ഒരു തണുപ്പുകാലം ആസ്വദിക്കാനും സാധിക്കുന്നു.
Photo Courtesy - Google











