
ദോഹ: ഭക്ഷ്യസുരക്ഷ എന്നത് ദേശീയ സുരക്ഷയുടെയും സാമ്പത്തിക സ്ഥിരതയുടെയും അടിസ്ഥാന തൂണാണെന്ന് ഖത്തർ നഗരസഭ കാര്യ മന്ത്രി (Minister of Municipality) ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അതീറ പ്രസ്താവിച്ചു. വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വിപുലമാക്കണമെന്നും, ആധുനിക കാർഷിക സാങ്കേതികവിദ്യകളിലും ഇന്നൊവേഷനുകളിലും നിക്ഷേപം ഇറക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വ്യാഴാഴ്ച വീഡിയോ കോൺഫറൻസ് വഴി നടന്ന 'അറബ് ഓർഗനൈസേഷൻ ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്‌മെന്റ്' ജനറൽ അസംബ്ലിയുടെ 39-ാമത് സമ്മേളനത്തിൽ ഖത്തരി പ്രതിനിധി സംഘത്തെ നയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുസ്ഥിരമായ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് അനുഭവസമ്പത്ത് പങ്കുവെക്കാനും ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത അറബ് നീക്കങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.സംഘടനയുടെ മുൻ സെഷനിലെ അധ്യക്ഷ പദവിയിലൂടെ മികച്ച സംഭാവനകൾ നൽകിയ സൗദി അറേബ്യയ്ക്കും അവിടുത്തെ പരിസ്ഥിതി, ജലം, കാർഷിക മന്ത്രി എൻജിനീയർ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്ലിക്കും ഖത്തറിന്റെ നന്ദിയും അഭിനന്ദനവും മന്ത്രി അറിയിച്ചു.ജനറൽ അസംബ്ലിയുടെ പുതിയ അധ്യക്ഷ പദവി ഏറ്റെടുത്ത കുവൈത്തിന് സമ്മേളനത്തിൽ മന്ത്രി ആശംസകൾ നേർന്നു. കുവൈത്തിന്റെ നേതൃത്വത്തിൽ കാർഷിക മേഖലയ്ക്കും അറബ് ഭക്ഷ്യസുരക്ഷയ്ക്കും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ, പദ്ധതികൾ, കാർഷിക വികസന മേഖലയിലെ അറബ് സഹകരണം ശക്തമാക്കാനുള്ള വഴികൾ എന്നിവ ജനറൽ അസംബ്ലി വിശദമായി ചർച്ച ചെയ്യുകയും ആവശ്യമായ തീരുമാനങ്ങളും ശുപാർശകളും രേഖപ്പെടുത്തുകയും ചെയ്തു. പൊതുതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനും മറ്റ് അറബ് രാജ്യങ്ങളുമായുള്ള ഏകോപനവും സഹകരണവും ഖത്തർ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.










