
ദോഹ: രാജ്യത്തെ തന്ത്രപ്രധാനമായ ഭക്ഷ്യശേഖരവും (Strategic Stock) ഉപഭോക്തൃ ഉൽപ്പന്നങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുമാണ് പുതിയ നിയമം (Law No. 4 of 2026) ലക്ഷ്യമിടുന്നത്.
അംഗീകൃത ലിസ്റ്റിലുള്ള പ്രധാന വിതരണക്കാർക്കോ വ്യാപാരികൾക്കോ മാത്രമേ തന്ത്രപ്രധാനമായ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യാൻ അനുവാദമുള്ളൂ.ഉൽപ്പന്നങ്ങളുടെ കൈമാറ്റവും ശേഖരവും നിരീക്ഷിക്കാൻ മന്ത്രാലയത്തിന്റെ പ്രത്യേക ഇലക്ട്രോണിക് ലിങ്കിംഗ് സംവിധാനത്തിൽ വ്യാപാരികൾ നിർബന്ധമായും കണക്ട് ചെയ്തിരിക്കണം.പൊതുതാൽപ്പര്യം മുൻനിർത്തി ചില തന്ത്രപ്രധാനമായ ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയോ പുനർകയറ്റുമതിയോ നിരോധിക്കാൻ മന്ത്രാലയത്തിന് അധികാരമുണ്ടാകും.നിയമം ലംഘിക്കുന്നവർക്ക് പരമാവധി മൂന്ന് വർഷം തടവും 10 ലക്ഷം (ഒരു ദശലക്ഷം) ഖത്തർ റിയാൽ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിക്കുകയാണെങ്കിൽ ശിക്ഷ ഇരട്ടിയാക്കും. അതേസമയം, കേസ് കോടതിയിലെത്തുന്നതിന് മുൻപായി പിഴയടച്ച് ഒത്തുതീർപ്പാക്കാനുള്ള വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ വിതരണം തടസ്സപ്പെടാതിരിക്കാനും ലക്ഷ്യമിട്ടുള്ള ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.











