04:34pm 10 November 2026
NEWS
ഷവർമയും ഷവായിയും കോംബോ ഓഫറിൽ; കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കടയ്ക്കാവൂരിലെ ഭക്ഷണശാല പ്രവർത്തിച്ചത് അനുമതിയില്ലാതെ
02/07/2026  11:01 AM IST
nila
 ഷവർമയും ഷവായിയും കോംബോ ഓഫറിൽ; കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; കടയ്ക്കാവൂരിലെ ഭക്ഷണശാല പ്രവർത്തിച്ചത് അനുമതിയില്ലാതെ

ചിറയിൻകീഴ്: കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിൽ നിന്ന് ഷവർമയും ഷവായിയും കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് ഇവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടി. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.

കടയ്ക്കാവൂർ, ആയാന്റെവിള, അഞ്ചുതെങ്ങ് വാട, ഊട്ടുപറമ്പ് എന്നിവിടങ്ങളിലെ സ്വദേശികളാണ് ചികിത്സ തേടിയവരിൽ ഭൂരിഭാഗവും. സംഭവത്തെ തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസിലും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകി.

സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന 'സിഗ്നേച്ചർ ഡിഷസ്' എന്ന സ്ഥാപനത്തിൽ കോംബോ ഓഫറിലൂടെ ഷവർമയും ഷവായിയും ലഭ്യമാക്കുന്ന പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി സ്ഥാപനം അടച്ചുപൂട്ടി. ആവശ്യമായ ലൈസൻസും അനുമതിയും ഇല്ലാതെയാണ് കട പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img