05:26pm 02 May 2026
NEWS
അന്നം പരബ്രഹ്മം; ജീവിതമാർഗ്ഗവും; പരിശ്രമങ്ങൾക്കും യാതനകൾക്കുമിടയിൽ ഭക്ഷണലോകത്ത് തന്റേതായ ഐഡന്റിറ്റി സ്വന്തമാക്കിയ ഷെഫ് നളൻ
04/01/2026  06:42 PM IST
എ.കെ.എസ്‌
അന്നം പരബ്രഹ്മം; ജീവിതമാർഗ്ഗവും; പരിശ്രമങ്ങൾക്കും യാതനകൾക്കുമിടയിൽ ഭക്ഷണലോകത്ത് തന്റേതായ ഐഡന്റിറ്റി സ്വന്തമാക്കിയ ഷെഫ് നളൻ

Dine like a king എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. രാജകീയമായി കഴിക്കുക. വാരിവലിച്ച് കഴിക്കാതെ, കഴിക്കുന്നത് സമയം കൊടുത്ത് ആസ്വദിച്ചുകഴിക്കുക എന്നതിൽ വിശ്വസിക്കുന്നു.

ഒരു വലിയ കാലയളവ് ദുബായിൽ വളരെ നന്നായി ജീവിച്ചിരുന്ന താങ്കളുടെ കുടുംബത്തിന് അവിടെ എല്ലാം ഉപേക്ഷിച്ചു ഇങ്ങോട്ട് വരേണ്ടി വന്നു. അതിന്റെ കാരണം?

മുപ്പത് വർഷത്തോളം എന്റെ ഒന്നരവയസ്സ് മുതൽ ഞാൻ അബുദാബിയിൽ ആയിരുന്നു. എന്റെ ഫസ്റ്റ് ഹോം യു.എ.ഇലാണ്. എന്റെ അച്ഛൻ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ അഡ്മിനിസ്‌ട്രേറ്റർ ഓഫീസറായിരുന്നു. കുറച്ചുനാൾ മാത്രമാണ് ഞാൻ കുട്ടിക്കാലത്ത് നാട്ടിൽ ഉണ്ടായിരുന്നത്. 2002 ലാണ് ഞാൻ വിവാഹം കഴിക്കുന്നത്. അതും വളരെ ചെറിയ പ്രായം. അന്ന് എനിക്ക് നാട്ടിൽ തന്നെ 50000 രൂപ ശമ്പളം ഉണ്ടായിരുന്നു. കുറച്ചു വ്യക്തികളുമായി ഉണ്ടായ എന്റെ ബന്ധം അതാണ് പിഴച്ചുപോയത്. പക്ഷേ ഞാൻ അതൊന്നും ഇപ്പോൾ എടുത്തുപറയുന്നില്ല. അത് മറ്റുപലരെയും വേദനിപ്പിച്ചേക്കാം. ഞാൻ ആയിരുന്നു ശ്രദ്ധിക്കേണ്ടത്. ഞാൻ ആരേയും കുറ്റം പറയുന്നില്ല. എന്റെതന്നെ തെറ്റ് എന്നേ ഞാൻ പറയൂ.

നല്ല ആഡംബര ജീവിതം തന്നെ ആയിരുന്നല്ലോ നയിച്ചിരുന്നത്. പെട്ടെന്ന് താഴേക്ക് പോയപ്പോൾ ഉണ്ടായ വികാരം? ചതിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നുണ്ടോ?

നൂറ് ശതമാനം. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ പിഴവുകൾ ഒന്നും സംഭവിക്കില്ലായിരുന്നു. എന്റെ മകനോട് ഒരു ദിവസം ഞാൻ എന്റെ ഈ വിഷമങ്ങളെല്ലാം പറഞ്ഞിരുന്നു. അപ്പോൾ അവൻ ഒരൊറ്റ മറുപടികൊണ്ട് അതിനെ എല്ലാം ഇല്ലാതാക്കി. ഈ വിഷമങ്ങൾ അല്ലേ അച്ഛാ ഷെഫ് നളനെ ഉണ്ടാക്കിയത് എന്നതായിരുന്നു അവന്റെ മറുപടി.

ദുബായിൽ ആഡംബര ജീവിതം നയിച്ചുകൊണ്ടിരുന്ന ഷൈൻ വിജയനാണോ ഇന്നത്തെ നളൻ ഷെയ്‌നിനെയാണോ കൂടുതൽ ഇഷ്ടം?

എന്റെ അമ്മയുടെ മകൻ ആയി ജീവിച്ച ജീവിതം ആണ് കൂടുതൽ ഇഷ്ടം എന്നതാണ് എന്റെ ഉത്തരം. എന്റെ അമ്മ ഇല്ലെങ്കിൽ ഞാൻ ഇല്ല. എന്റെ അമ്മയുടെ കൂടെ ഞാൻ വളരെ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. എന്റെ അച്ഛനും അമ്മയും എനിക്ക് തന്ന അനുഗ്രഹം അതാണ് എന്നെ വളർത്തിയത്.

കയ്യിൽ ഒന്നും ഇല്ലാതെ കുറെ കേസുകൾ ആയാണ് നാട്ടിൽ എത്തുന്നത്. അന്ന് ഈ ഷൈൻ എന്ന വ്യക്തിക്ക് ജീവിതം തുടരാൻ എന്താണ് നയിച്ചത്?

എല്ലാം നശിച്ചാണ് എത്തിയത്. ഒരുപാട് വായ്പ എടുത്താണ് ഞാൻ തുടർന്നത്. വലിയ ദുരന്തം ആയിരുന്നു അക്കാലം. അന്ന് മകനും ഭാര്യയും ഒരുപാട് വിഷമിച്ചിരുന്നു. ബുദ്ധിമുട്ടിയിരുന്നു. എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉണ്ടായപ്പോഴും എന്റെ കുടുംബം ഒരുപാട് തളർന്ന് പോയിരുന്നു. അന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തിരുന്നു.ഞാൻ നിന്നെ അഭിമാനം കൊള്ളിക്കും. ഉറപ്പാണ്. ഇന്നന്നെക്കുറിച്ച് ഒരു വ്യാജവാർത്ത വന്നു. നാളെ എന്നെക്കുറിച്ച് ഒരു നൂറ് പോസിറ്റീവ് വാർത്ത വരും. ഇപ്പോൾ ഞാൻ എന്നെ ഒരുപാട് ആഘോഷിക്കപ്പെടുന്നു. അവൾക്ക് ഞാൻ കൊടുത്ത വാക്ക് അതേപടി പാലിക്കപ്പെടുന്നു.

ഞാൻ കുക്ക് ചെയ്യും. എപ്പോഴും അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. അന്നം പരബ്രഹ്മം എന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. അതുതന്നെയാണ് ഞാൻ ജീവിതമാർഗ്ഗമായി തെരഞ്ഞെടുത്തതും.

അതിനിടയ്ക്ക് ചൈനയിലും കുറച്ചുകാലം ഉണ്ടായിരുന്നുവല്ലേ?

ഇവിടെ കേസുമായി നടക്കുമ്പോഴാണ് ഞാൻ ചൈനയിലേക്ക് പോകുന്നത്. അഞ്ച് വർഷം ഞാൻ ചൈനയിൽ ഉണ്ടായിരുന്നു. അപ്പോഴും ഞാൻ കേസ് നടത്തിക്കൊണ്ടിരുന്നു. കേസിൽ ഒന്നും ആകാതെ എന്റെ മൂന്ന് വർഷം കടന്നുപോയി. ആദ്യം ഞാൻ ഏൽപ്പിച്ച അഭിഭാഷകൻ എന്നെ ശരിക്കും പറ്റിച്ചു. രണ്ടാമത് ഞാൻ അപ്പോയിന്റ് ചെയ്ത വക്കീലാണ് എന്നെ വിജയിപ്പിച്ചത്.

കേരളത്തിലെ റെസ്റ്റോറന്റുകൾ എല്ലാം പ്രതിസന്ധി നേരിടുന്നുണ്ട് എന്നുപറയുന്നത് ശരിയാണോ?

അതെ. വില കൂടുതലാണെന്നാണ് കസ്റ്റമേഴ്‌സ് പരാതി പറയുന്നത്. ഒരു കിലോ ചിക്കൻ നൂറുരൂപ. ഒരു ബിരിയാണിക്ക് 180 രൂപ. ആളുകളുടെ നിരീക്ഷണം കൊള്ളാം. ചിക്കൻ വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ആകുന്നതിന് പിറകിൽ ഒരുപാട് കഷ്ടപ്പാടുണ്ട്. ചിലവുകൾ ഉണ്ട്. അത് മനസ്സിലാക്കണം. എന്റെ റെസ്റ്റോറന്റിൽ കരിമീൻകറിക്ക് വില കൂടുതൽ ആണെങ്കിൽ അത് വളരെ കഷ്ടപ്പെട്ടുതന്നെയാണ് ഉണ്ടാക്കുന്നത്. അതിൽ കരിമീൻ വാങ്ങുന്നത് മുതൽ ഉള്ള പ്രോസസ് ഉണ്ട്.

ഒരിക്കലും ഒരു റെസ്റ്റോറന്റ് തുടങ്ങരുത് എന്ന് ഞാൻ പുതിയ പിള്ളേരോട് പറയും. അവർ തട്ടുകടകൾ തുടങ്ങട്ടെ. അതാണ് വേണ്ടത്. റെസ്റ്റോറന്റുകൾ തുടങ്ങിയതുകൊണ്ട് ഒരുപാട് പേർ കഷ്ടപ്പെടുന്നുണ്ട്. ഈ ഇൻഡസ്ട്രിയിൽ ഒരു സ്റ്റാൻഡർഡൈസേഷൻ ഇല്ല. അതുവേണം. ഈ മേഖലയിലേക്ക് കൂടുതൽ ആളുകൾ വരാൻ സർക്കാർ പ്രചോദിപ്പിക്കണം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.