08:19am 30 April 2026
NEWS
ഭക്ഷണവിതരണക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ
30/10/2025  12:51 PM IST
nila
ഭക്ഷണവിതരണക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരുവിൽ ഭക്ഷണ വിതരണക്കാരനായ ബൈക്ക് യാത്രികൻ കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകനായ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 25-ന്  പുട്ടണഹള്ളി ശ്രീരാമ ലേഔട്ടിൽ ദർശൻ എന്നയാൾ വാഹനമിടിച്ച് മരിച്ച സംഭവത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്.

ആദ്യം സാധാരണ റോഡപകടമെന്നായി കരുതിയെങ്കിലും, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം ക്രൂരമായ കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. ബൈക്ക് കാറിന്റെ കണ്ണാടിയിൽ തട്ടിയതിനെത്തുടർന്ന് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്ഷമ ചോദിച്ച ദർശൻ ഭക്ഷണ വിതരണത്തിനായി മുന്നോട്ട് പോയെങ്കിലും, പ്രകോപിതനായ മനോജ് അമിതവേഗത്തിൽ കാറോടിച്ച് ദർശന്റെ ബൈക്കിന്റെ പിന്നാലെ ഇടിച്ചു. കനത്ത ഇടിയേറ്റ് ദർശൻ റോഡിൽ വീണു ഗുരുതരമായി പരിക്കേറ്റ് മരിച്ചു.

നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദർശന്റെ സഹോദരി ജെപി നഗർ ട്രാഫിക് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ അപകടത്തിന് മിനിറ്റുകൾക്കുമുമ്പ് ദമ്പതികൾ ദർശനുമായി വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നീട് അപകടത്തിനു ശേഷം കാറിന്റെ തകർന്ന ഭാഗങ്ങൾ ശേഖരിക്കാൻ തിരികെ സ്ഥലത്തെത്തുന്നതും വ്യക്തമായി കാണപ്പെട്ടു.

പൊലീസ് അന്വേഷണത്തിൽ മനോജ് ആദ്യം താൻ ഒറ്റയ്ക്കാണ് കാറിൽ ഉണ്ടായിരുന്നതെന്ന് മൊഴി നൽകിയെങ്കിലും, തുടർന്ന് ഭാര്യ ആരതിയും സംഭവവുമായി ബന്ധപ്പെട്ടതായി തെളിഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തിട്ടുണ്ട്. അവിവാഹിതനായ ദർശൻ മാതാപിതാക്കളും സഹോദരിയും ചേർന്ന് താമസിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img