05:03pm 29 August 2026
NEWS
കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ ജനങ്ങൾ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകി കയറ്റി
29/08/2026  03:07 PM IST
nila
കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്റെ വായിൽ ജനങ്ങൾ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് തിരുകി കയറ്റി

മുംബൈ: കടയുടമയെ സംരക്ഷിക്കാൻ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ജനക്കൂട്ടത്തിന്റെ പ്രതിഷേധം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലാണ് സംഭവം. ഉദ്യോഗസ്ഥന്റെ വായിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റ് ജനങ്ങൾ കുത്തികയറ്റുകയായിരുന്നു. 

പ്രദേശത്തെ ഒരു കടയിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് രണ്ട് വയസ്സുള്ള കുട്ടിക്ക് അസുഖം ബാധിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കുടുംബം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടയിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ കടയുടമയിൽ നിന്ന് കൈക്കൂലി വാങ്ങി പരാതി ഒത്തുതീർപ്പാക്കിയെന്നാണ് നാട്ടുകാരുടെ ആരോപണം.

പരിശോധനയ്ക്കിടെ കടയിൽ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റുകൾ കണ്ടെത്തിയിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ജനക്കൂട്ടം ആരോപിച്ചു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച ജനക്കൂട്ടം കടയിൽനിന്ന് കണ്ടെത്തിയ കാലാവധി കഴിഞ്ഞ ബിസ്‌ക്കറ്റുകൾ വായിലേക്ക് തിരുകാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 

അടുത്തിടെ മഹാരാഷ്ട്ര ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനകളും റെയ്ഡുകളും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനെതിരെ തന്നെ കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img