
ദോഹ: ഖത്തറിലേക്കുള്ള ചരക്ക് നീക്കം സുഗമമാക്കുന്നതിൽ അബു സമ്ര അതിർത്തി കടന്നുപോകുന്നത് നിർണ്ണായക ഘട്ടത്തിലൂടെയാണെന്നും ഏത് സാഹചര്യത്തിലും വിപണിയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ രാജ്യം സജ്ജമാണെന്നും നഗരസഭ മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതീറ. അബു സമ്ര അതിർത്തിയിലെ കസ്റ്റംസ് വിഭാഗം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വിപണികളിൽ തടസ്സമില്ലാതെ സാധനങ്ങൾ എത്തിക്കുന്നതിൽ അതിർത്തി കാത്തുസൂക്ഷിക്കുന്ന ജാഗ്രതയെ മന്ത്രി പ്രശംസിച്ചു.ചരക്ക് ലോറികൾ പരിശോധിക്കുന്ന എക്സ്-റേ സംവിധാനങ്ങളും കസ്റ്റംസ് ക്ലിയറൻസ് പ്ലാറ്റ്‌ഫോമുകളും മന്ത്രി നേരിട്ട് കണ്ട് വിലയിരുത്തി.നഗരസഭ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ കസ്റ്റംസുമായി ചേർന്ന് നടത്തുന്ന സംയുക്ത പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം തന്നെ അവ എത്രയും വേഗം വിപണിയിൽ എത്തിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.വിതരണ ശൃംഖലയുടെ (Supply Chain) കാര്യക്ഷമത വർദ്ധിപ്പിക്കുന്നത് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻകൂട്ടിയുള്ള ആസൂത്രണത്തിലൂടെ രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിിച്ചേർത്തു.











