
ശാസ്താംകോട്ട: വാഹനാപകടത്തിൽ നാടൻപാട്ട് ഗായികക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ഇന്നു രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിൽവെച്ച് നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. സിനിമാപറമ്പിലെ ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് പൊലീസ് നൽകുന്ന സൂചന.
ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്നു യുവാക്കൾക്ക് സാരമായി പരിക്കേറ്റു. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.











